ഇനി നായികയാകേണ്ട; ''അമ്മ വേഷങ്ങൾ ചെയ്താൽ മതി; നടനെതിരെ ചുട്ട മറുപടി നൽകി നടി

റായീസ് എന്ന ബോളിവുഡ് ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ നായികയായി എത്തിയ പാക്കിസ്ഥാന്‍ നടി മഹീറ ഖാന്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. നടിക്ക് പ്രായമായെന്നും ഇനി അമ്മ വേഷങ്ങള്‍ ചെയ്താല്‍ മതിയെന്നും പറഞ്ഞ പാക്ക് നടന്‍ ഫിര്‍ദോസ് ജമാലിനുള്ള മറുപടിയാണ് മഹീറയുടെ കുറിപ്പ്. സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മഹീറ തന്റെ നിലപാട് വ്യക്തമാക്കിയത്.
"നമ്മള്‍ വര്‍ത്തമാനകാലത്താണ്. നമ്മള്‍ എന്തു ചെയ്യുന്നു, എങ്ങനെ ചെയ്യുന്നു എന്നതാണ് നമ്മൂടെ ഭാവി. എന്നെ പിന്തുണച്ച് രംഗത്ത് വന്ന എല്ലാവര്‍ക്കും നന്ദി. ഞാന്‍ ആവശ്യപ്പെടാതെ തന്നെ എനിക്ക് പിന്തുണ നല്‍കി എന്നുള്ളത് ഒരു വലിയ കാര്യമാണ്.
ഒരു കലാകാരിയെന്ന നിലയില്‍ ഞാന്‍ എന്റെ ഇന്‍ഡസ്‍ട്രിയില്‍ അഭിമാനിക്കുന്നു. എന്നെപ്പോലുള്ള ഒരുപാടുപേര്‍ക്ക് വഴി തുറന്നുതന്ന മുതിര്‍ന്ന കലാകാരന്‍മാരോട് നന്ദിയുണ്ട്. എന്നെക്കുറിച്ചും എനിക്ക് അഭിമാനമുണ്ട്. എനിക്ക് ശരി എന്ന് തോന്നിയിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. മറ്റുള്ളവരുടെ ചിന്തകള്‍ക്കനുസരിച്ച് ഞാന്‍ മാറിയിട്ടില്ല. ഇതുപോലെതന്നെ തുടരുകയും ചെയ്യും.
വെറുപ്പ് നിറഞ്ഞ ഈ ലോകത്ത് നമുക്ക് സ്‍നേഹം തെരഞ്ഞെടുക്കാം. മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് നമുക്ക് സഹിഷ്‍ണുതയോടെ നില്‍ക്കാം. വിജയിച്ച സ്ത്രീകളെ പേടിക്കണം എന്ന ആളുകളുടെ ചിന്താഗതിയോട് നമുക്ക് പോരാടാം. പരസ്പരം കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാം. എങ്കില്‍ ഈ ഇന്‍ഡസ്ട്രിയ്ക്കും നമ്മുടെ രാജ്യത്തിനും വലിയ പുരോഗതിയുണ്ടാകും", മഹീറ കുറിച്ചു.
മഹിറാ ഖാന്റെ പ്രായത്തില്‍ നായികവേഷം അഭിനയിക്കാന്‍ കഴിയില്ലെന്നും സാധാരണ കഴിവുകള്‍ മാത്രമുള്ള നടിയാണ് മഹിറയെന്നുമാണ് ഫിര്‍ദോസ് പറഞ്ഞത്. ഫിര്‍ദോസ് ജമാലിനെതിരെ രൂക്ഷപ്രതികരണവുമായി നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.
https://www.facebook.com/Malayalivartha

























