വാക്സീൻ എടുക്കാത്തവർക്കും ദുബായിലേക്ക് പ്രവേശിക്കാമെന്നു വിമാന കമ്പനികൾ; 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്നുള്ള കോവിഡ് പരിശോധനാ ഫലം എന്നിവ നിർബന്ധമാക്കി

ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രക്ക് വാക്സിനേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കിയിരിക്കുകയാണ് അധികൃതർ. വാക്സീൻ എടുക്കാത്ത ദുബായ് റസിഡൻസ് വീസക്കാർക്കും ദുബായിലേക്ക് പ്രവേശിക്കാമെന്നു വിവിധ വിമാനകമ്പനികൾ അറിയിക്കുകയുണ്ടായി. 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്നുള്ള കോവിഡ് പരിശോധനാ ഫലം എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ ജിഡിആർഎഫ്എയുടെ അനുമതിയും നേടണം. ഇതുസംബന്ധിച്ച് എയർഇന്ത്യ, വിസ്താര ഉൾപെടെയുള്ള എയർലൈനുകൾ പുറത്തിറക്കിയ പുതിയ സർക്കുലറിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ദുബൈ റസിഡൻറ് വിസക്കാർക്ക് മാത്രമാണ് വാക്സിനേഷനില്ലാത്ത യാത്രക്ക് അനുമതി നൽകിയിട്ടുള്ളത്. യുഎഇയിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമാണ് അബുദാബി, ഷാർജ തുടങ്ങിയ വിമാനത്താവളങ്ങളിൽ പ്രവേശനാനുമതിയുള്ളത്.
ഇന്ത്യയിൽ നിന്നു കൊവീഷീൽഡ് വാക്സീൻ സ്വീകരിച്ച റസിഡൻസ് വീസക്കാർക്കു യുഎഇയിലേക്ക് മടങ്ങാൻ അനുമതി നൽകിയതായി നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നു. ഇത്തരത്തിൽ കുറേ യാത്രക്കാർ ഇന്നു രാവിലെ ദുബായിലെത്തുകയും ചെയ്തു. രണ്ടാമത്തെ ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്കായിരുന്നു അനുമതി. ഏറെ മാസങ്ങൾക്കു ശേഷം കഴിഞ്ഞയാഴ്ച മുതലാണ് ഇന്ത്യയടക്കം 6 രാജ്യക്കാർക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി നൽകിയത്. അതേസമയം, സന്ദർശക വീസക്കാർക്ക് വൈകാതെ യാത്രാ അനുമതി ലഭ്യമാകുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha



























