കോവിഡ് പ്രതിരോധങ്ങൾ പിഴയ്ക്കുന്നു ; നിയന്ത്രണങ്ങൾ ശക്തമാക്കി അബുദാബി

നിയന്ത്രണങ്ങൾ ശക്തമാക്കി അബുദാബി. കോവിഡ് പ്രതിരോധങ്ങളുടെ ഭാഗമായിട്ടാണ് അബുദാബി നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുന്നത് . ബിസിനസ്, വിനോദ പരിപാടികളിൽ പങ്കെടുക്കുന്ന എല്ലാവർക്കും കോവിഡ് പി.സി.ആർ. പരിശോധന നിർബന്ധമാക്കിയിരിക്കുകയാണ് .
പരിപാടികളിൽ പങ്കെടുക്കുന്നതിന് 48 മണിക്കൂറിനുമുൻപ് നടത്തിയ കോവിഡ് പരിശോധന നെഗറ്റീവായിരിക്കണമെന്നതാണ് നിബന്ധന. സംഘാടകരും പരിശോധനയ്ക്ക് വിധേയരായിരിക്കണം. അബുദാബി സാംസ്കാരിക വിനോദ സഞ്ചാരവകുപ്പിന്റെതാണ് (ഡി.സി.റ്റി.) പുതിയ നിയന്ത്രണങ്ങൾ. വിവിധ പരിപാടികളിൽ പങ്കെടുക്കാവുന്ന ആളുകളുടെ പരമാവധി എണ്ണത്തിലും പരിധി നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
ട്രേഡ് എക്സിബിഷനുകൾ, കോൺഫറൻസുകൾ, ശില്പശാലകൾ, സെമിനാറുകൾ, ലൈവ് സംഗീത പരിപാടികൾ, സ്റ്റേജ് ഷോകൾ, ഫെസ്റ്റിവൽ, ബീച്ച് ഇവന്റ്‌സ്, ഫെസ്റ്റീവ് മാർക്കറ്റുകൾ തുടങ്ങിയുള്ള പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവർക്ക് പി.സി.ആർ. ഫലം നിർബന്ധമാണ്. എല്ലാ ടൂറിസം സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും സംഘാടകർക്കും ഇത് സംബന്ധിച്ചുള്ള സർക്കുലർ നൽകിയിട്ടുണ്ട്.
സ്വകാര്യ ബീച്ചുകൾ, സ്വീമ്മിങ് പൂളുകൾ എന്നിവിടങ്ങളിൽ ആകെ ശേഷിയുടെ 60 ശതമാനം പേരെ അനുവദിക്കാം. ബിസിനസ് പരിപാടികളിൽ ആകെ ശേഷിയുടെ 50 ശതമാനം പേർക്കും വിനോദ പരിപാടികളിൽ 30 ശതമാനം പേരെയും ഉൾക്കൊള്ളിക്കാമെന്നാണ് പുതിയ നിർദേശം.
മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡി.സി.റ്റി. കർശനപരിശോധനയും നടത്തുന്നുണ്ട്. അതേ സമയം എമിറേറ്റിൽ മൊബൈൽ കോവിഡ് വാക്സിൻ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി. 11 നഴ്‌സുമാരും ഡോക്ടർമാരും അടങ്ങുന്ന രണ്ട് മൊബൈൽ ക്ലിനിക്കുകളാണ് ദുബായിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് സേവനം നൽകുന്നത്. ദുബായിൽ 11 ഇടങ്ങളിലായാണ് വാക്സിനേഷൻ നൽകുന്നത്. ഒരു മാസത്തിനുള്ളിൽ 7688 പേർക്ക് മൊബൈൽ ക്ലിനിക്കിലൂടെ പ്രതിരോധകുത്തിവെപ്പ് നൽകി.
https://www.facebook.com/Malayalivartha