നിതാഖാത്ത് : സൗദിയിലെ വിദേശികള്‍ക്ക് തിരിച്ചടി

പുതുക്കിയ പരിഷ്‌കാരങ്ങളുമായി ഡിസംബറില്‍ വരാനിരിക്കുന്ന നിതാഖാത് സൗദിയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശീയര്‍ക്ക് വന്‍ തിരിച്ചടിയായേക്കുമെന്ന് പറയുന്നു. സൗദിയില്‍ സ്വദേശിവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് നിതാഖാത് പുതുക്കുന്നത്.
സ്വകാര്യമേഖലയില്‍ സ്വദേശികളായ തൊഴിലാളികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവ് ഉണ്ടായതിനെത്തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
ഏകദേശം നാല് ലക്ഷം സ്വദേശി തൊഴിലാളികള്‍ക്കാണ് സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ കഴിഞ്ഞ വര്‍ഷം നിയമനം ലഭിച്ചതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് 2014നെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനയാണ്
കഴിഞ്ഞ വര്‍ഷം 3.98 ലക്ഷം സ്വദേശികള്‍ക്കാണ് സ്വകാര്യ മേഖലയില്‍ ജോലി നേടാന്‍ കഴിഞ്ഞത്. ഇതില്‍ 58 ശതമാനം പുരുഷന്മാരും 42 ശതമാനം വനിതകളുമാണ്. സ്വദേശി പുരുഷന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനത്തില്‍ നിന്ന് 5.7 ശതമാനമായി കുറഞ്ഞു. വനിതകള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് 35.7 ശതമാനം ആയിരുന്നത് 32.8 ആയി കുറഞ്ഞിട്ടുണ്ടെന്നും തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏഴ് ലക്ഷം സ്ഥാപനങ്ങള്‍ സ്വദേശിവല്‍ക്കരണം പാലിച്ചിട്ടുണ്ട് .സ്വദേശികള്‍ക്കായി ഒരുപാട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട് എന്ന്‌സൗദി മന്ത്രാലയം വ്യക്തമാക്കുന്നു.
സ്വദേശികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്തുക, തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയായിരിക്കും ഡിസംബറില്‍ പ്രാബല്യത്തില്‍ വരുന്ന പരിഷ്‌കരിച്ച നിതാഖത്ത് എന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
6,66,000 സ്വകാര്യ സ്ഥാപനങ്ങളെ നിതാഖാത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാര്‍ഷികം,കാലിവളര്‍ത്തല്‍ തുടങ്ങിയ മേഖലയില്‍ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെയാണ് നിതാഖാത്തില്‍ നിന്ന് ഒഴിവാക്കിയത്. നിശ്ചിത ശതമാനം സ്വദേശിവല്‍ക്കരണം പാലിക്കാത്ത 2.55 ലക്ഷം സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ മരവിപ്പിച്ചു.
https://www.facebook.com/Malayalivartha