സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി കുവൈത്തില്‍ പ്രവാസികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നു; കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തുവരുന്നവരേയും ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുമെന്നും സർക്കാർ

കൊറോണ വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി നേരിടുന്ന പ്രവാസികൾക്കു വീണ്ടും വേദന നൽകി മറ്റൊരു വാർത്ത കൂടി. സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി കുവൈത്തില്‍ പൊതുമരാമത്ത് മന്ത്രാലയത്തില്‍ നിന്നും പ്രവാസികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തുവരുന്നവരേയും ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുമെന്നും അണ്ടര്‍ സെക്രട്ടറി ഇസ്മായില്‍ അല്‍ ഫൈലകവി മാധ്യമങ്ങളെ അറിയിച്ചു.
പൊതുമരാമത്ത് മന്ത്രാലയത്തില്‍ ജോലിചെയ്യുന്ന കണ്‍സള്‍ട്ടന്‍റ്, അക്കൗണ്ടന്‍റ്, എഞ്ചിനീയര്‍മാര്‍ എന്നീ തസ്തികയില്‍ ജോലിചെയ്തുവരുന്ന 80 പ്രവാസി ജീവനക്കാരെയാണ് ഇതിലൂടെ പിരിച്ചുവിടുന്നത്. ഇതിനുപുറമെ പ്രത്യേക കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരെയും പിരിച്ചുവിടുമെന്ന് മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഇസ്മായില്‍ അല്‍ ഫൈലകവി വ്യക്തമാക്കുകയുണ്ടായി. പിരിച്ചുവിടാന്‍ പോകുന്നവരുടെ പേരുകളും വിവരങ്ങളും അടങ്ങിയ പട്ടിക മന്ത്രാലയം ഇതിനോടകം തന്നെ അയച്ചിട്ടുണ്ടെന്നും നിയമപരമായ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയം മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതായും അദ്ദേഹം പറയുകയുണ്ടായി.
സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി അടുത്ത ഘട്ടത്തില്‍ മന്ത്രാലയം വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ മന്ത്രാലയത്തില്‍ നിയമിക്കുമെന്നും മന്ത്രാലയത്തിന്‍റെ പ്രവര്‍ത്തന സംവിധാനം വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശവത്കരണം കൂടുതൽ മേഖലയിലേക്ക് ഉണ്ടാകുമെന്നാണ് സൂചന. മാത്രമല്ല കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയടക്കമുള്ള 34 രാജ്യങ്ങളിൽ നിന്നുള്ളവരുടെ നേരിട്ടുള്ള പ്രവേശനത്തിന് കുവൈറ്റ് വിലക്കേർപ്പെടുത്തിയതിനു പിന്നാലെ വന്ന ഈ വാർത്ത പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്.
https://www.facebook.com/Malayalivartha