പഴമയുടെ സൗന്ദര്യവും ആധുനികതയുടെ സൗകര്യങ്ങളും സമ്മേളിക്കുന്ന 'ഫിഫ്റ്റി ഫിഫ്റ്റി' വീടിന്റെ രഹസ്യങ്ങള്‍!

നാലുകെട്ടിന്റെ മാതൃകയില്‍ ഒറ്റനില വീട് വേണമെന്നുള്ളതായിരുന്നു ഇവിടത്തെ വീട്ടുകാരിയുടെ ആഗ്രഹം. വീട്ടുകാരനാകട്ടെ ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഇരുനിലവീട് വേണമെന്നും. രണ്ടുപേരെയും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ 'ഫിഫ്റ്റി - ഫിഫ്റ്റി' വീടൊരുക്കിയാണ് ഡിസൈനര്‍ ഇതിനു പരിഹാരം കണ്ടത്.
അടൂരിലുള്ള വടക്കേകാവനാല്‍ വീട് പുറമേനിന്ന് കണ്ടാല്‍ ഒറ്റനിലയാണെന്നേ തോന്നൂ. സത്യത്തില്‍ വീട് രണ്ട് നിലയാണ്. നാലുകെട്ടിന്റേതുപോലെ വരാന്തയും നടുമുറ്റവുമെല്ലാമുണ്ട് വീടിന്. അതേസമയം വീടിനുള്ളില്‍ സെമി ഓപന്‍ അടുക്കളയും പാഷ്യോയും പെബിള്‍കോര്‍ട്ടുമടക്കം ആധുനികതയുടെ അടയാളങ്ങളും ആവശ്യത്തിനുണ്ട് .
വിശാലമായ 60 സെന്റിലാണ് വീട്. അതുകൊണ്ട് സ്ഥലപരിമിതി ഒട്ടുമുണ്ടായില്ല. നിരപ്പായ, ഉറപ്പുള്ള സ്ഥലമായതിനാല്‍ കരിങ്കല്ല് കെട്ടിയുള്ള സാധാരണ അടിത്തറയേ വേണ്ടി വന്നുള്ളു. ഇഷ്ടികകൊണ്ടാണ് ചുവര് കെട്ടിയത്.
ഫ്‌ലോറിങ്ങിന് പൊതുഇടങ്ങളില്‍ ഗ്രാനൈറ്റും മറ്റിടങ്ങളില്‍ വിട്രിഫൈഡ് ടൈലും ഉപയോഗിച്ചു. ഗ്രാനൈറ്റിന് ചതുരശ്രയടിക്ക് 300 രൂപയും ടൈലിന് 150 രൂപയും ചെലവ് വന്നു. എലിവേഷന്റെ ഭംഗിക്കായി മേല്‍ക്കൂര ചരിച്ചു വാര്‍ത്ത് അതില്‍ സാധാരണ ഓട് പതിപ്പിക്കുകയായിരുന്നു.
ഡബിള്‍ഹൈറ്റിലുള്ള നടുമുറ്റമാണ് വീടിനുള്ളിലെ പ്രധാനപ്പെട്ട ആകര്‍ഷണം. ഇതിനു മുകളില്‍ കോണ്‍ക്രീറ്റ് പര്‍ഗോള നല്‍കി അതില്‍ ഗ്ലാസ് ഇട്ടിരിക്കുകയാണ്. ആവശ്യമുള്ളപ്പോള്‍ റിമോട്ട് ഉപയോഗിച്ച് തുറക്കാവുന്ന രീതിയിലാണ് ഗ്ലാസ് പിടിപ്പിച്ചിരിക്കുന്നത്.
വീടിനുള്ളിലിരുന്ന് മഴ കാണണമെന്നോ മറ്റോ തോന്നിയാല്‍ ഗ്ലാസ് പാളി തുറന്നാല്‍ മതി. നടുമുറ്റത്തിന് ചുറ്റുമായി മറ്റു മുറികളെല്ലാം വരുംവിധമാണ് ക്രമീകരണം.
(ഏരിയ: 3200 സ്ക്വയര്‍ ഫീറ്റ്,ഡിസൈനര്‍: ശ്യാം കുമാര്‍, ഗ്രീന്‍ ഹോംസ്, തിരുവല്ല)
https://www.facebook.com/Malayalivartha