'പറഞ്ഞ കാര്യങ്ങൾ ഭാവനാ സൃഷ്ടിയല്ല; ഇതിന്റെ പേരിൽ മാപ്പു പറയാൻ തയ്യാറല്ല'; പെരിയാർ വിഷയത്തിൽ നിലപാടിൽ ഉറച്ചു നിന്ന് സൂപ്പർ സ്റ്റാർ രജനീകാന്ത്

പെരിയാർ വിവാദത്തിൽ താൻ മാപ്പ് പറയില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന് നടൻ രജനീകാന്ത് പ്രതിഷേധങ്ങൾക്ക് മറുപടി നൽകി . പെരിയാറിനെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ ഭാവനാ സൃഷ്ടിയല്ലെന്നും ഇതിന്റെ പേരിൽ മാപ്പു പറയാൻ തയ്യാറല്ലെന്നുമാണ് രജനികാന്ത് വ്യക്തമാക്കിയത് . അന്ധവിശ്വാസങ്ങൾക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി, ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങളിൽ ചെരുപ്പ് മാല അണിയിച്ച് 1971 ൽ പെരിയാർ ഇ.വി രാമസ്വാമി സേലത്ത് റാലി നടത്തിയെന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന. വിവാദ പ്രസ്താവനയ്ക്കെതിരെ രജനീകാന്ത് മാപ്പുപറയണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ പ്രതിഷേധം ശക്തമാക്കി രംഗത്തുവന്നിരിക്കുകയാണ്.
പെരിയാർ വിഷയത്തിൽ തെറ്റായി ഒന്നും താൻ പരാമർശിച്ചിട്ടില്ല . യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ മാത്രമാണ് താൻ പ്രസംഗത്തിൽ പറഞ്ഞതെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു . ഇതിന്റെ പേരിൽ ആരോടും മാപ്പ് പറയാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറല്ലെന്നും രജനീകാന്ത് വെളിപ്പെടുത്തി . പെരിയാർ വിഷയത്തിൽ തന്റെ പ്രസ്താവനയെ സാധൂകരിക്കുന്നതിനാവശ്യമായ പത്രകുറിപ്പുകളും, റിപ്പോർട്ടുകളും സഹിതമാണ് അദ്ദേഹം മാദ്ധ്യമങ്ങൾക്ക്മുന്നിലെത്തി തന്റെ നിലപാട് വ്യക്തമാക്കിയത്.
രജനീകാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മധുരയിൽ പ്രതിഷേധക്കാർ താരത്തിന്റെ കോലം കത്തിച്ചു . ദ്രാവിഡ വിടുതലൈ കഴകം (ഡി.വി.കെ) എന്ന പാർട്ടിയാണ് ആദ്യം പ്രതിഷേധമുന്നയിച്ച് രംഗത്തുവന്നത് . താരത്തിനെതിരെ പൊലീസിൽ പരാതി നൽകിയ ഇവർ രജനീകാന്ത് മാപ്പു പറയണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു .തമിഴ്നാട് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയും പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha