ഇടവപ്പാതി കാറ്റിലൊതുങ്ങി...തീരദേശങ്ങളിൽ ശക്തമായ മഴ...മണിക്കൂറിൽ 55 വരെ കിലോമീറ്റർ വേഗത്തിൽ തീരദേശത്ത് കാറ്റടിക്കുന്നുണ്ട്... അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റാണ് കേരളത്തിന്റെ മഴ പ്രതീക്ഷകൾ തകർത്തത്....

ഇടവപ്പാതിയുടെ ഒന്നാം പാതം കാറ്റിലൊതുങ്ങിയപ്പോൾ ഇന്നലെ വരെ സംസ്ഥാനത്ത് കിട്ടിയത് വെറും 39 ശതമാനം മഴ.മണിക്കൂറിൽ 55 വരെ കിലോമീറ്റർ വേഗത്തിൽ തീരദേശത്ത് കാറ്റടിക്കുന്നുണ്ട്. അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റാണ് കേരളത്തിന്റെ മഴ പ്രതീക്ഷകൾ തകർത്തത്. ചുഴലിക്കാറ്റ് വന്നതോടെ ഇന്ത്യയുടെ തെക്കൻ തീരത്ത് മഴമേഘങ്ങൾ ചിതറിയ സ്ഥിതിയിലാണ്.മുൻവർഷങ്ങളിൽ ഈ സമയം 417.3 മില്ലിമീറ്റർ മഴ കിട്ടിയിരുന്നു. ഈ വർഷം അത് 163.4 മില്ലിമീറ്റർ മാത്രമാണ്. സ്ഥിതി ആശങ്കാജനകമാണെന്നാണ് റിപ്പോർട്ട്. അടുത്തെങ്ങും കാലവർഷം ശക്തിപ്പെടാനുള്ള ലക്ഷണമില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഇത് തുടർന്നാൽ കാർഷിക മേഖലയ്‌ക്കും തിരിച്ചടിയാകും. 10 ശതമാനം വിളവ് വരെ കുറയാനും സാദ്ധ്യതയുണ്ട്. നെൽക്കർഷകരും ബുദ്ധിമുട്ടിലായി. വേനൽ മഴയില്ലാത്തത് ശുദ്ധജല വിതരണത്തെയും ബാധിക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് നാമമാത്രമായെങ്കിലും മഴ കിട്ടിയത്. മറ്റ് ജില്ലകളിലെ സ്ഥിതി പരിതാപകരമാണ്. പലയിടത്തും ചൂടും കൂടുകയാണ്.
നല്ല മഴ ലഭിച്ചിരുന്ന ഇടുക്കിയിൽ ഇതുവരെ കിട്ടിയത് 30 ശതമാനം മാത്രം. വയനാട്ടിൽ 20 ശതമാനവും. ഇതിനിടെ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സാന്നിദ്ധ്യത്തിൽ തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ല മഴ ലഭിച്ചു.ശനിയാഴ്ച വരെ കേരള, കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനുംമോശം കാലാവസ്ഥക്കും സാദ്ധ്യതയുള്ളതിനാൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ബുധനാഴ്‌ച രാവിലെ 3.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 സെന്റി മീറ്ററിനും 55 സെന്റി മീറ്ററിനും ഇടയിൽ മാറി വരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി.
മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.23-06-2023 വരെ: കേരള - കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. ഈ മേഖലയിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.
https://www.facebook.com/Malayalivartha