യു.ഡി.എഫ് അനിവാര്യദുരന്തം

കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ ചില സമവാക്യങ്ങളുണ്ടായിരുന്നു. ഐക്യജനാധിപത്യമുന്നണിയും, ഇടതുപക്ഷ ജനാധിപത്യമുന്നണിയും നിലനിന്നത് പ്രാദേശികവും, ജാതീയവുമായ രാഷ്ട്രീയ കക്ഷികളുടെ ഒത്തുചേരലിലാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഐക്യമുന്നണിയെ കാത്തിരുന്നത് അനിവാര്യമായ ദുരന്തമായിരുന്നു. പരസ്പരം പോരടിക്കുന്ന നേതൃബാഹുല്യത്തില്‍ മുന്നണിയിലെ പ്രബലകക്ഷിയായ കോണ്‍ഗ്രസ് ഏറെ ശിഥിലമായിരുന്നു. പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടു പോകുന്നതില്‍ പരാജയപ്പെട്ട കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ എ, ഐ വിഭാഗത്തിന്റെ പൊതുശത്രുവാണ്. ഗ്രൂപ്പുകളെ പാഠം പഠിപ്പിക്കാനിറങ്ങി പാര്‍ട്ടിയുടെ സര്‍വ്വത്ര ഇമേജും പൊളിച്ചടുക്കി. കൂട്ടത്തില്‍ രണ്ടാമതൊരാളെ കൂട്ടാന്‍ കഴിവില്ലാത്ത പ്രസിഡന്റ് സ്വന്തം പാര്‍ട്ടിയിലെ അഴിമതി പലവട്ടം മലര്‍ന്നു കിടന്നു തുപ്പി.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കാര്യമായൊന്നും നഷ്ടപ്പെടാത്ത സുധീരന്‍ തുടര്‍ന്നും സ്വന്തം പാര്‍ട്ടിയെ തളര്‍ത്തുന്ന നടപടികള്‍ തുടര്‍ന്നു. ദുര്‍ബലനായ ഉമ്മന്‍ചാണ്ടി സ്വയം ഉള്‍വലിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഘടകകക്ഷികളുടെ അപ്രീതിയില്‍ പെട്ടുഴലുന്നു. കേരളാ കോണ്‍ഗ്രസിന്റെ ഒറ്റയ്ക്കു നില്പു സമരത്തില്‍ രമേശ് ചെന്നിത്തല വല്ലാതെ വിയര്‍ക്കുകയാണ്. ലീഗും, വീരനും മുന്നണി വിടാന്‍ ആലോചിക്കുന്നു.
തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ഈ പാര്‍ട്ടികളില്‍ കടുത്ത ആഭ്യന്തര ശൈഥില്യത്തിന് വഴിമരുന്നിട്ടു. അവയില്‍ ഉള്‍ക്കൊള്ളുന്ന സാധാരണ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നവരാണ്.
യു.ഡി.എഫ് വിട്ടുവരുന്നവരുമായി പ്രശ്‌നാധിഷ്ഠിതമായി സഹകരിക്കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കേരളാ കോണ്‍ഗ്രസിനോടുള്ള മൃദുസമീപനത്തിന്റെ ഭാഗമാണ്.
ആഗസ്റ്റ് 12ന്റെ ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയല്‍ കേരളാകോണ്‍ഗ്രസ് ബന്ധം അനിവാര്യമാണെന്ന് പറയാതെ പറയുന്നു.
''കര്‍ഷക പാര്‍ട്ടിയെന്ന് അഭിമാനിക്കുന്ന കേരള കോണ്‍ഗ്രസിന്റെ വിവിധ വിഭാഗങ്ങളുമായി എല്‍.ഡി.എഫ് നേരത്തെയും സഹകരിക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ നായനാര്‍ മന്ത്രിസഭയില്‍ കെ.എം. മാണിതന്നെ മന്ത്രിയായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രബലവിഭാഗം ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ് രൂപീകരിച്ച് എല്‍.ഡി.എഫിനൊപ്പം നിന്നത് നിയമസഭാ തെരഞ്ഞെടുപ്പിലെ നിര്‍ണായക രാഷ്ട്രീയ സംഭവ വികാസമായിരുന്നു. നേരത്തെ എല്‍.ഡി.എഫിന്റെ ഭാഗമായിരുന്ന ആര്‍.എസ്.പി, ജനതാദള്‍ കക്ഷികളും അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍ചിന്തനത്തിന് തയ്യാറാകേണ്ടിവരും. ഇത്തരത്തില്‍ യു.ഡി.എഫിനകത്തെ അന്തഃഛിദ്രം രൂക്ഷമായിക്കൊണ്ടിരിക്കെ, ജനകീയ അടിത്തറ ഇടതുപക്ഷത്തിന് അനുകൂലമായി വികസിപ്പിച്ചെടുക്കുക എന്നത് ശരിയായ രാഷ്ട്രീയ കടമയാണ്. നിയമസഭയില്‍ നല്ല ഭൂരിപക്ഷമുള്ളതിനാല്‍ എല്‍.ഡി.എഫ് ആചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന വാദത്തില്‍ യുക്തിയില്ല. വര്‍ഗീയതയും ജനവിരുദ്ധ നയങ്ങളും ശക്തിപ്പെടുന്ന കാലത്ത് ജനങ്ങളുടെ ഐക്യനിര സാധ്യമാകുന്നിടത്തോളം വിപുലമാക്കുകയാണ് ജനപക്ഷ രാഷ്ട്രീയത്തിന്റെ കടമ''.
മുന്നണി വിടാനുള്ള കേരളാ കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ ഉറഞ്ഞുതുള്ളിയ കോണ്‍ഗ്രസ് ഇപ്പോള്‍ നിലപാടു മയപ്പെടുത്തിയിരിക്കുന്നു. ഒരു ജനപിന്തുണയുമില്ലാത്ത പന്തളം സുധാകരനെപ്പോലുള്ളവരാണ് കോണ്‍ഗ്രസിന്റെ ശാപം. സ്വന്തം ഇമേജിനുവേണ്ടി ആരെയും തള്ളിപ്പറയുന്ന കപട ആദര്‍ശവാദികളായ പ്രതാപനും, സതീശനും ഒരുവശത്ത്. യു.ഡി.എഫ്. യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു. തകര്‍ച്ചയ്ക്ക് കാരണം കോണ്‍ഗ്രസ് മാത്രമാണെന്നും തങ്ങളുടെ നിലനില്‍പ്പുതന്നെ ഇല്ലാതാക്കിയെന്നും ജെ.ഡി.യു, ആര്‍.എസ്.പി, ജോണ്‍ വിഭാഗം സി.എം.പി. എന്നീ കക്ഷികള്‍ തുറന്നടിച്ചു.
മാണിയെ പറഞ്ഞുവിട്ടതിന്റെ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി ലീഗും നിലപാട് കടുപ്പിച്ചു. അവശിഷ്ട യു.ഡി.എഫും തകര്‍ച്ചയിലേക്ക് നീങ്ങിയ ഘട്ടത്തിലാണ് പറഞ്ഞതെല്ലാം വിഴുങ്ങി ചെന്നിത്തലയും സുധീരനും മാണിയെ തിരിച്ചുവിളിച്ചത്. എന്നാല്‍, വാക്കുകള്‍ മയപ്പെടുത്തി പരിഹരിക്കാവുന്നതല്ല യു.ഡി.എഫിന്റെ രാഷ്ട്രീയ പ്രതിസന്ധി.
https://www.facebook.com/Malayalivartha