സംസ്ഥാനത്ത് ആദ്യമായി രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സജ്ജമായി മഞ്ചേരി മെഡിക്കല്‍ കോളേജ്

സംസ്ഥാനത്ത് ആദ്യമായി രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സജ്ജമായി മഞ്ചേരി മെഡിക്കല്‍ കോളേജ്. ഇനി ഇവിടെ രാത്രി എട്ടുവരെ പോസ്റ്റ്മോര്‍ട്ടം നടത്തും.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെതുടര്‍ന്ന് മഞ്ചേരിയില്‍ ഫോറന്‍സിക് വകുപ്പ് മേധാവി ഡോ. ഹിതേഷ് ശങ്കറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഇതിനായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. നിലവില്‍ രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പോസ്റ്റ്മോര്‍ട്ടം. നടപടിക്രമങ്ങള്‍ കഴിഞ്ഞ് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജില്‍ എത്തുമ്പോഴേക്കും സമയം കഴിയുന്നതിനാല്‍ പലപ്പോഴും പിറ്റേ ദിവസമാണ് പോസ്റ്റ്മോര്‍ട്ടം നടത്താറ് പതിവുള്ളത്.
സമയം നീട്ടുന്നതോടെ ഇതൊഴിവാക്കാനാകും. കൊലപാതകം, ആത്മഹത്യ, പീഡനത്തെത്തുടര്‍ന്നുള്ള മരണം, സംശയാസ്പദമായ സാഹചര്യത്തില്‍ കിട്ടുന്ന മൃതദേഹം, തിരിച്ചറിയാനാകാത്ത വിധത്തിലോ അഴുകിയതോ ആയ മൃതദേഹം എന്നിവ ഒഴികെയുള്ളവായാണ് രാത്രി പോസ്റ്റ്മോര്‍ട്ടം നടത്തുക.
രാത്രി പോസ്റ്റുമോര്‍ട്ടത്തിന് അതത് ഇടങ്ങളിലെ ഇന്‍സ്‌പെക്ടര്‍മാര്‍ വൈകുന്നേരം അഞ്ചിനുമുമ്പ് കത്ത് നല്‍കണം. വലിയ അപകടങ്ങളും ദുരന്തങ്ങളുമുണ്ടായാല്‍ 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്തും.
"
https://www.facebook.com/Malayalivartha