രമേശ് അശ്വമേധം തുടങ്ങുന്നു ചാക്കോയും രവിയും സറണ്ടര്‍!

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മാറുന്നു. ധൂര്‍ത്തുകളിലൊന്നും ഉള്‍പ്പെടാതെ നിന്ന പി.സി ചാക്കോ വിഭാഗം ഐ ഗ്രൂപ്പില്‍ ലയിച്ചതോടെയാണ് രമേശ് മുടിചൂടാ മന്നനായത്. മുഖ്യമന്ത്രിയാകണമെന്ന തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ രമേശ് നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഐ ഗ്രൂപ്പ് വിപുലീകരിക്കുന്നത്. പി.സി. ചാക്കോയുമായി രമേശ് നേരിട്ട് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് അദ്ദേഹം ഐ ഗ്രൂപ്പില്‍ ചേരാന്‍ തീരുമാനിച്ചത്. വയലാര്‍രവിയും രമേശിന്റെ കളത്തിലായി. ചാക്കോയ്ക്കും രമേശിനുമെല്ലാം കേരള രാഷ്ട്രീയത്തില്‍ ഒരു എതിരാളി മാത്രമാണുള്ളത്. സാക്ഷാല്‍ ഉമ്മന്‍ചാണ്ടി.
ഇതേസമയം ഉമ്മന്‍ചാണ്ടി തന്റെ ആയുധപുരയിലെ ആയുധങ്ങള്‍ രാകി മൂര്‍ച്ച കൂട്ടുകയാണ്. വി.എം. സുധീരന്റെ ജനപക്ഷയാത്ര തകര്‍ക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയം കണ്ടു. കെ.എം.മാണിക്കെതിരായി ഉണ്ടായ ആരോപണങ്ങങ്ങാണ് ആദ്യ ഘട്ടത്തില്‍ ജനപക്ഷയാത്രയുടെ ശോഭ കെടുത്തിയതെങ്കില്‍ തൊട്ടു പിന്നാലെ ബാറുടമകളില്‍ നിന്നും യാത്രയ്ക്ക് പണം പിരിച്ചു എന്ന ആരോപണവും വന്നു. ഇതിനിടെ ജനപക്ഷയാത്രയ്ക്ക് പ്രാതിനിധ്യം കുറവാണെന്ന ആരോപണവും ശക്തമാണ്.. കെ.പി.സി.സി അധ്യക്ഷന്‍ നടത്തുന്ന യാത്രയില്‍ ജനക്കൂട്ടം കുറയുന്നത് പുതിയ സംഭവമാണ്. ഇതിന്റെ പേരില്‍ കോണ്‍ഗ്രസുകാരെ സസ്‌പെന്‍ഡ് ചെയ്യേണ്ട ഗതി കേടുമുണ്ടായി. ഇതിനിടെ തന്റെ യാത്രയ്ക്ക് ബാര്‍ ഉടമകളില്‍ നിന്നും പണം പിരിച്ചത് എന്തിനു വേണ്ടിയാണെന്ന ചോദ്യവും സുധീരന്‍ ഉയര്‍ത്തുന്നു. യാത്രയെ താറടിക്കുന്നതിനുവേണ്ടിയുള്ള മനപൂര്‍വ്വമായ ശ്രമമാണ് നടന്നതെന്നും സുധീരന്‍ സംശയിക്കുന്നു.
ജനപക്ഷ യാത്രയ്ക്ക് വേണ്ടി വന്‍തോതിലുള്ള പിരിവാണ് കേരളത്തില്‍ നടക്കുന്നത്. ഓരോ ബൂത്ത് കമ്മിറ്റിക്കും 15,000 രൂപയുടെ കൂപ്പണുകളാണ് നല്‍കിയിരുന്നത്. ഇതില്‍ 5000 രൂപ കെപി.സി.സിക്ക് വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ പല ബൂത്ത് കമ്മിറ്റികളും ഇതിനോട് സഹകരിച്ചില്ല. സുധീരന്റെ യാത്രയ്ക്ക് ആരും സാമ്പത്തിക സഹായം നല്‍കുന്നില്ലെന്നായിരുന്നു പാര്‍ട്ടി മണ്ഡലം കമ്മിറ്റികള്‍ പറയുന്നത്. സുധീരന്റെ കടുംപിടുത്തമാണ് കാരണമെന്നും പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു.
അട്ടപ്പാടിയില്‍ പണപ്പിരിവ് നടത്താത്ത പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സുധീരന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ഇത്തരം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകേണ്ടി വരുമെന്ന് ഭീഷണിയുണ്ട്. ഇ.എസ്.എല്‍ വിവാദവും കര്‍ഷകരില്‍ നിന്നും നികുതിസ്വീകരിക്കാതിരിക്കുകയുമാണ് അട്ടപ്പാടിക്കാര്‍ ചൂണ്ടികാട്ടുന്ന കാരണങ്ങള്‍.
ഏതായാലും ജനപക്ഷയാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ തലകള്‍ കൊഴിയുമെന്നു തന്നെയാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. ജനപക്ഷയാത്രയെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കാന്‍ നിരവധി പേര്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തില്‍ സുധീരനാകട്ടെ രമേശിന്റെയും ഉമ്മന്‍ചാണ്ടിയുടെയും പിന്തുണയില്ല. ഒറ്റയാള്‍ പോരാട്ടം നടത്തുന്ന സുധീരന് എത്രനാള്‍ അത് തുടരാനാകുമെന്നാണ് കണ്ടറിയേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha