അടുക്കള അരമനയാക്കുമ്പോള്‍ എങ്ങനെ ചെലവു കുറയ്ക്കാം?

അടുക്കള അരമനയാകണമെന്നാണ് വീടു പണിയുമ്പോള്‍ വീട്ടമ്മമാര്‍ ആവശ്യപ്പെടാറുള്ളത്. ചെലവും അഴകും കുറക്കാനുള്ള ഇടമാണ് അടുക്കളയെന്ന കണക്കുകൂട്ടല്‍ എന്നോ മാറിയിരിക്കുന്നു. അടുക്കും ചിട്ടയും അഴകുമുള്ള അടുക്കളകള്‍ തന്നെയാണ് വീടിന് ഐശ്വര്യം. എന്നാല്‍ അടുക്കളയില്‍ ആഢംബരങ്ങള്‍ അതിരുവിടരുത്. പെരുമാറാനുള്ള സൗകര്യത്തിനാണ് മുന്‍ഗണന നല്‍കണ്ടേത്.
അടുക്കള ഏതു രീതിയിലാണ് ഉപയോഗിക്കുന്നുവെന്നത് കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, വീട്ടമ്മയുടെ പ്രൊഫഷന്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലായിരിക്കും. കുടുംബത്തിന്റെ ഘടനയും സ്വഭാവവും മാറുന്നതിനനുസരിച്ച് അടുക്കള ഉപയോഗവും വ്യത്യസ്തമായിരിക്കും.
വീട്ടുകാരുടെ ഉപയോഗത്തിനനുസരിച്ച് അടുക്കളയുടെ വലിപ്പം നിയന്ത്രക്കുകയാണ് ആദ്യമായി ചെയ്യാവുന്ന കാര്യം. ഷോ കിച്ചണ്‍ ആണെങ്കില്‍ തുറന്നതും കൗണ്ടര്‍ടോപ്പ് ചെറുതുമാക്കാം. ഷോ കിച്ചനില്‍ കബോര്‍ഡുകളുടെ എണ്ണവും നിയന്ത്രിക്കാവുന്നതാണ്.
അടുക്കള കാബിനറ്റുകള്‍ തടികൊണ്ടുതന്നെ നിര്‍മിക്കണമെന്ന് ശാഠ്യം പിടിക്കേണ്ടതില്ല. പകരം കംപ്രസ്ഡ് വുഡ് ഉപയോഗിക്കാം. ഇത് ഓട്ടോമോട്ടീവ് പെയിന്റ് അടിച്ചാല്‍ ചെലവും കുറയും. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഒന്നു പോളിഷ് ചെയ്‌തെടുത്താല്‍ മതിതാനും. എന്നാല്‍ മാറ്റ് ഫിനിഷ് ആണെങ്കില്‍ വൃത്തിയാക്കാന്‍ പ്രയാസമായിരിക്കും, ഈടും കുറയും. ഗ്‌ളോസി ഫിനിഷാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ സാമ്പത്തിക ലാഭമുള്ളത്.
പൈ്‌ളവുഡ്, അലുമിനിയം, പി.വി.സി, പ്‌ളാസ്റ്റിക്, ഫൈബര്‍ തുടങ്ങിയ മെറ്റീരിയലുകളും കാബിന്‍ നിര്‍മാണത്തിന് ഉപയോഗിക്കാം. താരതമ്യേന ചെലവു കുറഞ്ഞ മെറ്റീരിയലുകളാണ് ഇവ.
പല നിറത്തിലും തരത്തിലുമുള്ള പ്രകൃതിദത്ത കല്ലുകള്‍ കൗണ്ടര്‍ടോപ്പിന് ഉപയോഗിക്കുന്നുണ്ടെങ്കിലും കറുപ്പുനിറമുള്ള ഗ്രാനൈറ്റിനെ വെല്ലാന്‍ മറ്റൊരു മെറ്റീരിയലും മാര്‍ക്കറ്റിലില്ല. ചെലവു കുറവ് മാത്രമല്ല, ഈടിന്റെ കാര്യത്തിലും വെള്ളത്തിനോടു പ്രതികരിക്കുന്ന കാര്യത്തിലുമെല്ലാം ഗ്രാനൈറ്റിനോളം വരില്ല മറ്റൊന്നും.
റാക്കുകള്‍, ഷോ കേസ് കാബിനുകള്‍ എന്നിവയില്‍ ആക്‌സസറികളും മറ്റും കുത്തി നിറയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെലവു കൂടുതലാണെന്നുമാത്രമല്ല, അനാവശ്യമായി സ്ഥലം നഷ്ടപ്പെടുന്നതും ഇത്തരം ആക്‌സസറീസിന്റെ ദോഷഫലമാണ്.
പ്‌ളേറ്റുകളും ഗ്‌ളാസുകളും അടുക്കിവെക്കാനും മറ്റുമായി ഒന്നോ രണ്ടോ റാക്കുകള്‍ മതി എന്നു തീരുമാനിക്കണം. വലിയ പാത്രങ്ങളും മറ്റും വെക്കാന്‍ ഒഴിഞ്ഞു കിടക്കുന്ന കബോര്‍ഡുകള്‍ വേണ്ടിവരും.
സ്റ്റൗവിനും സിങ്കിനും പുറകിലായി ടൈല്‍ നിര്‍ബന്ധമായും വേണം. ഇത് അടുക്കളയ്ക്ക് വൃത്തി നല്‍കും. കൂടുതല്‍ ഗ്‌ളോസിയോ റസ്റ്റിക്കോ ആകാതെ മാറ്റ് ഫിനിഷ് ഉള്ള ടൈലാണ് വൃത്തിയാക്കാന്‍ എളുപ്പം.
https://www.facebook.com/Malayalivartha