ലോകകപ്പ് മത്സരങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ‘വേൾഡ് കപ്പ് പോസ്റ്റേജ് സ്റ്റാമ്പ് എക്സിബിഷൻ’ ഇന്ന് ഖത്തറിൽ ആരംഭിക്കും; കത്താറയിലെ അറബ് പോസ്റ്റൽ സ്റ്റാമ്പ് മ്യൂസിയത്തിലാണ് പ്രത്യേക പ്രദർശനം

ലോകകപ്പ് മത്സരങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ‘വേൾഡ് കപ്പ് പോസ്റ്റേജ് സ്റ്റാമ്പ് എക്സിബിഷൻ’ ഇന്ന് (2022 നവംബർ 23, ബുധനാഴ്ച) മുതൽ ഖത്തറിൽ ആരംഭിക്കും. കത്താറയിലെ അറബ് പോസ്റ്റൽ സ്റ്റാമ്പ് മ്യൂസിയത്തിലാണ് ഈ പ്രത്യേക പ്രദർശനം.
കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ 22-ാം നമ്പർ കെട്ടിടത്തിലുള്ള അറബ് തപാൽ സ്റ്റാമ്പ് മ്യൂസിയത്തിൽ ആണ് ലോകകപ്പ് തപാൽ സ്റ്റാമ്പ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത് . ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് കത്താറയിൽ ഒരുക്കുന്ന പ്രത്യേക പരിപാടികളുടെ ഭാഗമായാണ് ഈ സ്റ്റാമ്പ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 340 സ്റ്റാമ്പ് പാനലുകളാണ് ഈ എക്സിബിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 280 പാനലുകൾ ഉറുഗ്വയിൽ 1930-ൽ നടന്ന ആദ്യ ഫിഫ വേൾഡ് കപ്പ് ടൂർണമെന്റ് മുതൽ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് വരെയുള്ള മത്സരങ്ങളുമായി ബന്ധപ്പെട്ട ചരിത്രം പറയുന്ന സ്റ്റാമ്പുകൾ ആണ്
ഇതിന് പുറമെ ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ട അപൂർവ സ്‌മരണികകളും ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖത്തർ ക്ലബ് ഫോർ അമച്വർ സ്റ്റാമ്പ്സ് ആൻഡ് കോയിൻസ്, അറബ് പോസ്റ്റൽ സ്റ്റാമ്പ് മ്യൂസിയം എന്നിവയിൽ നിന്നുള്ള സ്റ്റാമ്പുകൾക്ക് പുറമെ, ബ്രസീൽ, ഇറ്റലി ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്വകാര്യ സ്റ്റാമ്പ് ശേഖകരുടെ കൈവശമുള്ള സ്റ്റാമ്പുകളും, സ്മരണികകളും ഈ പ്രദർശനത്തിൽ ഉൾപ്പെടുന്നു.
1930 മുതൽ ഇന്നുവരെ പുറത്തിറങ്ങിയ മുൻ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റുകളുടെ സ്റ്റാമ്പുകൾ പ്രദർശനത്തിൽ ഉൾപ്പെടുന്നു . ബ്രസീലിയൻ കളിക്കാരൻ പെലെയെപ്പോലുള്ള ലോകത്തിലെ പ്രശസ്തരായ കളിക്കാരുടെയും ഫുട്ബോൾ റഫറിമാരുടെയും സ്പോർട്സ് ശേഖരണങ്ങളിൽ കളിക്കാർ ഉപയോഗിച്ച ഷർട്ടുകൾ, ബൂട്സുകൾ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.
ആദ്യ പതിപ്പ് മുതൽ വിവിധ ഫുട്ബോൾ ലോകകപ്പുകളിൽ നിന്നുള്ള കപ്പുകൾ, പന്തുകൾ, മെഡലുകൾ, പഴയ മാച്ചുകളുടെ ടിക്കറ്റുകൾ, , ഫോട്ടോഗ്രാഫുകൾ ,കളിക്കാർ തങ്ങളുടെ ആരാധകർക്കെഴുതിയ കത്തുകൾ മുതലായവയെല്ലാം ഈ എക്‌സിബിഷനിലെത്തുന്നവർക്ക് നേരിട്ട് കാണാൻ അവസരമുണ്ടെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഹുസൈൻ റജബ് ഇസ്മായിൽ പറഞ്ഞു. ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഖത്തർ പോസ്റ്റ് പുറത്തിറക്കിയിട്ടുള്ള സ്മാരക സ്റ്റാമ്പുകളുടെ ശ്രേണിയും ഈ പ്രദർശനത്തിൽ കാണാവുന്നതാണ്.
ഫുട്ബാൾ എന്ന കായികമത്സരത്തിന്റെയും, ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെയും ചരിത്രം പറയുന്ന പ്രത്യേക പ്രദർശനമായ ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷൻ ഖത്തർ സാംസ്‌കാരിക വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽ താനി 2022 ഒക്ടോബർ 1, ശനിയാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു. ഖത്തർ ഒളിംപിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിൽ നടക്കുന്ന ഈ എക്സിബിഷൻ 2023 ഏപ്രിൽ 1 വരെ നീണ്ട് നിൽക്കുന്നതാണ്.
സന്ദർശകർക്ക് ഈ പ്രദർശനത്തിൽ നിന്ന് ഫുട്ബാൾ മത്സരങ്ങളുടെ തുടക്കകാലം മുതൽക്കുള്ള ചരിത്രം, വികാസം, ഫിഫ വേൾഡ് കപ്പ് ടൂർണമെന്റിന്റെ ആവിർഭാവം, ലോകകപ്പ് ചരിത്രം എന്നിവ അടുത്തറിയുന്നതിനൊപ്പം, ജനങ്ങളെ ഒരുമിപ്പിക്കുന്നതിൽ ഫുട്ബാളിനുള്ള സ്ഥാനം മനസിലാക്കുന്നതിനും അവസരം ലഭിക്കുന്നു. ആദ്യ ലോകകപ്പ് മുതൽ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 വരെയുള്ള ഈ ടൂർണമെന്റിന്റെ പരിണാമ വഴികൾ ഈ പ്രദർശനത്തിലൂടെ വ്യക്തമാകുന്നതാണ്.
https://www.facebook.com/Malayalivartha