സെപ്‍തംബര്‍ ഒന്നിന് ഉച്ചയ്‍ക്ക് 12 മണി മുതൽ പ്രവാസികൾ കാത്തിരുന്ന നിമിഷം; ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് ഒമാന്‍

പ്രവാസികൾക്ക് സന്തോഷവാർത്ത ഒരുക്കി ഒമാൻ. അങ്ങനെ ആ വഴിയും തുറക്കുന്നു.ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒമാന്‍ പിൻവലിച്ചിരിക്കുകയാണ്.
സെപ്‍തംബര്‍ ഒന്നിന് ഉച്ചയ്‍ക്ക് 12 മണി മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.ഇതോടെ ഒമാനിലേക്ക് പ്രവാസികള്‍ക്ക് മടങ്ങിയെത്താമെന്ന് സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നു.
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് വേണം ഒമാനിലേക്ക് തിരിച്ചെത്താൻ. ഒമാന്‍ വിസയുള്ളവര്‍, ഒമാനില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍, ഒമാന്‍ സ്വദേശികള്‍, ഒമാനിലെ പ്രവാസികള്‍, ഒമാനില്‍ ഓണ്‍അറൈവല്‍ വിസ ലഭിക്കുന്നവര്‍ തുടങ്ങിയവർക്കാണ് തിരിച്ചുവരാനുള്ള അവസരം.
യാത്രക്കാര്‍ ക്യൂ.ആര്‍ കോഡ് രേഖപ്പെടുത്തിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒമാന്‍ അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മാത്രമേ തിരിച്ചു വരാൻ സാധിക്കുകയുള്ളൂ. ഒറ്റ ഡോസ് മാത്രമുള്ള വാക്സിനുകളാണെങ്കില്‍ അതിന്റെ ഒരു ഡോസ് സ്വീകരിച്ചവരായിരിക്കണം.
വാക്സിന്റെ അവസാന ഡോസ് സ്വീകരിച്ചിട്ടുള്ളത് ഒമാനില്‍ എത്തുന്ന തീയ്യതിക്ക് 14 ദിവസമെങ്കിലും മുമ്പ് ആയിരിക്കണം . അംഗീകൃത വാക്സിനുകളുടെ പട്ടിക ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിക്കുമ്പോൾ കുറച്ചുകൂടി എളുപ്പമാകും.
ഒമാനിലെത്തിയ ശേഷം ക്വാറന്റീന്‍ ആവശ്യമില്ലാത്തത് ആർക്കൊക്കെ ആണെന്ന് നോക്കാം. യാത്രയ്‍ക്ക് മുമ്പ് എടുത്തിട്ടുള്ള ആര്‍.ടി പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കൈവശമുള്ളവര്‍ക്ക് ക്വാറന്റീന്‍ വേണ്ട . പരിശോധനാ ഫലത്തിലും ക്യു.ആര്‍ കോഡ് ഉണ്ടായിരിക്കണം.
ട്രാന്‍സിറ്റ് ഉള്‍പ്പെടെ എട്ട് മണിക്കൂറിലധികം യാത്രാ സമയമുള്ള അന്താരാഷ്‍ട്ര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവർ ഉണ്ട്. അവർ യാത്ര പുറപ്പെടുന്ന സമയത്തിന് 96 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ ഫലമാണ് ഒമാനിലേക്ക് പ്രവേശിക്കാൻ ഹാജരാക്കേണ്ടത്. എട്ട് മണിക്കൂറില്‍ കുറഞ്ഞ യാത്രാ ദൂരമുള്ളവര്‍ 72 മണിക്കൂറിനിടെയുള്ള പരിശോധനാഫലം ഹാജരാക്കിയാൽ മതി.
നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലമില്ലാതെ എത്തുന്ന യാത്രക്കാര്‍ ഉണ്ടാകാം. അവർ ഒമാനില്‍ എത്തിയ ശേഷം പി.സി.ആര്‍ പരിശോധന നടത്തണം.
പരിശോധനാ ഫലം ലഭ്യമാകുന്നത് വരെ ഇലക്ട്രോണിക് ട്രാക്കിങ് ഉപകരണം ധരിച്ച് ക്വാറന്റീനില്‍ കഴിയണം എന്ന നിബന്ധനയുണ്ട്. പി.സി.ആര്‍ പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കില്‍ പരിശോധന നടത്തിയ ദിവസം മുതല്‍ 10 ദിവസം വരെ ഐസൊലേഷനില്‍ കഴിയുക തന്നെ വേണം.
നേരത്തെ രാജ്യത്തിന് പുറത്തുവെച്ച് കൊവിഡ് പോസിറ്റീവാകുകയും പിന്നീട് കൊവിഡ് ഭേദമാവുകയും ചെയ്‍തവര്‍ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അവർക്കുമുണ്ട് ഒരു നിർദ്ദേശം. ഒമാനിലെത്തിയ ശേഷം നടത്തുന്ന പി.സി.ആര്‍ പരിശോധനയില്‍ പോസിറ്റീവ് ആയാലും അവര്‍ക്ക് ഐസൊലേഷന്‍ നിര്‍ബന്ധമില്ല.
എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്ന സമയത്ത് ആ രാജ്യത്ത് ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം. അപ്പോൾ ഈ നിർദ്ദേശങ്ങൾ എല്ലാം പാലിച്ച് ഒമാനിലേക്ക് പറക്കാൻ തയ്യാറായിക്കോളൂ പ്രവാസികളെ.
https://www.facebook.com/Malayalivartha



























