മകനെ മുമ്പില്‍ നിര്‍ത്തും: തിരുവഞ്ചൂരിനെതിരെ സി.പി.എം

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരെ പടയൊരുക്കം നടത്താന്‍ സി.പി.എം സംസ്ഥാനകമ്മിറ്റിയില്‍ രഹസ്യതീരുമാനം. ഗുജറാത്തിലെ വിവാദ വ്യവസായി അഭിലാഷ് മുരളീധരന്റെ കച്ചവടബന്ധങ്ങളില്‍ തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്‌ണന് പങ്കാളിത്തമുണ്ടെന്ന ദേശാഭിമാനിയുടെ വെളിപ്പെടുത്തല്‍ ഇതിന്റെ സൂചനയാണ്. ഗുജറാത്തിലെ മന്ത്രിതല സംഘവുമായി തിരുവഞ്ചൂര്‍ ഭക്ഷണം കഴിച്ചെന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ ആരോപണവും ഇതുമായി കൂട്ടിവായിക്കണം. അഭിലാഷ് മുരളീധരനുമായി കേരളത്തിലെ മന്ത്രിക്ക് ബന്ധമുണ്ടെന്നും പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു.
ഗുജറാത്തിലെ ഗാന്ധിനഗര്‍ ആസ്ഥാനമായി അഭിലാഷ് തുടങ്ങിയ പാം ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍ തിരുവഞ്ചൂരിന്റെ മകന്‍ അംഗമാണെന്നാണ് ദേശാഭിമാനിയുടെ ആരോപണം. അര്‍ജുന്‍ രാധാകൃഷ്‌ണന് ഗുജറാത്ത് ബന്ധങ്ങളുണ്ടെന്ന് ഇതിനകം സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട്. അഭിലാഷിന്റെ കമ്പനിയിലെ ഡയറക്‌ടര്‍മാര്‍ നരേന്ദ്രമോഡിയുമായി അടുപ്പം പുലര്‍ത്തുന്നവരാണ്. 2011 ജൂലൈയിലാണ് തിരുവഞ്ചൂരിന്റെ മകന്‍ അഭിലാഷിന്റെ കമ്പനിയിലെത്തുന്നത്. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ് ഒന്നരമാസത്തിനുള്ളിലാണ് അര്‍ജുന്‍ പദവിയിലെത്തിയത്.
ഉമ്മന്‍ചാണ്ടിയും ഗുജറാത്തിലെ മന്ത്രിതല സംഘത്തിനൊപ്പം ചര്‍ച്ച നടത്തിയിരുന്നു. സര്‍ദാര്‍ പട്ടേല്‍ പ്രതിമാ നിര്‍മ്മാണത്തിന് സഹായം അഭ്യര്‍ത്ഥിച്ചാണ് മന്ത്രിതല സംഘം കേരളത്തിലെത്തിയത്. അവര്‍ക്ക് വിരുന്നു സത്‌കാരം നല്‍കിയ ശേഷം കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്‌ത പി.സി. ജോര്‍ജിനെ തിരുവഞ്ചൂര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതി ചേര്‍ക്കുകയായിരുന്നു. തിരുവഞ്ചൂരിന്റെ ശ്രമങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന് വിനയായി മാറിയത്.
രേഖകള്‍ സഹിതമാണ് തിരുവഞ്ചൂരിന്റെ മകനുള്ള ഗുജറാത്ത് ബന്ധം ദേശാഭിമാനി പുറത്തുവിട്ടത്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ അറിവോടെയാണ് ദേശാഭിമാനി വാര്‍ത്ത പുറത്തു വിട്ടത്. ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് തിരുവഞ്ചൂര്‍ കാണിച്ച അമിതതാല്‌പര്യം സി.പി.എം. നേതൃത്വത്തിന് അദ്ദേഹത്തെ അനഭിമതനാക്കിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വരാനിടയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha