മഞ്ഞും മഴയും! സൗദിയിലെ റിയാദിൽ മഴ ശക്തമായതിനെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങി; മദീനയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി

സൗദിയിൽ മഴയും മഞ്ഞും ഒരുമിച്ച്. റിയാദിൽ മഴ ശക്തമായതിനെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. മദീനയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ ഹെലിക്കോപ്റ്റർ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. വരുന്ന ചൊവ്വാഴ്ച വരെ രാജ്യത്തിന്‍റെ മിക്ക പ്രദേശങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി.
കൂടാതെ റിയാദിൽ കഴിഞ്ഞ ദിവസം ആരംഭിച്ച മഴയിൽ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. വെള്ളം ഉയർന്ന് തുടങ്ങിയതോടെ ഈസ്റ്റ് ഗേറ്റ് ഭവന പദ്ധതി പ്രദേശത്ത് നിന്നും താമസക്കാരെ ഒഴിപ്പിക്കുകയുണ്ടായി. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തി ബോട്ടുകളുടെ സഹായത്തോടെയാണ് വീടുകളിൽ കുടുങ്ങിയവരെ മാറ്റി പാർപ്പിച്ചിരിക്കുന്നത്. വെള്ളം കയറിയത് മൂലം നിരവധി നാശനഷ്ടങ്ങളുണ്ടായതായി താമസക്കാർ വ്യക്തമാക്കി.
എന്നാൽ വരും മണിക്കൂറുകളിലും ശക്തമായ മഴയും മിന്നലും തുടരാൻ സാധ്യതയുണ്ട്. താഴ്വരകളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും അകന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയണമെന്ന് സിവിൽ ഡിഫൻസ് ഓർമിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























