സിനിമാ ക്ലൈമാക്സ് പോലെ... മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന മഞ്ജുവാര്യരുടെ പരാതി ഏറ്റെടുത്ത് സോഷ്യല്‍മീഡിയ; താരമായി, താരദമ്പതികളായി, കുടുംബിനിയായി, വീണ്ടും താരമായി; ഒപ്പം വിവാദവും; ജീവിതത്തിന്റെ സന്നിദ്ധ ഘട്ടത്തില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളായവര്‍ പെട്ടെന്ന് പോലീസില്‍ പരാതിപ്പെട്ടതെന്തിന്?

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മഞ്ജുവാര്യര്‍. മഞ്ജുവിനെ പലപ്പോഴും നടിയെന്നതിലുപരി വീട്ടിലെ ഒരംഗം എന്ന് കാണാനാണ് മലയാളികള്‍ക്കിഷ്ടം. മഞ്ജുവിന്റെ ഓരോ വാര്‍ത്തകളും മലയാളികള്‍ ഏറ്റെടുക്കാന്‍ കാരണവും അതാണ്. പലതരം വിവാദങ്ങള്‍ മഞ്ജുവിനെ തേടിയെത്തിയപ്പോഴും അത് തള്ളിക്കളയാനാണ് മലയാളികള്‍ ആഗ്രഹിച്ചത്.
കലാതിലകമായി വെള്ളിത്തിരയിലെത്തിയ മഞ്ജുവാര്യര്‍ വളരെപ്പെട്ടന്നാണ് മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായത്. ദിലീപുമായുള്ള മഞ്ജുവിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അവസാനം ദിലീപിനെക്കാളും വളര്‍ന്ന് വലിയ താരമായി. ഇരുവരും താരദമ്പതികളുമായി. അവര്‍ക്ക് ഒരു മകളും പിറന്നു. പിന്നീട് ദിലീപ് മലയാളത്തിന്റെ ജനകീയനടനായും മാറി. ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ കാരണം ഇരുവരും വേര്‍പിരിഞ്ഞു. പല കഥകള്‍ പ്രചരിച്ചെങ്കിലും ഇവര്‍ മറുപടി നല്‍കിയില്ല. ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും നടി ആക്രമിക്കപ്പെട്ട കേസില്‍ പെടുകയും ചെയ്തു.
ഇതിനിടെ മഞ്ജുവാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. പരസ്യ ചിത്രത്തിലെ അതികായനായ ശ്രീകുമാര്‍ മേനോനാണ് മഞ്ജുവിന്റെ വരവിന് കളമൊരുക്കിയത്. അമിതാഭച്ചന്‍, സച്ചിന്‍ ടെന്റുല്‍ക്കര്‍, പുനീത് രാജ്കുമാര്‍, ചിരഞ്ജീവി തുടങ്ങി ഒട്ടനവധി സൂപ്പര്‍താരങ്ങളുടെ ബ്രാന്റ് കൈകാര്യം ചെയ്തിരുന്നത് ശ്രീകുമാര്‍ മേനോനായിരുന്നു. കല്യാന്‍ ജ്യുവലേഴ്സിന്റെ പരസ്യത്തില്‍ അമിതാബ് ബച്ചനോടൊപ്പവും ഇന്ത്യയിലെ പ്രമുഖ താരങ്ങളോടൊപ്പവും അഭിനയിപ്പിച്ച് മഞ്ജുവിന് വലിയ മൈലേജ് നല്‍കി.
അങ്ങനെ ഇരുവരും വളരെയേറെ അടുത്തു. ആത്മാര്‍ത്ഥ സുഹൃത്തുക്കളായി. മഞ്ജുവിന്റെ വിജയത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ശ്രീകുമാര്‍ മേനോന്റെ വിജയത്തിന് പിന്നില്‍ മഞ്ജുവുമായി. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ട് മെഗാ ബഡ്ജറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാക്കി മഞ്ജുവിനെ നിശ്ചയിക്കുകയും ചെയ്തു. മോഹന്‍ലാലിന്റെ ജീവിതം മാറ്റിമറിയ്ക്കുമെന്ന് പറഞ്ഞ ഒടിയനും പിന്നെ എംടി വാസുദേവന്‍നായര്‍, ബിആര്‍ ഷെട്ടി കൂട്ടുകെട്ടിലെ രണ്ടാമൂഴവും. ഹൊ ചിന്തിക്കാന്‍ വയ്യ. മഞ്ജുവും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള ബന്ധത്തില്‍ ശത്രുക്കള്‍ പോലും അതിശയിച്ചു. ഇതിനിടെ ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിനെ വിവാഹം കഴിക്കുമെന്നുള്ള ഗോസിപ്പുകളും പരന്നു. എന്നാല്‍ എല്ലാം മാറ്റി മറിച്ചത് ഒടിയനായിരുന്നു. ശ്രീകുമാര്‍ മേനോന്റെ തള്ള് ജനം തള്ളിക്കളഞ്ഞതോടെ എല്ലാം പോയി. മോഹന്‍ലാലിനെ പട്ടിണി കിടത്തി കോലം കെടുത്തിയതിന്റെ ഫലം കിട്ടിയതുമില്ല.
ഒടിയന്റെ പരാജയത്തിന് ശേഷം രണ്ടാമൂഴമാണ് പ്ലാന്‍ ചെയ്തത്. പടം നിര്‍മ്മിക്കുന്നതോ പ്രവാസി വ്യവസായി ബിആര്‍ ഷെട്ടിയും. തിരക്കഥ മലയാളത്തിന്റെ കുലപതി എംടി വാസുദേവന്‍നായരുടേത്. ഒടിയന്‍ പരാജയപ്പെട്ടതോടെ ബിആര്‍ ഷെട്ടി മലക്കംമറിഞ്ഞു. ഇതോടെ എംടി തിരക്കഥ തിരികെ വാങ്ങി. ഇതോടെ ശ്രീകുമാര്‍ മേനോന്റെ സിനിമാ ജീവിതത്തിനും താത്ക്കാലിക വിരാമമായി.
ഒടിയന്റെ വിജയത്തിന് മഞ്ജു സ്വന്തം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തില്ല എന്നു പറഞ്ഞ് കൊണ്ടാണ് ശ്രീകുമാര്‍ മേനോന്‍ ആദ്യം രംഗത്തെത്തിയത്. ആ അസ്വാരസ്യം കടുത്ത് കടുത്തുപോയി. എന്നാല്‍ പ്രതികരിക്കാന്‍ മഞ്ജു നിന്നില്ല. ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ശ്രീകുമാര്‍ മേനോനെതിരെ ശക്തമായ ആരോപണം ഉന്നയിച്ചു. തന്റെ കുടുംബം തകര്‍ത്തെന്നാണ് ദിലീപ് പരാതിപ്പെട്ടത്. എന്നാല്‍ ശ്രീകുമാര്‍ മേനോന്‍ ഇത് തള്ളിക്കളഞ്ഞു.
ഒടിയന് ശേഷം മഞ്ജുവിനെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ശക്തമായിരുന്നു. ഇതിന് പിന്നില്‍ ശ്രീകുമാര്‍ മേനോനെന്നാണ് മഞ്ജു ഡിജിപിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇത്രയും അടുത്ത സുഹൃത്തുക്കള്‍ സിനിമാ ക്ലൈമാക്സ് പോലെ ഒരിക്കലും അടുക്കാത്ത വിധം അകന്നിരിക്കുകയാണ്. അപ്പോള്‍ കാണുന്നവനെ അപ്പാന്ന് വിളിക്കുമെന്നാണ് ശ്രീകുമാര്‍ മേനോന്‍ മഞ്ജുവാര്യരെ പറ്റി പോസ്റ്റിട്ടിരിക്കുന്നത്. എന്തായാലും ഈ അടി തുടരും. കാരണമായ സത്യം പുറത്ത് വരികയും ചെയ്യും. നമുക്ക് കാത്തിരിക്കാം.
https://www.facebook.com/Malayalivartha


























