ഗള്‍ഫിന്റെ കണ്ണീര്‍ കാണാതെ പോകരുത്!

മലയാളിയുടെ ആശ്രയവും അഭിമാനവുമായിരുന്ന ഗള്‍ഫ്, കണ്ണീരിന്റെ കഥ പറയാന്‍ തുടങ്ങി. കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ ഗള്‍ഫ് മേഖല തളരുമ്പോള്‍ 25 ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികള്‍ കടുത്ത ആശങ്കയിലാണ്.
സി ഡി എസിന്റെ ( സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് ) കണക്കു പ്രകാരം പ്രതിവര്‍ഷം 80,000 കോടി രൂപയാണ് കേരളത്തിലെത്തുന്ന പ്രവാസി പണം. ഈ കറവപ്പശുക്കളെ ഞെക്കിപ്പിഴിഞ്ഞാണ് പല മലയാളി കുടുംബങ്ങളും, അവരുടെ ബിസിനസ് പങ്കാളികളും ഞെളിഞ്ഞു നടന്നത്. ഓരോ വര്‍ഷവും നാട്ടിലെത്തുന്ന ഈ പ്രവാസികളെ തട്ടിച്ചും വെട്ടിച്ചും എത്ര റിയല്‍ എസ്‌റ്റേറ്റ് കച്ചവടങ്ങള്‍,നാട്ടിലെന്തെങ്കിലും ചെയ്യണമെന്ന് ആശയുള്ളവരെ കുപ്പിയിലാക്കി തട്ടിക്കൂട്ട് പരിപാടികള്‍! ഓരോ വര്‍ഷവും പാവം പ്രവാസികള്‍ ചിന്തിക്കും, പോയത് പോട്ടെ ഭാവിയില്‍ ശരിയാക്കാം.
ആ ഭാവി ഇരുളിലേക്ക് നീങ്ങുകയാണ്. ഗള്‍ഫ് മേഖലയുടെ സാമ്പത്തിക നട്ടെല്ലായ സൗദി കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുന്നു.എപ്പോഴും സാമ്പത്തിക തകര്‍ച്ച തുടങ്ങുന്നത് നിര്‍മാണ മേഖലയിലാണ്. തുടര്‍ന്ന് ബാങ്കുകളിലേക്കും ഇതര മേഖലകളിലേക്കും പടരും. എണ്ണ വിലയിലുണ്ടായ പ്രതിസന്ധിയും, ആഗോള സാമ്പത്തിക മാന്ദ്യവും ഗള്‍ഫ് മേഖലയെ തകര്‍ക്കുന്നു. സൗദി അറബ്യക്കുണ്ടാകുന്ന തകര്‍ച്ച യു എ ഇ യില്‍ പടരുമെന്നുറപ്പാണ്. പ്രവാസികള്‍ കടുത്ത ആശങ്കയിലാണ്.
പ്രവാസി പണത്തിന്റെ പിന്‍ബലത്തില്‍ മാത്രമാണ് കേരളം ജീവിത നിലവാര സൂചികയില്‍ മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കുന്നത്.വ്യവസായങ്ങളോ, ടൂറിസം തുടങ്ങിയ സേവന മേഖലകളോ കേരളത്തെ താങ്ങി നിര്‍ത്തുന്നില്ല. ഗള്‍ഫില്‍ നിന്നുയരുന്ന മാന്ദ്യവാര്‍ത്തകള്‍ പൂര്‍ണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വന്‍തിരിച്ചടിയാണ്. എണ്ണ വിലയിലുണ്ടായ തകര്‍ച്ച മൂലം ഗള്‍ഫ് രാജ്യങ്ങളുടെ വാര്‍ഷിക വരുമാനം 60 ശതമാനത്തിലധികം ഇടിഞ്ഞിരിക്കുന്നു. വരുമാനം കുറഞ്ഞപ്പോള്‍ പൊതുചെലവുകളും അതനുസരിച്ചു കുറക്കാന്‍ സ്വാഭാവികമായും ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. തൊഴില്‍ മേഖലകളിലും, പദ്ധതികളിലും, വാര്‍ഷിക ബജറ്റിലുമൊക്കെ വന്‍വെട്ടികുറക്കലുകളാണ് അവര്‍ നടത്തുന്നത്.
കേരളത്തിലെ പൊതുമേഖലാ ബാങ്കുകളിലെ പ്രവാസി നിക്ഷേപത്തിന്റെ 25 ശതമാനത്തോളം സൗദി അറബ്യയില്‍ നിന്നുള്ളതാണ്. പത്ത് ലക്ഷത്തോളം മലയാളികള്‍ അവിടെ ജോലി ചെയ്യുന്നു.
ഈ ആശങ്ക, കണ്ണീര്‍ കേരളം കാണാതെ പോകരുത്. ഗവണ്മെന്റ് അടിയന്തിരമായി പ്രവാസികളുടെ ക്ഷേമത്തിനുതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഇവരുടെ ചോര നീരാക്കിയ സമ്പാദ്യങ്ങളാണ് കേരളത്തെ വളര്‍ത്തിയത് എന്ന യാഥാര്‍ഥ്യം ഓര്‍മ്മിക്കേണ്ട സമയമാണിത്. പ്രവാസികളില്‍ നിന്ന് ഫണ്ട് ശേഖരണം നടത്തി കീശ വീര്‍പ്പിക്കാത്ത ഏതു രാഷ്ട്രീയ കക്ഷികളാണ്, നേതാക്കളാണ് ഇവിടെയുള്ളത്? സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട നേരമാണിത്.
https://www.facebook.com/Malayalivartha