ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം; ഭാര്യയ്ക്കും മകള്‍ക്കും പരിക്ക്

ഒമാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി പടിഞ്ഞാറ്റിന്‍കര കലാഭവനില്‍ ആര്‍ ശിവദാസന്റെ മകന്‍ ആര്‍ എസ് കിരണ്‍(33) ആണ് വാഹനാപകടത്തില്‍ മരിച്ചത്. ഒമാനിലെ നിസ്വയ്ക്ക് സമീപം സമാഈലില്‍ ഉണ്ടായ വാഹനാപകടത്തിലാണ് കിരണ്‍ മരിച്ചത്.
കുടുംബസമേതം ഒമാനില്‍ താമസിക്കുന്ന കിരണ്‍ സൂറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജോലി ആവശ്യവുമായി ബന്ധപ്പെട്ട് കുടുംബസമേതം സൂറില്‍ നിന്നും സഹമിലേക്കുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ കണ്ണൂര്‍ പള്ളികുളം സ്വദേശി ജിസി പൊയിലിലും മൂത്ത മകള്‍ തനുശ്രീ കിരണിനേയും പരിക്കുകളോടെ നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
അതേസമയം ഇളയ മകള്‍ തന്മയ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കുട്ടിയെ ഒമാനില്‍ തന്നെയുള്ള ഇവരുടെ ബന്ധുക്കള്‍ക്ക് കൈമാറി. കിരണിന്‍റെ മൃതദേഹം നിസ്വയിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























