ഉമ്മുല്‍ഖുവൈനില്‍ കപ്പലില്‍ വന്‍ തീപിടിത്തം; നിര്‍ത്തിയിട്ട കപ്പലില്‍ ഇന്നലെ രാവിലെ 11 മണിയോടെ തീ പടർന്നു
യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ കപ്പലിന് തീപിടിച്ചതായി റിപ്പോർട്ട്. അല്‍റഫ പ്രദേശത്ത് നിര്‍ത്തിയിട്ട കപ്പലില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് തീപടര്‍ന്നു പിടിച്ചത്.
നല്ല കാറ്റുണ്ടായിരുന്നതിനാല്‍ തന്നെ തീ പെട്ടെന്ന് വ്യാപിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഉമ്മുല്‍ഖുവൈന്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തിനൊപ്പം അജ്മാന്‍, ഷാര്‍ജ, റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സഹകരിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം യുഎഇയില്‍ കഴിഞ്ഞ ദിവസം 1,060 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,659 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,90,691 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,10,438 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,92,585 പേര്‍ രോഗമുക്തരാവുകയും 2,024 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 15,829 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
https://www.facebook.com/Malayalivartha



























