സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി നോറ ഫത്തേഹിയെ ചോദ്യം ചെയ്തു... താരത്തെ ചോദ്യം ചെയ്തത് ഏഴ് മണിക്കൂര്‍

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹിയെ ചോദ്യം ചെയ്തു. സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നോറയെ ചോദ്യം ചെയ്തത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗമാണ് നടിയെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂര്‍ നീണ്ടുനിന്നതായാണ് വിവരം. ഇതേ കേസില്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നോറയെ ചോദ്യം ചെയ്തിരുന്നു.നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുണ്ട്. ചന്ദ്രശേഖറും ജാക്വലിനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് അന്വേഷണ നേരത്തെ സഘം കണ്ടെത്തിയിരുന്നു.
സുകേഷ് ചന്ദ്രശേഖര്‍ ആഡംബര കാറും മറ്റു സമ്മാനങ്ങളും നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസില്‍ നോറയെ ചോദ്യം ചെയ്തത്. കാര്‍ വാഗ്ദാനം ചെയ്തിരുന്നതായും പിന്നീട് അത് നിരസിച്ചെന്നുമാണ് നോറ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ നോറയ്ക്ക് നേരിട്ട് കാര്‍ നല്‍കിയെന്നാണ് സുകേഷിന്റെ മൊഴി. മലയാളി നടിയും മോഡലുമായ ലീനാ മരിയാ പോളിന്റെ പങ്കാളിയായിരുന്നു സുകേഷ്. 200 കോടിയാണ് ലീന അടങ്ങുന്ന സംഘം മുന്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ പ്രമോട്ടര്‍ ഷിവിന്ദര്‍ സിങിന്റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച് തട്ടിയെടുത്തത്.
സുകേഷിനും ലീനയ്ക്കും എതിരെ ഡല്‍ഹി പോലീസ് ചുമത്തിയിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ്. സുകേഷിന് സഹായം നല്‍കിയ ജയില്‍ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിരുന്നു. തിഹാര്‍ ജയിലില്‍ കൈക്കൂലി നല്‍കാന്‍ സുകേഷ് കോടികള്‍ ചെലവഴിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.
ജയിലിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും പ്രത്യേക സെല്ലില്‍ ഒറ്റയ്ക്ക് താമസിക്കാനുമാണ് സുകേഷ് പണം ചെലവഴിച്ചത്. ജയിലിനുള്ളിലിരുന്നും സുകേഷ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha

























