വിവാദങ്ങൾക്കിടയിൽ കുഞ്ചാക്കോ ബോബന് ലോട്ടറി! ഒറ്റ ദിവസം കൊണ്ട് തന്നെ 'ന്നാ താന്‍ കേസ് കൊട്' നേടിയത് റെക്കോർഡ് കളക്ഷൻ! 1.25 കോടി രൂപ നേടി കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ

കുഞ്ചാക്കോ ബോബന്‍ പ്രധാനവേഷത്തിലെത്തുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പത്രമാധ്യമങ്ങളില്‍ വന്ന പരസ്യം ശ്രദ്ധ നേടിയിരുന്നു. സിനിമക്കെതിരെ സമൂഹമാധ്യമങ്ങളിൽ ബഹിഷ്കരണാഹ്വാനം വരെയുണ്ടായി. സിനിമയുടെ പത്രപരസ്യം രാഷ്ട്രീയ വിവാദമായതിനെ തുടർന്ന് ഇടത് അനുകൂലികളിൽ ചിലരാണ് സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയത്. എന്നാൽ വിവാദങ്ങൾക്കിടയിലും ചിത്രം മികച്ച കളക്ഷൻ ആണ് നേടുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ആണ് ന്നാ താൻ കേസ് കൊട് നേടിയിരിക്കുന്നത്.
1.25 കോടി രൂപയാണ് ആദ്യ ദിനത്തിൽ ചിത്രത്തിന്റെ കളക്ഷൻ. വിവാദങ്ങൾക്കിടയിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 'തിയേറ്ററുകളിലേയ്ക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്ന പത്രപ്പരസ്യ വാചകമാണ് വിവാദത്തിന് വഴിവച്ചത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഗായത്രി ശങ്കറാണ് നായിക. ഗായത്രി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്. 'നടുവിലെ കൊഞ്ചം പക്കത്തെ കാണോം', 'സൂപ്പര്‍ ഡീലക്‌സ്'എന്നീ തമിഴ് ചിത്രങ്ങളില്‍ ഗായത്രി ശങ്കര്‍ അഭിനയിച്ചിള്ളത്. കാസർഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ താഹിർ തുടങ്ങിയവർ അഭിനയിച്ച ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, നിവിൻ പോളി നായകനായ കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസു കൊട്’.
https://www.facebook.com/Malayalivartha

























