സന്ധ്യയ്‌ക്ക് പിന്നാലെ ലില്ലി; അഴിമതിക്ക് പാര്‍ട്ടിയില്ല

സഹപ്രവര്‍ത്തകരുടെ അഴിമതി പുറത്തു പറഞ്ഞാല്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന പുതിയ തരം കാട്ടുനീതി സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമാകുന്നു.
അഴിമതിക്ക് പേരുകേട്ട കണ്‍സ്യൂമര്‍ ഫെഡിന്റെ ധര്‍മ്മടം ശാഖയിലാണ് ജീവനക്കാരിക്ക് നേരെ പീഡനമുണ്ടായത്. ടി.പി. ചന്ദ്രശേഖന്‍ വധം ഉള്‍പ്പെടെ മാലോകര്‍ കേട്ടാല്‍ അറയ്‌ക്കുന്ന കൃത്യങ്ങള്‍ നടത്താന്‍ മടിയില്ലാത്ത കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരുടെ തലചൊറിയാന്‍ ചെന്നത് ധര്‍മ്മടം നീതി സ്റ്റോറിലെ ജീവനക്കാരി ലില്ലിയാണ്.
കണ്‍സ്യൂമര്‍ഫെഡില്‍ കണ്ണൂരില്‍ മാത്രമല്ല കേരളമെമ്പാടും അഴിമതിയാണെന്ന് അറിയാമെങ്കിലും സി.പി.എമ്മിന്റെ 'കെട്ടിയാട്ടം' കണ്ട് മനംമടുത്ത ലില്ലി, അരവിന്ദ് കേജ്‌രിവാളില്‍ അനുരക്തയായി ഒരു പടയോട്ടത്തിനിറങ്ങുകയായിരുന്നു. ധര്‍മ്മടമായതിനാല്‍ ചോദിക്കാനും പറയാനും ആളില്ല. എങ്കിലും നീതിസ്റ്റോര്‍ മാനേജരുടെ അധികാര വിക്രിയകളില്‍ വെകളിപൂണ്ട് ലില്ലി വിജിലന്‍സിന് കത്തെഴുതി. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ വകുപ്പായതിനാല്‍ വിജിലന്‍സുകാര്‍ പറന്നെത്തി നീതി സ്റ്റോറില്‍ പരിശോധന തുടങ്ങി. ക്രമം വിട്ട നിയമനം മുതല്‍ ഉപ്പു പൊടിയില്‍ നടത്തിയ അഴിമതി വരെ പിടിക്കപ്പെട്ടു. ഇതിനിടയില്‍ പരാതി നല്‍കിയത് ലില്ലിയാണെന്ന് പുറത്തറിഞ്ഞു.
ലില്ലിയെ വസ്‌ത്രാക്ഷേപം ചെയ്യുമെന്ന് വരെ സഖാക്കള്‍ പറഞ്ഞു. ഒളിഞ്ഞും തെളിഞ്ഞും തെറി വിളിക്കാനും മടിച്ചില്ല. സോണല്‍ മാനേജര്‍ വരെ വാളുമായി നിന്നു. ധര്‍മ്മടം സ്റ്റേഷനിലും പരാതി നല്‍കി. സംസ്ഥാന വനിതാ കമ്മീഷന്‍ ഭരിക്കുന്നത് കോണ്‍ഗ്രസുകാരി റോസക്കുട്ടി ടീച്ചറാണെങ്കിലും പരാതി പറഞ്ഞിട്ട് കാര്യമില്ലെന്ന് ലില്ലി മനസ്സിലാക്കി. ഇടയ്‌ക്ക് ചില സഖാക്കള്‍, ടി.പിയുടെ അനുഭവം ഓര്‍മ്മയില്ലേ എന്നും ചോദിക്കുന്നുണ്ട്. ആന്റണിയാവാന്‍ ശ്രമിക്കരുതേ എന്നും ചിലര്‍ ലില്ലിയെ ഓര്‍മ്മിപ്പിക്കുന്നു.
ഏതായാലും വിടാനുള്ള ഭാവം ലില്ലിക്കില്ല. സംസ്ഥാന വനിതാ കമ്മീഷന്‍ തന്റെ പരാതി നിരസിച്ചെങ്കിലും ദേശീയ വനിതാ കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ലില്ലി. സന്ധ്യ എന്ന തിരുവനന്തപുരത്തുകാരി വീട്ടമ്മയെ പോലെ ലില്ലിയും അങ്ങനെ വാര്‍ത്തകളിലേക്ക് പിച്ച വക്കുന്നു. ഏതായാലും കോണ്‍ഗ്രസുകാരായ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനും എം.ഡിയും തന്നെ പുറത്താക്കുമെന്ന് ലില്ലിക്ക് ഉറപ്പുണ്ട്. അഴിമതിക്ക് പാര്‍ട്ടിയില്ലല്ലോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha