സൗദി അറേബ്യയുടെ വടക്കൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ച; ചൊവ്വാഴ്ച രാത്രി മുതൽ തുടങ്ങിയ മഞ്ഞുവീഴ്ച ബുധനാഴ്ച രാവിലെ വരെ തുടർന്നു, മലനിരകളാകെ വെള്ളപുതച്ച നിലയിൽ

സൗദി അറേബ്യയുടെ വടക്കൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ച ഉണടായതായി റിപ്പോർട്ട്. തബൂക്കിലെ അൽലൗസ് മലനിരകളിൽ വീണ്ടും മഞ്ഞ് വീഴ്ചയുണ്ടായി. ചൊവ്വാഴ്ച രാത്രി മുതൽ തുടങ്ങിയ മഞ്ഞുവീഴ്ച ബുധനാഴ്ച രാവിലെ വരെ തുടർന്നതായി അധികൃതർ അറിയിച്ചു. മലനിരകളാകെ വെള്ളപുതച്ച നിലയിലാണ് കാണപ്പെടുന്നത്. പ്രദേശത്ത് തണുപ്പും ശക്തമായിട്ടുമുണ്ട്.
അതോടൊപ്പം തന്നെ ഒരാഴ്ച മുമ്പ് സമാനമായ നിലയിൽ അൽലൗസ് മലനിരകളിൽ ശക്തമായ മഞ്ഞ് വീഴ്ചയുണ്ടായിരുന്നു. തബൂക്കിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ആളുകൾ മലനിരകൾ മഞ്ഞ് പുതച്ചത് കാണാനെത്തുന്നുമുണ്ട്. സഞ്ചാരികളുടെ ഒഴുക്ക് കാരണം ഇതൊരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ മേഖലയില്‍ നാളെ മുതൽ അതിശൈത്യം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തബൂക്ക്, അൽജൗഫ്, ഹായിൽ, ഉത്തര അതിർത്തി പ്രവിശ്യകളിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി മുതൽ അഞ്ചു ഡിഗ്രി വരെയായി കുറയുന്നതാണ്. റിയാദ്, അൽഖസീം പ്രവിശ്യകളിലേക്കും കിഴക്കൻ പ്രവിശ്യയുടെ വടക്കു ഭാഗത്തേക്കും അതിശൈത്യം വ്യാപിക്കും. ഇവിടങ്ങളിൽ താപനില അഞ്ചു ഡിഗ്രി മുതൽ ഒമ്പതു ഡിഗ്രി വരെയായി കുറയുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























