ക്രിസ്മസിനെ വരവേല്‍ക്കാനായി ദുബായ് നഗരം ഒരുങ്ങി

ആഘോഷങ്ങളുടെയും വിസ്മയങ്ങളുടെയും നഗരത്തിനു കൂടുതല്‍ തിളക്കമേകുകയാണു ക്രിസ്മസ് ദിനങ്ങള്‍. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ളവരുടെ നഗരത്തില്‍ നബിദിന അവധിയും ക്രിസ്മസും വെള്ളിയാഴ്ചയായതു മൂലം ഇരട്ടി ആഘോഷത്തിലാണു ജനം. ഡിഎസ്എഫ് ആഘോഷത്തിനു മുന്‍പേ ഷോപ്പിങ് മാളുകള്‍ ക്രിസ്മസിനെ വരവേല്‍ക്കാനായി അണിഞ്ഞൊരുങ്ങി.
ഇന്നും നാളെയും ആണു കച്ചവടത്തിനും തിരക്കേറുന്നത്. നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കഴിഞ്ഞയാഴ്ച മുതല്‍ തുടങ്ങിയ തിരക്ക് വര്‍ധിക്കുകയാണ്. ഒട്ടുമിക്ക ഷോപ്പിങ് മാളുകളിലും ക്രിസ്മസ് ട്രീയും പുല്‍ക്കൂടും അലങ്കരിക്കാനുള്ള വസ്തുക്കളുടെ വന്‍ശേഖരമാണുള്ളത്.
ക്രിസ്മസിനായി പ്രത്യേക വിഭാഗംതന്നെയാക്കി മാറ്റി സാന്താക്ലോസും ക്രിസ്മസ് ട്രീയുമൊക്കെ ഒരുക്കിയാണ് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത്. മേശപ്പുറത്തു വയ്ക്കാവുന്നതുമുതല്‍ വീടിന്റെ പുറത്ത് അലങ്കരിച്ചുവയ്ക്കാവുന്ന പത്തടിയോളം ഉയരമുള്ള ക്രിസ്മസ് ട്രീകള്‍ വരെ വിപണിയിലുണ്ട്. ക്രിസ്മസ് വരവ് അറിയിച്ചു വീട്ടുവാതില്‍ക്കല്‍ വയ്ക്കുന്ന അലങ്കാരവൃത്തം തുടങ്ങി പുല്‍ക്കൂടും ക്രിസ്മസ് ട്രീയും വീടും അലങ്കരിക്കാനുള്ള വര്‍ണ വസ്തുക്കള്‍ പലരൂപങ്ങളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുകയാണ്.
ട്രീയുടെയും സാന്താക്ലോസിന്റെയുമെല്ലാം രൂപവുമായി ഐസിങ് കേക്കുകളും പ്ലം കേക്കുകളും വിപണിയില്‍ സജീവമാണ്. ആവശ്യക്കാര്‍ ഏറെയില്ലെങ്കിലും ക്രിസ്മസ് കാര്‍ഡുകളും വിപണിയിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha