മണ്ണിന്റെ വഴിയേ

1824-ലെ സിമന്റിന്റെ കണ്ടുപിടുത്തം ലോകത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ഒന്നാണ്. മനുഷ്യജീവിതത്തെ വഴിതിരിച്ചുവിട്ട ഒന്ന്. പ്രകൃതിയുമായുള്ള സൗഹൃദമായിരുന്നു മനുഷ്യന്റെ ഗൃഹസംസ്‌കൃതിയെ നിര്‍ണയിച്ചിരുന്നത്. എന്നാല്‍ നല്ല ഉറപ്പുള്ളതും പെട്ടെന്ന് കട്ടിപിടിക്കുന്നതുമായ സിമന്റ് നിര്‍മ്മാണമേഖലയെ സ്വന്തം വരുതിക്കുള്ളിലാക്കിയത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ്. സിമന്റ് മാത്രമല്ല നിര്‍മ്മാണരംഗത്തെ വികാസത്തിനനുസരിച്ച് പുതിയ പല സാമഗ്രികള്‍ രൂപം കൊണ്ടു. മെറ്റലും കമ്പിയും സിമന്റും ഉപയോഗിച്ച് ബഹുനില മന്ദിരങ്ങള്‍ ഉയര്‍ന്നു. ഈ പുതുമകള്‍ തകര്‍ത്തെറിഞ്ഞത് മനുഷ്യന്റെ സഹജഭാവത്തെയാണ്.
അന്തരീക്ഷ മലിനീകരണത്തിനും ചൂടുപുറത്തു വിടുന്നതിലും സിമന്റിനോളം കേമന്‍ ആരും ഇല്ലെന്നത് ലളിതസാരം. സിമന്റ് മാത്രമല്ല ഈ കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ഓരോ വസ്തുവും പ്രകൃതിയെ ചൂഷണം ചെയ്തുണ്ടാക്കുന്നതാണ്. ഇനി ഇതെല്ലാം ഉപയോഗിച്ച് വീടുവച്ച് കഴിയട്ടെ. ഇനിയെന്താണ്? ചൂടില്‍നിന്നും തണുപ്പില്‍ നിന്നും രക്ഷനേടാന്‍ കെട്ടിയ വീട്ടില്‍ നിന്നും രക്ഷപ്പെടേണ്ട അവസ്ഥ ഉണ്ടാകും. ശിഷ്ടകാലം സ്വയംകെട്ടിയ കോണ്‍ഗ്രീറ്റ് കുടിലിലിരുന്ന് ഉരുകിതീരാം.
ലോക ജനസംഖ്യയുടെ മൂന്നില്‍ ഒന്നുഭാഗം ജനങ്ങള്‍ ഇപ്പോഴും മണ്‍കെട്ടിടങ്ങളില്‍ താമസിക്കുന്നവരാണ്. മണ്ണുപയോഗിച്ചുള്ള പാര്‍പ്പിട നിര്‍മ്മാണ സാങ്കേതികവിദ്യക്ക് മനുഷ്യസംസ്‌കാരത്തോളം പഴക്കമുണ്ട്. ക്ഷേത്രങ്ങള്‍, ബഹുനില മന്ദിരങ്ങള്‍, ധാന്യപ്പുരകള്‍, എന്തിന് അധികം മണ്‍കട്ടകളും തടിയും കല്ലും ഉപയോഗിച്ച് നിര്‍മ്മിച്ച വന്‍മതില്‍ തന്നെ ഉത്തമസാക്ഷി.
മണ്ണുപയോഗിച്ചുള്ള നിര്‍മ്മാണ രീതിയുടെ മേന്മകള്‍ പലതാണ്. പ്രകൃതിയോടിണങ്ങി നില്‍ക്കുന്നത് എന്നതിലുപരി നിര്‍മ്മാണ മാലിന്യങ്ങളുടെ അളവും കുറവായിരിക്കും. ഒരു കോണ്‍ക്രീറ്റ്‌കെട്ടിടത്തിന്റെ ശരാശരി ആയുസ്സ് 45-65 വരെയാണ്. എന്നാല്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന വീടുകള്‍ ഇതിലുമേറെക്കാലം നിലനില്‍ക്കും. മാത്രമല്ല എത്ര നിലകള്‍ വേണമെങ്കിലും ഉണ്ടാക്കാന്‍ കഴിയും. ഇത്തരത്തില്‍ ലോകമെമ്പാടും പ്രചാരമേറി വരുന്ന പുത്തന്‍ മേഖലയാണ് എര്‍ത്ത് ആര്‍ക്കിടെക്ചര്‍.
https://www.facebook.com/Malayalivartha