കുടിവെള്ളം യുക്തിരഹിതമായി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി കുവൈത്ത് വൈദ്യുതി- ജല മന്ത്രാലയം
രാജ്യത്ത് കുടിവെള്ളം യുക്തിരഹിതമായി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി കുവൈത്ത് വൈദ്യുതി- ജല മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്. വൻ തുക ചെലവാക്കി നൽകുന്ന കുടിവെള്ളം പാഴാക്കി കളയുന്ന പ്രവർത്തികൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കുവാനാണ് അധികൃതരുടെ ആലോചന.
കുടിവെള്ളം പാഴാക്കുന്നവർക്കെതിരെ പിഴ അടക്കം നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ഫത്വ ആൻഡ് ലെജിസ്ലേഷൻ വകുപ്പുമായി സഹകരിച്ച് പ്രവർത്തനം തുടരുന്നതായി മന്ത്രാലയത്തിലെ എനർജി എഫിഷ്യൻസി ആൻഡ് റാഷനലൈസേഷൻ വിഭാഗം ഡയറക്ടർ എൻജിനീയർ ഇഖ്ബാൽ അൽ തയ്യാർ പറഞ്ഞു. വീടുകളും വരാന്തകളും കഴുകാൻ കുടിവെള്ളം ഉപയോഗിക്കുന്നതിനടക്കം നടപടി എടുക്കാനാണ് ആലോചിക്കുന്നതെന്ന് അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
ശുദ്ധജല ഉൽപാദന ചെലവ് അനുദിനം വർധിക്കുന്ന സാഹചര്യത്തിലാണ് ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തുന്നത് പരിഗണിക്കുന്നതെന്ന് ഇഖ്ബാൽ അൽ തയ്യാർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. വൈദ്യുതിയും ജലവും സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ബോധവത്കരണവും നടത്തും.
സ്കൂളുകളിലെ ജല ദുരുപയോഗം തടയുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കും. ചില സ്കൂളുകളിൽ പൂന്തോട്ടങ്ങൾ നനയ്ക്കാൻ ശുദ്ധജലം ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് അനുവദിക്കില്ല. മീറ്റർ റൂമുകൾ ഉപേക്ഷിച്ച സാധനങ്ങളുടെ സൂക്ഷിക്കൽ കേന്ദ്രമായി മാറിയിട്ടുണ്ട്. ഇത് അനുവദിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha