ഇപ്പോള്‍ കുറച്ച് മെച്ചപ്പെട്ട് വന്നിട്ടുണ്ട്: എല്ലാവരുടെ പ്രാർത്ഥനകൾക്കും നന്ദി പറഞ്ഞ് മിഥുൻ രമേശ്...

ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സ തേടിയ അവതാരകനും ചലച്ചിത്ര താരവുമായി മിഥുൻ രമേശ് ആരോഗ്യം വീണ്ടെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇപ്പോള്‍ കുറച്ച് മെച്ചപ്പെട്ട് വന്നിട്ടുണ്ട്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി എന്ന് അറിയിച്ച് മിഥുൻ തന്നെയാണ് രംഗത്തെത്തിയത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയായിട്ടാണ് മിഥുൻ തന്റെ ആരോഗ്യവസ്ഥ ആരാധകരെ അറിയിച്ചിരിക്കുന്നത്. മുഖം കോടുന്ന അസുഖമായ ബെൽസ് പാൾസിയാണ് താരത്തെ ബാധിച്ചത്.
ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു വശം അനക്കാൻ കഴിയുന്നില്ലെന്നും കണ്ണുകൾ താനേ അടഞ്ഞു പോകുന്നു എന്നും മിഥുൻ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. '' കാണുമ്പോൾ നിങ്ങൾക്ക് മനസിലാവുന്നുണ്ടോ എന്നറിയില്ല.
എനിക്ക് ബെൽസ് പാൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിനെക്കെ വന്ന അസുഖമാണിത്. ചിരിക്കുമ്പോൾ ഒരു സൈഡ് അനക്കാൻ പറ്റുന്നില്ല. ഒരു കണ്ണ് താനേ അടയുന്നു. മറ്റേ കണ്ണ് ഫോഴ്സ് ചെയ്താലേ അടക്കാൻ കഴിയൂ... മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്.
അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്.. കേട്ടോ..''- മിഥുൻ വീഡിയോയില്‍ പറഞ്ഞു. നേരത്തെ സിനിമ സീരിയല്‍ താരം മനോജ് കുമാറും ഇതേ രോഗം തനിക്ക് ബാധിച്ചെന്ന് അറിയിച്ചിരുന്നു. അന്ന് മനോജ് കുമാറും ഇതേ കുറിച്ച് ഒരു വീഡിയോ പങ്കുവച്ചിരുന്നു.
https://www.facebook.com/Malayalivartha























