കക്ഷത്തില്‍ സൂം ചെയ്ത് നോക്കുന്ന മാധ്യമ സ്വാതന്ത്ര്യം

ഒരു എഫ്.ഐ.ആറിന്റെയോ പരാതിയുടേയോ അടിസ്ഥാനത്തില്‍ ആരെ വേണമെങ്കിലും എഴുതിത്തുലയ്ക്കാമെന്ന മാധ്യമസ്വാതന്ത്ര്യം ഇന്നു സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തുതുടങ്ങി. എത്ര നിരപരാധികളുടെ ജീവിതം തകര്‍ത്തു. അതിലെത്രപേര്‍ ആത്മഹത്യ ചെയ്തു. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകരെ കൂട്ടുപിടിച്ച് കള്ളക്കേസുണ്ടാക്കി അതു വാര്‍ത്തയാക്കി ആഘോഷിച്ച് എത്ര ജ•ങ്ങളെ ഭ്രാന്തരാക്കി.
വളയങ്ങളില്ലാത്ത, വകതിരിവുകളില്ലാത്ത ചാനല്‍ സംസ്‌കാരവും, മത്സരവും, ബ്രേക്കിംഗ് ന്യൂസുമൊക്കെ എത്ര നിരപരാധികളെ ജീവനോടെ കത്തിക്കുന്നു. അവരുടെ കണ്ണുനീരില്‍ നിന്നുവേണം ഇക്കഴിഞ്ഞ ആഴ്ചയിലെ അഭിഭാഷക മാധ്യമ പോര് വിലയിരുത്തേണ്ടത്.
അഭിഭാഷകരുടെ അകം തുടയില്‍ നുള്ളുകിട്ടിയപ്പോള്‍ അവര്‍ ഒത്തുകൂടി. പകയോടെ ആക്രമണവും തുടങ്ങി. നാളെ പൊതുസമൂഹം മാധ്യമങ്ങളുടെ നേര്‍ക്ക് മുരണ്ടടുക്കുന്നതിനു മുന്‍പ് ചില തിരുത്തലുകള്‍ക്ക് തയ്യാറാകണം. മാധ്യമങ്ങള്‍ വേട്ടക്കാരനും ജനങ്ങള്‍ ഇരകളുമല്ല. ആരെയെങ്കിലും എറിഞ്ഞുവീഴിച്ച് അവന്റെ നെഞ്ചില്‍ റീത്തുവച്ച് എഴുതിയാഘോഷിക്കുന്ന മാധ്യമ സംസ്‌കാരം ശുദ്ധമാക്കപ്പെടണം. കോടതിയുടെ പേരില്‍ ജഡ്ജിയുടെ കമന്റുകളുടെ പേരില്‍ എന്തു തോന്ന്യാസവും എഴുതാം എന്ന നിലമാറണം. നിലപാടുതറ മാറണം.പ്രതിയെന്നു സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നതിനിടയില്‍ ജഡ്ജിമാര്‍ പലപ്പോഴും പരുക്കരായെന്നുവരാം. അനഭിമത ചോദ്യങ്ങള്‍ ചോദിച്ചെന്നുവരാം. അതൊക്കെ വാര്‍ത്തയാക്കി, ആഘോഷമാക്കി പൊങ്കാലയിടുന്നവര്‍ പലപ്പോഴും സത്യത്തില്‍നിന്ന് ഏറെ ദൂരെയാണ്.
രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാന്‍ ചങ്കുറപ്പുള്ള മാധ്യമ ഗുരുക്കളെയാണ് നമുക്കാവശ്യം.
ഒരു സ്ത്രീപീഢന കഥ സത്യമോ എന്നുറപ്പാക്കുന്നതിന് മുന്‍പ് തന്നെ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ചാനല്‍ ആഘോഷമാക്കുമ്പോള്‍, ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന വസ്തുത നമ്മള്‍ മറന്നുപോകുന്നു. അഥവാ ചാനല്‍ റേറ്റിംഗിനു മാത്രമായി ബോധപൂര്‍വ്വം മറക്കുന്നു.
മാധ്യമ - അഭിഭാഷക പോരില്‍ ആരു ജയിച്ചു, തോറ്റു എന്നതല്ല പ്രശ്‌നം. എത്രയോ നിരപരാധികള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും അതെല്ലാം പത്രങ്ങള്‍ ആഘോഷമാക്കുകയും ചെയ്യുന്നു. അവരുടെ കണ്ണുനീര്‍ ഇനിയും നമ്മള്‍ കാണാതെ പോകരുത്. ഇനിയും മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടാം. സംഘടിതമായും, അല്ലാതെയും. മാധ്യമപ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് ഉണ്ട് എന്നുകരുതുന്ന അമിതസ്വാതന്ത്ര്യം പലപ്പോഴും പൊതുജനത്തില്‍ ശത്രുത ഉണ്ടാക്കുന്നു.
ചാനല്‍ സ്റ്റുഡിയോകളില്‍ മുന്‍വിധികളോടെ പ്രതിയെ ചോദ്യം ചെയ്യുന്നതുപോലെയുള്ള അവതാരകരുടെ ചോദ്യ കസര്‍ത്തുകള്‍ പലപ്പോഴും അരോചകമാകുന്നു. ഒടുവില്‍ കക്ഷത്തില്‍ സൂം ചെയ്ത് കഥമെനഞ്ഞ് സ്വയം വിഡ്ഢിവേഷമണിയുമ്പോള്‍ അഭിഭാഷകര്‍ക്ക് പൊതുപിന്തുണയേറി വരുന്നതും കാണാതെ പോകരുത്. ഒരു എഫ്.ഐ.ആറിന്റെയോ പരാതിയുടെയോ മാത്രം പിന്‍ബലത്തില്‍ ഒരു നിരപരാധിയെപ്പോലും മാധ്യമങ്ങള്‍ തകര്‍ക്കരുത്. അവരുടെ കുടുംബത്തിന്റെ കണ്ണീര്‍ കാണാതെ പോകരുത്.
https://www.facebook.com/Malayalivartha