സംസ്ഥാന സർക്കാരിൽ നിന്നും സർട്ടിഫിക്കറ്റ് കിട്ടിയ പ്രവാസികൾ പ്രതിസന്ധിയിൽ; സംസ്ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിന് അംഗീകാരം ഇല്ലാത്തതിനാൽ ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് തിരിച്ചുപോകാനാവാതെ നട്ടംതിരിഞ്ഞ് പ്രവാസികൾ

കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ വിളക്കുകൾ ഒന്നൊന്നായി നീക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. യാത്ര ചെയ്യാൻ വാക്സിനേഷൻ നിർബന്ധമാകുന്ന ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകി വാക്സിൻ ലഭ്യമാക്കി. വളരെ ഏറെ ബുദ്ധിമുട്ടിയാണെങ്കിലും രണ്ട് ഡോസും സ്വീകരിച്ച് പ്രവാസികൾ യാത്രയ്ക്കായി കാത്തിരിക്കുമ്പോൾ പിന്നാലെ വന്നത് മുട്ടൻ പണി....
വാക്സിനേഷൻ പൂർത്തിയാക്കി സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭിച്ച പ്രവാസികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. സംസ്ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിന് അംഗീകാരം ഇല്ലാത്തതിനാൽ ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് തിരിച്ചുപോകാനാവാതെ നട്ടംതിരിയുകയാണ് നമ്മുടെ പ്രവാസികൾ. ജൂൺ ഒന്ന് മുതൽ 13 വരെ രണ്ടാം ഡോസ് എടുത്ത പ്രവാസികൾക്ക് കേരളത്തിന്റെ സർട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. സംസ്ഥാനം നൽകിയിരുന്ന സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും വാക്സിൻ നൽകുന്ന തീയതിയും ഇല്ലായിരുന്നു. മാത്രമല്ല, ഒന്നാം വാക്സിൻ സംബന്ധിച്ച വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ചിഹ്നം അടക്കം രണ്ടാം ഡോസ് വിവരങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്.
കേന്ദ്ര സർക്കാരിന്റെ 'കോവിൻ' പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് തുടക്കം മുതൽ വാക്സിൻ പൗരന്മാർക്ക് നൽകി വന്നിരുന്നത്. വിതരണം സുഗമമാക്കാൻ കേരള സർക്കാർ ഇടക്കാലത്ത് 'kerala.gov.in/vaccination'എന്ന വെബ്സൈറ്റ് തുടങ്ങിയിരുന്നു. പ്രവാസികൾക്കു പെട്ടെന്ന് രണ്ടാം ഡോസ് ലഭിക്കാൻ ഇത് സഹായമായെങ്കിലും കുരുക്ക് പിന്നീടാണ് വന്നത്. ഇതു പല രാജ്യങ്ങളും സ്വീകരിക്കാതായപ്പോൾ വിവരങ്ങൾ ചേർത്ത് സർട്ടിഫിക്കറ്റ് പരിഷ്കരിക്കുകയും ചെയ്തു. അപ്പോഴാണ് സംസ്ഥാന സർക്കാറുകളുടെ സർട്ടിഫിക്കറ്റ് അംഗീകരിക്കാനാവില്ലെന്ന് പല രാജ്യങ്ങളും നിലപാടെടുത്തതായി അറിയാൻ കഴിഞ്ഞത്.
കൂടാതെ അതിനിടെ 'കോവിൻ' പോർട്ടലിൽ സംസ്ഥാന സർട്ടിഫിക്കറ്റിന് പകരം കേന്ദ്ര സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ നടപടി ഉണ്ടെങ്കിലും അതിനും കഴിയാത്ത സാഹചര്യവും വന്നുചേർന്നിരിക്കുകയാണ്. രണ്ടു സർട്ടിഫിക്കറ്റും ഒരേ യൂസർ ഐഡിയിൽനിന്ന് അപേക്ഷിച്ചതിനാൽ തന്നെ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് ശ്രദ്ധയിൽപെട്ടതോടെ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറുമായി ഇക്കാര്യം ചർച്ച ചെയ്തു പരിഹരിക്കാമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടിരുന്നില്ല. എന്നാൽ, ഇതുവരെ നടപടി ഉണ്ടാവാത്തതിനാൽ പലരും ജോലി നഷ്ടപ്പെടുന്ന ഭീതിയിലാണ് കഴിയുന്നത്.
അതേസമയം വാക്സിൻ ലഭിക്കാതെ ജനം നട്ടം തിരിയുമ്പോൾ അവസരം മുതലാക്കി തീവെട്ടി കൊള്ളയുമായി സന്നദ്ധ സംഘടനകളും രംഗത്ത് എത്തിയിരിക്കുകയാണ്. സേവനത്തിന്റെ പേരിൽ സർക്കാർ അനുവദിച്ച സൗകര്യമാണ് കൊള്ള ലാഭത്തിനായി ഇവർ ഉപയോഗിക്കുന്നത്. 630 രൂപക്ക് ലഭിക്കുന്ന വാക്സിൻ 780 മുതൽ കൂടിയ വിലക്ക് വിൽപന നടത്തുയാണ് ഇക്കൂട്ടർ. വാക്സിൻ ശേഖരിച്ച് ലഭിച്ച വിലയേക്കാൾ കൂടിയ വിലക്കാണ് വിതരണം ചെയ്യുന്നത് പോലും. 630 രൂപക്ക് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിക്കുന്ന കോവിഷീൽഡ് തോന്നിയ വിലക്കാണ് വിൽക്കുന്നത്. മാത്രമല്ല, സർവിസ് ചാർജായി ഒരാൾക്ക് 40 രൂപ മുതൽ തുക വേറെയും ഈടാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























