കേരളത്തിലെ പല സിനിമാതാരങ്ങളുടെയും ചങ്ങാത്തം ഗുണ്ടാ നേതാക്കളുമായി; ഗുണ്ടാ - സിനിമാബന്ധം പേടിപ്പെടുത്തുന്ന തിരിച്ചറിവുകള്‍

കേരളത്തിലെ പല സിനിമാതാരങ്ങളുടെയും ചങ്ങാത്തം അറിയപ്പെടുന്ന ഗുണ്ടാ നേതാക്കളുമായി ഉണ്ടെന്ന തിരിച്ചറിവില്‍ നിന്നുവേണം നടിയെ തട്ടിക്കൊണ്ടുപോയ ക്രിമിനലിസത്തെ വിലയിരുത്തേണ്ടത്. ഗുണ്ടകള്‍ക്ക് എക്കാലത്തും സിനിമാക്കാരുമായുള്ള ചങ്ങാത്തം അഭിമാനപ്രശ്‌നമാണ്. തങ്ങള്‍ കൈയ്യാളുന്ന പല ബിനാമി ബിസിനസ്സുകളും കാത്തുസംരക്ഷിക്കാന്‍, ചിലപ്പോഴെങ്കിലും എതിരാളികളെ വകവരുത്താന്‍, റിയല്‍ എസ്റ്റേറ്റ് രംഗം കൈപ്പിടിയിലൊതുക്കുവാന്‍ ഗുണ്ടാ-മാഫിയാ ബന്ധം അനിവാര്യമാണ്. കൊച്ചിയില്‍ സിനിമാക്കാരുടെ മയക്കുമരുന്നു പാര്‍ട്ടികളെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
സിനിമയുടെ ഗ്ലാമര്‍ കൊഴുപ്പില്‍ സ്ത്രീശരീര വില്പനയും കൊഴുക്കുന്നു. ഇത്തരം അധോലോക ബിസിനസ്സുകള്‍ക്ക്, ബൗണ്‍സേഴ്‌സ് എന്ന ഓമനപ്പേരില്‍ സ്വയരക്ഷയ്ക്ക് ഗുണ്ടകളെ വേണം. അപൂര്‍വ്വമായി പാലുകൊടുക്കുന്ന കൈയ്ക്കു കൊത്തിയ ചരിത്രവും ഗുണ്ടകള്‍ക്കുണ്ടെന്നു മാത്രം. സിനിമാപ്രവര്‍ത്തകരില്‍ ചിലര്‍ മയക്കുമരുന്ന് ക്വട്ടേഷന്‍ മാഫിയകളുടെ വലയിലാണെന്ന് മുന്‍മന്ത്രിയും പത്തനാപുരം എം.എല്‍.എ. യുമായ ഗണേഷ്‌കുമാര്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആ ചിത്രത്തിന്റെ നിര്‍മ്മാതാവിനും ഉത്തരവാദിത്വമുണ്ടെന്നു ഗണേഷ്‌കുമാര്‍ പറഞ്ഞു.
പള്‍സര്‍ സുനിയെപ്പോലുള്ള ക്രിമിനലുകളെ വളര്‍ത്തിയതും സിനിമാ ലോകമാണ്. സുനി നിരവധി ഗുണ്ടകളില്‍ ഒരാള്‍മാത്രം. ഏതു സിനിമാ ലൊക്കേഷനിലായാലും സ്വയരക്ഷയ്ക്കും, എതിരാളികളെ വിരട്ടാനും ഗുണ്ടകളുടെ സംരക്ഷണമുണ്ട്. എക്‌സ്ട്രാ നടികള്‍ക്ക് തങ്ങളുടെ ബിസിനസ്സിന് സംരക്ഷരായി ഗുണ്ടകളുണ്ട്. ഇത്തരം കണ്ണികളില്‍ പോലീസ് രാഷ്ട്രീയ നേതൃത്വം ഇഴചേരുമ്പോഴാണ് വേര്‍തിരിക്കാനാവാത്ത ക്രിമിനല്‍ വല നെയ്‌തെടുക്കുന്നത്. ഈ വലക്കണ്ണികളില്‍ അകപ്പെടുന്നവര്‍ക്ക് ബ്ലാക്‌മെയിലിംഗ്, മാനഹാനി പണനഷ്ടം.
ഇത്തരം ബ്ലാക്‌മെയില്‍ കെണികളിലകപ്പെടുന്ന ബിസിനസുകാരും, പ്രവാസികളും ധാരാളം. സിനിമാലോകത്തെ നടിയെ കൂട്ടിത്തരാം എന്ന മോഹന പ്രലോഭത്തില്‍ ഇത്തരം വലകളിലകപ്പെടുന്ന നിരവധി പേരാണുള്ളത്. സിനിമാക്കാരിലേക്കും സത്യസന്ധമായ അനേ്വഷണം നീണ്ടാല്‍ ഒരുപരിധിവരെ ഇത്തരം പുഴുക്കുത്തുകളവസാനിപ്പിക്കാന്‍ കഴിയും. പക്ഷേ ഉന്നത ഇടപെടലുകളും, രാഷ്ട്രീയത്തിലെ വമ്പന്‍മാരുടെ സാന്നിധ്യവും ഈ കേസും ഒരു ചെറിയ ഗുണ്ടാസംഘത്തിന്റെ തലയില്‍തന്നെ കെട്ടിവച്ച് അവസാനിപ്പിക്കാനാണ് സാധ്യത.
കേസില്‍ അനേ്വഷണ സംഘത്തെ ഞെട്ടിക്കുന്ന നിരവധി തെളിവുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സുനിയെ കണ്ടെത്തുകയെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് അനേ്വഷണ സംഘത്തിന്റെ മുഴുവന്‍ ശ്രദ്ധയും മാറ്റിവച്ചിരിക്കുകയാണ്. നിരവധി നടികളാണ് മുന്‍പ് ഇത്തരം ബ്ലാക്‌മെയില്‍ ആക്രമണത്തിന് ഇരയായിട്ടുള്ളതെന്ന വാര്‍ത്തകളും, നടികളുടേതെന്ന പേരില്‍ വാട്ട്‌സാപ്പിലൊഴുകുന്ന ബ്ലൂ ഫിലിം ക്ലിപ്പുകളും ചേര്‍ത്തുവായിക്കേണ്ടതാണ്.
ഏതു തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്. തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യവും, അവര്‍ക്കുവേണ്ട സുരക്ഷയൊരുക്കേണ്ടത് മാറിമാറിക്കൊണ്ടിരിക്കുന്ന സര്‍ക്കാരുകളുടെ ഉത്തരവാദിത്വവും. ഇനിയെങ്കിലും സര്‍ക്കാരും പോലീസും ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
https://www.facebook.com/Malayalivartha