സൗദിയിൽ പ്രവാസികളെ കാത്തിരിക്കുന്നത്; തൊഴിൽ തേടി എത്തുന്ന പ്രവാസികൾക്ക് കടക്കാൻ കടമ്പകൾ ഏറെ, പ്രവാസികളുടെ നൈപുണ്യം കണ്ടെത്താൻ ഇനിമുതൽ പരീക്ഷ! വിദേശികളായ വിദഗ്ധ തൊഴിലാളികൾക്ക് സൗദിയിൽ ജോലി തുടരുവാൻ അവരുടെ തൊഴിൽ നൈപുണ്യം തെളിയിക്കേണ്ടിവരുന്നതാണ്

ഇനിമുതൽ സൗദിയിൽ തൊഴിൽ തേടി എത്തുന്ന പ്രവാസികൾക്ക് കടക്കാൻ കടമ്പകൾ ഏറെ. തൊഴിലിനോടുള്ള പ്രവാസികളുടെ നൈപുണ്യം കണ്ടെത്താൻ ഇനിമുതൽ പരീക്ഷ. സൗദിയിൽ ജോലി ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷ ജൂലൈയിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയത്തിന്‍റെയും സാങ്കേതിക തൊഴിൽ പരിശീലന കോർപ്പറേഷന്‍റെ സഹകരണത്തോടെയാണ് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഫഷണൽ വെരിഫിക്കേഷൻ പ്രോഗ്രാം നടപ്പിലാക്കുന്നത്.
ഈ പദ്ധതി പ്രകാരം വിദേശികളായ വിദഗ്ധ തൊഴിലാളികൾക്ക് സൗദിയിൽ ജോലി തുടരുവാൻ അവരുടെ തൊഴിൽ നൈപുണ്യം തെളിയിക്കേണ്ടിവരുന്നതാണ്. നിലവിൽ സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ, അവരുടെ ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്ന തൊഴിൽ ചെയ്യാൻ യോഗ്യതയുണ്ടെന്ന് തിയറി, പ്രാക്ടിക്കൽ പരീക്ഷകളിലൂടെയാണ് തെളിയിക്കണ്ടത് എന്ന് അധികൃതർ അറിയിക്കുകയുണ്ടായി.
പുതിയതായി സൗദിയിലേക്ക് വരുന്ന വിദേശികൾ, അവരവരുടെ രാജ്യത്ത് വച്ച് തന്നെ തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന തൊഴിൽ നൈപുണ്യ പരീക്ഷ പാസായാൽ മാത്രമേ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുകയുള്ളൂ എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇവർ സൗദിയിലെത്തിയാൽ വീണ്ടും പരീക്ഷയ്ക്ക് ഹാജരാകേണ്ടതില്ല. തൊഴിൽ വിപണിയുടെ ഗുണനിലവാരം ഉയർത്തുകയും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അടുത്ത ജൂലൈ മുതൽ പരീക്ഷ ആരംഭിക്കുവാനാണ് നീക്കം.
അതേസമയം ഇതിന്‍റെ മുന്നോടിയായി നിലവിൽ സൗദിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ പരീക്ഷക്ക് തയാറാക്കാൻ മാനവശേഷി സാമൂഹിക വികസന മന്ത്രാലയം സൗദിയിലെ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി കഴിഞ്ഞു. തൊഴിലുടമക്ക് എസ്.വി.പി ഡോട്ട് ക്യൂ ഐ ഡബ്ല്യൂ എ ഡോട്ട് എസ്.എ എന്ന വെബ്സൈറ്റ് വഴി, തൊഴിലാളികളെ പരീക്ഷക്ക് ഹാജരാക്കാൻ ഉദേശിക്കുന്ന സ്ഥാപനങ്ങൾ തെരഞ്ഞെടുക്കാൻ സാധിക്കും. കൂടാതെ പരീക്ഷ നടത്താൻ താത്പര്യമുള്ള സ്ഥാപനങ്ങൾക്കും ഇതേ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 23 ഫീൽഡുകളിലായി ആയിരത്തിലധികം പ്രഫഷനുകളിലുള്ളവർക്ക് പരീക്ഷ പാസാകേണ്ടി വരുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha