ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.... ഡല്‍ഹിയില്‍ വെച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷത്തേക്കാള്‍ ഏറിയ വൈകാരിക ഭാരത്തോടെയാണ് നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതെന്ന് മോഹന്‍ലാല്‍

'മലയാളം വാനോളം ലാല്‍സലാം' എന്ന പരിപാടിയിൽ മലയാളത്തിന്റെ മഹാനടന് കേരളം ആദരമര്‍പ്പിച്ചു. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.
ഡല്‍ഹിയില്‍ വെച്ച് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷത്തേക്കാള്‍ ഏറിയ വൈകാരിക ഭാരത്തോടെയാണ് നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതെന്ന് മോഹന്‍ലാല്‍. അതിന് പലകാരണങ്ങളുണ്ട്. ഇത് ഞാന്‍ ജനിച്ചുവളര്‍ന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണ്. തന്റെ അമ്മയും അച്ഛനും ജേഷ്ഠ്യനും ജീവിച്ച മണ്ണാണ്. ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ഒന്നുമറിയാതെ അവര്‍ക്കൊപ്പം ഞാന്‍ പാര്‍ത്ത നാടാണ്. ഇവിടുത്തെ കാറ്റും മരങ്ങളും വഴികളും പല കെട്ടിടങ്ങളും എന്റെ ഓര്‍മകളുടെയും ആത്മാവിന്റെയും ഭാഗമാണ്.എനിക്ക് ഈ സ്വീകരണം നല്‍കുന്നത് ഇന്ന് ഈ കാണുന്ന എന്നെ ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരുമാണ്. ഇക്കാര്യങ്ങള്‍ കൊണ്ടെല്ലാം ഞാനനുഭവിക്കുന്ന ആ വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'48 വര്‍ഷങ്ങളുടെ ദീര്‍ഘമായ നടപ്പാതയിലേക്ക് തിരിഞ്ഞുനോക്കുകയായിരുന്നു ഞാന്‍. സിനിമ എന്ന സങ്കീര്‍ണകലാരൂപത്തെക്കുറിച്ച് യാതൊന്നുമറിയാതെ ഈ നഗരത്തിന്റെ വഴിയോരങ്ങളില്‍ വെച്ച് ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ സിനിമയെടുക്കാനായി ധൈര്യപ്പെട്ടു എന്നോര്‍ക്കുമ്പോള്‍ ഇപ്പോഴെനിക്ക് ഭയം തോന്നുന്നു.
'അഭിനയകാലത്തെ ഒരു മഹാനദിയായി സങ്കല്‍പിച്ചാല്‍ തീരത്തുനില്‍ക്കുന്ന ഒരു മരത്തിന്റെ ചില്ലയില്‍ നിന്നും അതിലേക്ക് വീണ ഒരു ഇലയാണ് ഞാന്‍. ഒഴുക്കില്‍ മുങ്ങിപ്പോവുമ്പോഴെല്ലാം ആ ഇലയെ ഏതൊക്കെയോ കൈകള്‍ വന്ന് താങ്ങി. പ്രതിഭയുടെ കൈയൊപ്പുള്ള കൈകളായിരുന്നു അവയെല്ലാം. വലിയ എഴുത്തുകാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍. ഛായാഗ്രാഹകര്‍, എന്റെ മുഖത്ത് ചായം തേച്ച് കഥാപാത്രങ്ങളിലേക്ക് വെളിച്ചമടിച്ചവര്‍...ഞാന്‍ ചെയ്തതെല്ലാം മടുപ്പില്ലാതെ കണ്ടിരുന്ന എന്റെ പ്രിയപ്പെട്ട മലയാളികള്‍... ഇതുതന്നെയാണോ എന്റെ തൊഴില്‍ എന്നാലോചിക്കുമ്പോഴെല്ലാം 'ലാലേട്ടാ' എന്ന് സ്നേഹത്തോടെ എന്നെ വിളിച്ചുണര്‍ത്തിയവര്‍. ഇപ്പോഴും ഞാനാ മഹാനദിയുടെ പ്രവാഹത്തിലാണ്. മുങ്ങിപ്പോകുമ്പോഴെല്ലാം ആരൊക്കെയോ പിടിച്ചുയര്‍ത്തുന്നു. ഇനിയും ഒഴുകൂ എന്നു പറയുന്നു. നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ..'- മോഹന്‍ലാല്‍ വികാരാധീനനായി.
അതേസമയം കേരളത്തിന്റെ അതിരുകള്‍ കടന്നും ഈ അഭിനയവിസ്മയം സഞ്ചരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നടയിലും മോഹന്‍ലാല്‍ അഭിനയിച്ചു. ഒരേസമയം നല്ലനടനും ജനപ്രീതിയുള്ള നടനുമായിരിക്കുകയെന്നത് എളുപ്പമല്ല. മോഹന്‍ലാലിന് നൈസര്‍ഗികമായ കഴിവുകള്‍ കൊണ്ട് അതുസാധിക്കുന്നു. അരനൂറ്റാണ്ടോളമായി മലയാളിക്ക് എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സമ്മാനിക്കുന്ന ഇതിഹാസതാരം മോഹന്‍ലാലിനെ അനുമോദനം അറിയിക്കുന്നു. കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പൊന്നാടയണിച്ചാണ് മോഹന്‍ലാലിനെ സ്വീകരിച്ചത്. കേരള സര്‍ക്കാരിനുവേണ്ടി കവി പ്രഭാവര്‍മ എഴുതിയ പ്രശസ്തി പത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് സമര്‍പ്പിച്ചു. മലയാളത്തിന്റെ ഇതിഹാസതാരമാണ് മോഹന്‍ലാലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha