സാമന്തയുടെ അര്‍പ്പണബോധത്തെ അഭിനന്ദിച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍

നടി സാമന്ത താന്‍ മയോസിറ്റിസ് എന്ന രോഗത്തിന്റെ പിടിയിലാണെന്ന് നേരത്തെ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സാമന്തയുടെ അര്‍പ്പണബോധത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യശോദയിലെ അവരുടെ സഹതാരവും മലയാളികളുടെ പ്രിയനടനുമായ ഉണ്ണി മുകുന്ദന്‍.
തന്റെ രോഗാവസ്ഥയേക്കുറിച്ച് സാമന്ത സെറ്റില്‍ ആരോടും പറഞ്ഞിരുന്നില്ലെന്ന് ഉണ്ണി മുകുന്ദന്‍ ഓര്‍ത്തെടുത്തു. വളരെ പ്രൊഫഷണലാണ് സാമന്ത. അതുപോലൊരു രോഗവുമായി പോരാടുകയാണ് താനെന്ന് അവര്‍ ഒരിക്കലും തുറന്നുപറഞ്ഞിരുന്നില്ല. രോഗത്തേക്കുറിച്ച് സാമന്തയുടെ പോസ്റ്റ് കണ്ടപ്പോള്‍ വിഷമം തോന്നി. മയോസിറ്റിസിനെ തോല്‍പ്പിച്ച് നല്ല ആരോഗ്യത്തോടെ അവര്‍ തിരിച്ചുവരുമെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു. ''വളരെയധികം അര്‍പ്പണബോധവും കഠിനമായി അധ്വാനിക്കുകയും ചെയ്യുന്ന നടിയാണ് സാമന്ത. സംഘട്ടനങ്ങളും വൈകാരികരംഗങ്ങളും ഉള്‍പ്പെടെ യശോദ എന്ന വേഷത്തിനായി നന്നായിത്തന്നെ തയ്യാറെടുത്തിരുന്നു.
സെറ്റിലെ സഹപ്രവര്‍ത്തകരുമായി നല്ല രീതിയില്‍ത്തന്നെ ഇടപഴകി. ഒരു ആക്ഷന്‍ രംഗത്തേക്കുറിച്ച് ഞങ്ങള്‍ ഒരുമിച്ച് ചര്‍ച്ച ചെയ്തിരുന്നു''. ഉണ്ണി മുകുന്ദന്‍ പറഞ്ഞു. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന യോശദയില്‍ വാടക ഗര്‍ഭം ധരിക്കുന്ന യുവതിയായാണ് സാമന്ത എത്തുന്നത്. ഡോക്ടറുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍. വലിയ മുതല്‍മുടക്കില്‍ ഹരി-ഹരീഷ് ടീം ആണ് ചിത്രത്തിന്റെ സംവിധാനം.
https://www.facebook.com/Malayalivartha























