ഭക്ഷണം പാഴാക്കരുത്

ഭക്ഷണം പാഴാക്കരുത്
കുടുംബാംഗങ്ങള്‍ക്കു വേണ്ടിവരുന്നതിനേക്കാള്‍ അല്‌പം കൂടുതല്‍ ആഹാരം കരുതിവെക്കുക എന്നതു ഭേദപ്പെട്ട വീടുകളില്‍ പണ്ടുകാലത്തേയുള്ള പതിവായിരുന്നു. അവിചാരിതമായി അതിഥികള്‍ എത്തിയേക്കാമെന്ന പ്രതീക്ഷയും ഭക്ഷണസമയത്തു വീട്ടിലെത്തുന്ന ആരും വിശന്ന വയറോടെ മടങ്ങിപ്പോകരുതെന്ന കരുതലുമായിരുന്നു ഇതിന്റെ പിന്നില്‍. ഈ അധികച്ചെലവ് ഒരു നഷ്‌ടമായി ആരും കണക്കാക്കിയിരുന്നുമില്ല. മാത്രവുമല്ല, ഗ്രാമീണമേഖലകളില്‍ പലവ്യജ്ഞനങ്ങളൊഴികെ വീട്ടിലേക്കാവശ്യമായ ഭക്ഷ്യവിഭവങ്ങളെല്ലാം തന്നെ സ്വന്തം വളപ്പില്‍നിന്നോ അയല്‍പക്കങ്ങളില്‍ നിന്നോ ലഭ്യമായിരുന്നുതാനും.
ഇന്നാകട്ടെ ഭൂരിപക്ഷം വീടുകളിലും ഭക്ഷ്യവസ്‌തുക്കളെല്ലാം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്. ഇങ്ങനെ വിലകൊടുത്തു വാങ്ങുന്ന ഭക്ഷ്യവസ്‌തുക്കളില്‍ ഒരു ഗണ്യമായ ഭാഗം പാഴായിപ്പോവുകയാണ്. ദിവസേന ചെറിയ അളവില്‍ സംഭവിക്കുന്ന ഈ നഷ്‌ടത്തിലൂടെ ദീര്‍ഘകാലയളവിലുണ്ടാകുന്ന വന്‍ നഷ്‌ടം ആരും കണക്കുകൂട്ടാറില്ല. ഉപഭോക്തൃമന്ത്രാലയം അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ നിന്നും വ്യക്തമായിരിക്കുന്നതു മധ്യവര്‍ത്തി കുടുംബങ്ങളില്‍ വാങ്ങുന്ന ഭക്ഷ്യവസ്‌തുക്കളുടെ ആറുശതമാനത്തോളം പാഴായിപ്പോകുന്നുവെന്നാണ്.
ഓരോ കുടുംബത്തിനും മാസം തോറും അഞ്ഞൂറു രൂപയോളം ഇപ്രകാരം നഷ്‌ടപ്പെടുന്നുവെന്നാണു കണക്കാക്കിയിട്ടുള്ളത്. ഈ അഞ്ഞൂറുരൂപാ 12 ശതമാനം വാര്‍ഷിക പലിശനിരക്കില്‍ മാസം തോറും സ്ഥിരനിക്ഷേപം നടത്തിയാല്‍ 40 വര്‍ഷത്തിനുശേഷം നിങ്ങള്‍ക്കു കയ്യില്‍ കിട്ടുക 48 ലക്ഷം രൂപയായിരിക്കും എന്നറിയുമ്പോഴാണ് ഈ പാഴാക്കലിന്റെ ഗൗരവം മനസ്സിലാവുക.
ഭക്ഷ്യവസ്‌തുക്കള്‍ പാഴായിപ്പോകുന്നതു പൂര്‍ണമായി ഒഴിവാക്കാനാവില്ല എന്നു നമുക്കറിയാം. എങ്കിലും ശ്രദ്ധിച്ചാല്‍ പാഴായിപ്പോകല്‍ പരമാവധി കുറയ്‌ക്കാന്‍ സാധിക്കും. പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോഴാണ് അങ്ങേയറ്റം ശ്രദ്ധിക്കേണ്ടത്.
ഏറ്റവുമധികം പാഴാകുന്ന വസ്‌തുക്കള്‍ ഇവയാണ്. ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നതും ഇവയ്‌ക്കാണ്. പഴവര്‍ഗങ്ങള്‍ വാങ്ങിച്ചു വീട്ടിലെത്തി നോക്കുമ്പോഴാണ് അവയില്‍ നല്ല പങ്കും ചീഞ്ഞതും ചതഞ്ഞതും കെട്ടതുമാണെന്നു മനസ്സിലാവുക. പച്ചക്കറികളുടെയും അവസ്ഥ ഇതുതന്നെ.
പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ സൂക്ഷ്‌മമായി പരിശോധിച്ച് ഉപയോഗ യോഗ്യമാണെന്നു ബോധ്യപ്പെട്ടു വാങ്ങിയാല്‍ നഷ്‌ടം ഒരു പരിധിവരെ ഒഴിവാക്കാം. വിലകുറഞ്ഞുകിട്ടും എന്നതുകൊണ്ടു കൂടുതല്‍ അളവില്‍ പച്ചക്കറികളും മറ്റും വാങ്ങിക്കൂട്ടാന്‍ പാടില്ല. ഗുണമേന്മ കുറഞ്ഞവയും ഒഴിവാക്കണം. ഒരാഴ്‌ചയില്‍ കൂടുതല്‍ അവ കേടുകൂടാതെ ഇരിക്കില്ലെന്നു മാത്രമല്ല, അവയുടെ ഗുണമേന്മ ഇരിക്കുന്തോറും കുറയുകയും ചെയ്യും.
ഇടയ്‌ക്കിടെ ഫ്രിഡ്‌ജില്‍ സാധനങ്ങള്‍ നിറക്കുമ്പോള്‍ ആദ്യംവെച്ച സാധനങ്ങള്‍ ഏറ്റവും അടിയിലിരിക്കുന്നതിനാല്‍ ഉപയോഗിക്കാതെ കേടായിപ്പോകാറുണ്ട്. ഇത് ഒഴിവാക്കാന്‍ ആഴ്‌ചയിലൊരിക്കല്‍ സാധനങ്ങളെല്ലാം പുറത്തെടുത്തു ഫ്രിഡ്‌ജ് വൃത്തിയാക്കണം. സാധനങ്ങള്‍ പ്ലാസ്റ്റിക് കൂടുകളില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ നല്ലതു കടലാസു കൂടുകളില്‍ സൂക്ഷിക്കുന്നതാണ്.
വിശന്ന വയറോടെ ഷോപ്പിംഗിനു പോകരുത്. വിശന്നിരിക്കുന്ന അവസ്ഥയില്‍ ആഹാര പദാര്‍ത്ഥങ്ങളോടു താത്‌പര്യമേറിയിരിക്കുന്നതിനാല്‍ കൂടുതല്‍ അളവില്‍ വാങ്ങാനുള്ള പ്രവണത ഉണ്ടാകും. ഇതൊഴിവാക്കാനായി ഷോപ്പിംഗിനു പോകുന്നതിനു മുമ്പായി വയറു നിറയെ ആഹാരം കഴിച്ചിട്ടു പോകുന്നതു നന്നായിരിക്കും.
ക്രെഡിറ്റ് കാര്‍ഡിനു പകരം കറന്‍സിതന്നെ കൊണ്ടുപോകുന്നതും ഫലവത്താണ്. പോക്കറ്റില്‍നിന്നും പണം എണ്ണി കൊടുക്കുമ്പോഴാണു പണത്തിന്റെ മൂല്യം നമുക്കു ശരിക്കും ബോധ്യമാവുക!
ഷോപ്പിംഗിനു പോകുന്നതിനു മുമ്പ് ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് നിര്‍ബന്ധമായും തയ്യാറാക്കണം. ലിസ്റ്റില്‍പ്പെടാത്ത ഇനങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. ഡിസ്‌ക്കൗണ്ടുള്ള വസ്‌തുക്കളും ഒന്നെടുത്താല്‍ ഒന്നു ഫ്രീ പോലുള്ള ഓഫറുകളും വഴിതെറ്റിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അത്യാവശ്യമില്ലാത്തവയെല്ലാം അനാവശ്യമെന്നു കരുതുന്നതാണു ചെലവു ചുരുക്കലിന്റെ അടിസ്ഥാനം.
https://www.facebook.com/Malayalivartha