ദേശീയ പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിലുളള സങ്കടം പങ്കുവച്ച് ഷീല

മലയാള സിനിമയിലെ നിത്യഹരിത നായിക ഷീല ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന് ആരാധകരേറെയാണ്. പതിമൂന്നാം വയസില്‍ അഭിനയരംഗത്തെത്തിയ ഷീല 475ലധികം സിനിമകളില്‍ നായികയായും അമ്മവേഷത്തിലും തിളങ്ങിയിരുന്നു. ഇപ്പോഴിതാ തനിക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിലുളള സങ്കടം പങ്കുവച്ചിരിക്കുകയാണ് ഷീല. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
'അഭിനയിക്കണമെന്ന് ഒരു ആഗ്രഹമില്ലാതെ സിനിമയിലെത്തിയ വ്യക്തിയാണ് ഞാന്‍. കുടുംബത്തിനു വേണ്ടിയാണ് അഭിനയിക്കാമെന്ന തീരുമാനത്തിലെത്തിയത്. 13ാം വയസിലാണ് അഭിനയിച്ചുതുടങ്ങിയത്. പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചതിനുശേഷമാണ് അഭിനയത്തോട് ഒരു ഇഷ്ടം തോന്നിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നല്ല രീതിയില്‍ മേക്കപ്പ് ചെയ്യണമായിരുന്നു. ഞാന്‍ ഒരുപാട് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചതിനുശേഷമാണ് ചെമ്മീനിലേക്കെത്തുന്നത്.
ചെമ്മീനില്‍ 'പെണ്ണാളേ പെണ്ണാളേ' എന്നുതുടങ്ങുന്ന ഗാനമായിരുന്നു ആദ്യമായി ചിത്രീകരിച്ചത്. അതിനായി ഞാന്‍ പതിവുപോലെ മേക്കപ്പ് ചെയ്ത് സെറ്റിലെത്തിയപ്പോള്‍ ക്യാമറാമാന്‍ മേക്കപ്പ് മാറ്റാന്‍ പറഞ്ഞു. ഞാനതിന് സമ്മതിച്ചില്ല. ഒടുവില്‍ ഞങ്ങള്‍ തമ്മില്‍ വലിയ പ്രശ്‌നത്തിലായി. ഒടുവില്‍ സംവിധായകന്‍ രാമു കാര്യാട്ട് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. എന്റെ മേക്കപ്പ് മുഴുവനും മാറ്റേണ്ടി വന്നു. വളരെ സങ്കടപ്പെട്ടാണ് ഞാന്‍ ആ ഗാനരംഗം അഭിനയിച്ചത്.
കേരളത്തില്‍ ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിച്ചത് എനിക്കാണ്. ഒരു തവണ മികച്ച സഹനടിക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചു. ഡല്‍ഹിയില്‍ പോയി അത് വാങ്ങിച്ചതില്‍ പലരും എന്നെ വിമര്‍ശിച്ചിരുന്നു. ഞാന്‍ അഭിനയരംഗത്തെത്തിയിട്ട് ഇത്രയും വര്‍ഷമായി. പക്ഷെ കേരള സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ട് ഒരു ദേശീയ പുരസ്‌കാരം പോലും എനിക്ക് ലഭിച്ചിട്ടില്ല. പത്മശ്രീയോ പത്മഭൂഷണോ എനിക്ക് ലഭിച്ചിട്ടില്ല. പല കേരള സര്‍ക്കാരിന്റെ പല പരിപാടികള്‍ക്കും എന്നെ അതിഥിയായി ക്ഷണിക്കാറുണ്ട്.വലിയ പ്രതീക്ഷകളോടെയാണ് ഡല്‍ഹിയില്‍ പുരസ്‌കാരം വാങ്ങാന്‍ പോയത്.
ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോള്‍ ഞങ്ങളെ കൊണ്ടുപോകാനായി പഴയൊരു കാറാണ് വന്നത്. അവിടെയുളള അശോക ഹോട്ടലിലാണ് ഞങ്ങളെ താമസിപ്പിച്ചത്. അവാര്‍ഡ് വാങ്ങുന്നതിന് മുന്‍പ് എല്ലാവരും റിഹേഴ്‌സല്‍ ചെയ്യാറുണ്ട്. എങ്ങനെയാണ് അവാര്‍ഡ് വാങ്ങേണ്ടതെന്ന് അവര്‍ പഠിപ്പിച്ചുതരും. ഞാനും അതില്‍ പങ്കെടുത്തു. ഊണ് കഴിക്കാന്‍ 200 രൂപ കൊടുക്കുന്ന ഒരു ക്യൂ ഉണ്ടായിരുന്നു. ഞാന്‍ അതൊന്നും വാങ്ങാതെ മുറിയിലേക്ക് പോയി. തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്' ഷീല പറഞ്ഞു.
https://www.facebook.com/Malayalivartha