ലക്ഷ്മിയ്ക്ക് കിടിലൻ പിറന്നാൾ സമ്മാനം! ഇതാണ് ഭാര്യയോടുള്ള ആ സ്നേഹമെന്ന് ആരാധകർ

സിനിമയോടുള്ള അതിയായ മോഹം കൊണ്ടാണ് അഖിൽ മാരാർ സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ച് തുടങ്ങിയത്. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ഭാഗമായശേഷമാണ് കുടുംബപ്രേക്ഷകരെ അടക്കം അഖിലിന് ആരാധകരായി ലഭിച്ച് തുടങ്ങിയത് സീസൺ അഞ്ചിന്റെ ടൈറ്റിൽ വിന്നറും അഖിൽ തന്നെയായിരുന്നു. സീസൺ അഞ്ചിൽ ഏറ്റവും കൂടുതൽ വൈറലായ എപ്പിസോഡ് അഖിലിന്റെ ഭാര്യയും മക്കളും ബിഗ് ബോസ് ഹൗസിൽ എത്തിയ ദിവസത്തിലേതായിരുന്നു. അഖിൽ ഷോ വിജയിച്ച് വന്നതോടെ അഖിലിനോടുള്ള സ്നേഹം അതുപോലെ തന്നെ ആരാധകർ ലക്ഷ്മിയോടും പ്രകടിപ്പിച്ചു. നർത്തകി കൂടിയായ ലക്ഷ്മി സോഷ്യൽ മീഡിയയിലും ഇതിനിടയിൽ സജീവമായി തുടങ്ങി. ലക്ഷ്മിയുടെ ഡാൻസും റീലുകളുമെല്ലാം ആരാധകർ ഏറ്റെടുത്തു. നിമിഷ നേരങ്ങൾ കൊണ്ടാണ് ഇവയെല്ലാം വൈറലാകാറുള്ളത്. അടുത്തിടെ ലക്ഷ്മി സംരംഭകയുടെ റോളിലേക്ക് മാറി. ഭർത്താവായ അഖിൽ തന്നെയായിരുന്നു അതിന് ചുക്കാൻ പിടിച്ചത്. ഭാര്യയുടെ പേരിൽ ഒരു ബ്യൂട്ടി സലൂണാണ് അഖിൽ ആരംഭിച്ചത്. ഭാര്യയോടുള്ള സ്നേഹം പരസ്യമായി പ്രകടിപ്പിക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്ത വ്യക്തിയാണ് അഖിൽ മാരാർ. ഇത്തരത്തിലുള്ള പല വീഡിയോകളും അഖിൽ പങ്കിട്ടിട്ടുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് വൈറലാകുന്നത്. തന്റെ ഭാര്യയ്ക്ക് പിറന്നാളിന് സർപ്രൈസ് സമ്മാനം നൽകുന്നതാണ് വീഡിയോ. പിറന്നാൾ ഇന്നല്ലെങ്കിലും അവൾക്ക് ഒരു സമ്മാനം നൽകി ഞെട്ടിക്കാമെന്ന് കരുതിയെന്നാണ് അഖിൽ വീഡിയോയിൽ പറയുന്നത്. ചിലപ്പോൾ ഇത് കാണുമ്പോൾ അവൾ എന്നെ ചീത്തപറയാൻ സാധ്യതയുണ്ടെന്നും അഖിൽ പറയുന്നുണ്ട്. ഒടുവിൽ ലക്ഷ്മിക്ക് സമ്മാനം കൈമാറി. വളരെ ഏറെ സന്തോഷത്തോടെയാണ് ലക്ഷ്മി ആ സമ്മാനം സ്വീകരിച്ചത്. പിന്നീട് തുറക്കാനുള്ള പെടാപാടായി. സമ്മാനം അൺബോക്സ് ചെയ്തപ്പോൾ ദാ പെട്ടിയിലിരിക്കുന്നു വിവോയുടെ എക്സ് 200 പ്രോ ഫോണാണ് ബോക്സിൽ ഉള്ളത്. വീഡിയോയൊക്കെ ചെയ്യുന്ന ആളല്ലേ അതുകൊണ്ട് ഐഫോണിന്റെ കൂടെ ഇതൂടെ ഇരിക്കട്ടെയെന്ന് കരുതിയാണ് ഇത് വാങ്ങിയതെന്ന് അഖിൽ പറയുന്നുണ്ട്. ഒരു ലക്ഷത്തിനടുത്താണ് ഫോണിന്റെ വില. എന്നാൽ ഫോൺ ലക്ഷ്മിയെ തൃപ്തിപ്പെടുത്തിയില്ല. തനിക്ക് ഒരു സാരി മതിയായിരുന്നുവെന്നാണ് ലക്ഷ്മിയുടെ പരിഭവം. എന്തുമാത്രം സാരിയിരിക്കുന്നു ഇവിടെ എന്ന് അഖിൽ പറയുമ്പോൾ ഭർത്താവിന്റെ കൈകൊണ്ട് ഒരു സാരിയല്ലേ തനിക്ക് സന്തോഷമെന്നാണ് ലക്ഷ്മിയുടെ വാക്കുകൾ. വീഡിയോ വളരെ പെട്ടന്ന് തന്നെ വൈറലായി മാറുകയായിരുന്നു.
https://www.facebook.com/Malayalivartha