ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

അമേരിക്കയുടെ നാവിക ഉപരോധത്തെ വെല്ലുവിളിക്കാൻ ഇറാൻ പുതിയൊരു നീക്കത്തിന് ഒരുങ്ങുന്നു. യുദ്ധവിമാനങ്ങളോ മിസൈലുകളോ ഉപയോഗിച്ചുള്ള നേരിട്ടുള്ള ആക്രമണമല്ല ഇത്തവണ ചർച്ചയാകുന്നത്. പകരം, എണ്ണ നിറച്ച കൂറ്റൻ കപ്പലുകളുടെ ഒരു വ്യൂഹം തന്നെ അമേരിക്കൻ ഉപരോധം തകർത്ത് പുറത്തേക്ക് കടത്തിവിടാനുള്ള നീക്കം. അതിന് നൽകിയിരിക്കുന്ന പേര് ഓപ്പറേഷൻ ഫെറിദൂൻ. ഒരു വെടിയുണ്ട ഇറാന്റെ എണ്ണക്കപ്പലിൽ പതിച്ചാൽ ഗൾഫ് രാജ്യങ്ങളിലെ എണ്ണ കേന്ദ്രങ്ങൾ പോലും ആക്രമിക്കപ്പെടാമെന്ന മുന്നറിയിപ്പും ഇതോടൊപ്പം ഉയരുന്നു. ഇറാൻ എന്താണ് ലക്ഷ്യമിടുന്നത്? അമേരിക്ക ഈ നീക്കം തടയാൻ ശ്രമിച്ചാൽ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടുമോ?
ഓപറേഷൻ ഫെറിദ് എന്ന് പേരിട്ടിരിക്കുന്നതിൽ തന്നെ ഒരു പ്രത്യേകതയുണ്ട്. പേർഷ്യൻ ഇതിഹാസമായ ഷാനാമെയിലെ വീരനായകനാണ് ഫെറിദൂൻ. ശത്രുക്കളുടെ തടസ്സങ്ങളെ മറികടന്ന് മുന്നേറുന്ന ഈ കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് ഇറാന്റെ പുതിയ നീക്കത്തിന് പേര് നൽകിയിരിക്കുന്നത്. ഇറാനിലെ റവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഫാർസ് വാർത്താ ഏജൻസിയാണ് അമേരിക്കൻ നാവിക ഉപരോധം മറികടക്കാൻ എണ്ണക്കപ്പലുകളുടെ വ്യൂഹം അയക്കണമെന്ന ആശയം മുന്നോട്ടുവച്ചത്. അതായത്, ഇത് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട സൈനിക നടപടിയല്ല. എന്നാൽ ഇറാന്റെ രാഷ്ട്രീയ-സൈനിക കേന്ദ്രങ്ങളിൽ ഈ നിർദേശം വലിയ ചർച്ചയാകുകയാണ്.
ഈ പദ്ധതിക്ക് പിന്നിൽ വലിയ പ്ലാനുണ്ട്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ നിന്ന് നിരവധി എണ്ണക്കപ്പലുകൾ ഒരുമിച്ച് പുറപ്പെടുക. ഇറാന്റെ പതാകകൾ ഉയർത്തി, കപ്പലുകളുടെ സഞ്ചാരം മറച്ചുവയ്ക്കാതെ, ചൈനയിലേക്ക് എണ്ണയുമായി യാത്ര ചെയ്യുക. അമേരിക്കയുടെ നാവികസേന ഈ കപ്പലുകളെ തടയാൻ ശ്രമിച്ചാൽ അതിനെ ഇറാനെതിരായ സൈനിക നടപടിയായി കണക്കാക്കുമെന്നും തിരിച്ചടിയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. കപ്പലുകൾക്കൊപ്പം മാധ്യമപ്രവർത്തകരെയും സാധാരണക്കാരെയും അന്താരാഷ്ട്ര യുദ്ധവിരുദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തുന്നതിലൂടെ അമേരിക്കയുടെ ഇടപെടലിന്റെ രാഷ്ട്രീയവില വർധിപ്പിക്കാമെന്ന നിർദേശവും ഇറാനിലെ ചർച്ചകളിൽ ഉയർന്നിട്ടുണ്ട്.
എന്തുകൊണ്ടാണ് ഇറാൻ ഇത്രയും വലിയൊരു സാഹസത്തിന് തയ്യാറാകുന്നത്? അതിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയാണ്. ഇറാന്റെ എണ്ണ വരുമാനം തടയുന്നതിനായി അമേരിക്ക നാവിക ഉപരോധം ശക്തമാക്കിയിരിക്കുകയാണ്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ നീക്കങ്ങൾ പോലും അമേരിക്കയുടെ നിരീക്ഷണത്തിലാണ്. എണ്ണ വിൽക്കാൻ കഴിയാതായാൽ രാജ്യത്തിന്റെ വരുമാനം തകരും. വിദേശനാണ്യ വരുമാനം കുറയും. ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലും അതിന്റെ പ്രത്യാഘാതങ്ങൾ രൂക്ഷമാകും. ഈ ഉപരോധം തുടരുന്നതിനേക്കാൾ അപകടസാധ്യത ഏറ്റെടുത്ത് പുറത്തുകടക്കുന്നതാണ് നല്ലതെന്ന നിലപാടാണ് ഇറാനിലെ കടുത്ത നിലപാടുകാർ മുന്നോട്ടുവയ്ക്കുന്നത്.
അമേരിക്കൻ നാവികസേനയ്ക്ക് വലിയൊരു വെല്ലുവിളിയാകും ഈ നീക്കം. എണ്ണക്കപ്പലുകളെ തടഞ്ഞാൽ ഇറാനുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിയൊരുങ്ങും. കപ്പലുകൾ കടന്നുപോകാൻ അനുവദിച്ചാൽ അമേരിക്കയുടെ ഉപരോധത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടും. അതിനേക്കാൾ വലിയ ഭീഷണി ഗൾഫ് മേഖലയിലെ എണ്ണ കേന്ദ്രങ്ങൾക്കാണ്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിടാമെന്ന മുന്നറിയിപ്പ് ഇറാൻ അനുകൂല കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്.
ഇത്തരമൊരു ഏറ്റുമുട്ടൽ ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം അമേരിക്കയിൽ മാത്രം ഒതുങ്ങില്ല. ലോകത്തെ പ്രധാന എണ്ണ വിതരണ പാതയായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടാൽ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരാം. ഇന്ധനവില വർധിക്കുന്നത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും. ഇന്ത്യയെപ്പോലെ ഇറക്കുമതി ചെയ്യുന്ന എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്കും അത് വലിയ തിരിച്ചടിയാകും. ഗൾഫ് മേഖലയിലെ സംഘർഷം വർധിച്ചാൽ ആഗോള വ്യാപാരവും കപ്പൽ ഗതാഗതവും ഇൻഷുറൻസ് ചെലവുകളും പ്രതിസന്ധിയിലാകും.
ഫെറിദൂൻ പദ്ധതി നടപ്പാക്കാൻ ഇറാന്റെ ഭരണനേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. ചർച്ചകൾ നടക്കുകയാണ്. ഖാർഗ് ദ്വീപിൽ പതിനാലിലധികം എണ്ണക്കപ്പലുകൾ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അവയുടെ യാത്രയും അമേരിക്കൻ ഉപരോധം മറികടക്കാനുള്ള ശ്രമവും ഇനിയും നിർണായക ഘട്ടത്തിലാണ്.
അമേരിക്കയെ പ്രകോപിപ്പിച്ച് യുദ്ധത്തിലേക്ക് നീങ്ങുകയാണോ ഇറാൻ, അതോ ഒരു വെടിയുണ്ട പോലും പൊട്ടിക്കാതെ വാഷിങ്ടണിനെ സമ്മർദത്തിലാക്കി ഉപരോധം പിൻവലിപ്പിക്കുകയാണോ ലക്ഷ്യം? ലോകത്തിന്റെ എണ്ണവിപണിയും പശ്ചിമേഷ്യയുടെ സമാധാനവും ഒരുപോലെ ബാധിക്കാവുന്ന ഈ നീക്കത്തിൽ ഇനി ഉറ്റുനോക്കുന്നത് അമേരിക്കയുടെ പ്രതികരണത്തിലേക്കാണ്. ഓപറേഷൻ ഫെറിദ് ശരിക്കും അമേരിക്കയെ ഞെട്ടിക്കുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha

























