മെഹ്നാസിന് രക്ഷയില്ല... വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ മരണത്തിൽ റിമാന്‍ഡിലായ ഭര്‍ത്താവിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും...

വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ മരണത്തെ തുടർന്ന് പോക്‌സോ കേസില്‍ റിമാന്‍ഡിലായ ഭര്‍ത്താവ് മെഹ്നാസിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. റിഫയ്ക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തി ആയിരുന്നില്ല എന്ന കണ്ടെത്തിയതിന് പിന്നാലെ പോക്‌സോ കേസ് ചുമത്തിയാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്തത്.
മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ റിമാന്റിൽ കഴിയുകയാണ് മെഹ്നാസ്. റിഫയുടെ ആത്മഹത്യയില്‍ മെഹ്‌നാസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനും ശാരീരിക മാനസിക പീഡനത്തിനും എതിരെ കേസ് എടുത്തിട്ടുണ്ട്. റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയത്. റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും ഇത് ആത്മഹത്യയ്ക്ക് കാരണമായെന്നുമാണ് കേസ് അന്വേഷിച്ച കാക്കൂര്‍ പോലീസിന്റെ കണ്ടെത്തൽ.
അന്വേഷണ സംഘം പ്രൊഡക്ഷന്‍ വാറന്റിന് വേണ്ടിയുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആണ് കാസര്‍കോടു നിന്ന് റിഫയുടെ ഭർത്താവിനെ കസ്റ്റഡിയില്‍ എടുത്തത്.
https://www.facebook.com/Malayalivartha

























