സൗദിയിലെ ഷോപ്പിങ് മാളുകളില്‍ തൊഴില്‍ സഹായ കേന്ദ്രങ്ങള്‍ തുറക്കും

സൗദിയിലെ മൊബൈല്‍ വിപണന മേഖലയില്‍ തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ ഷോപ്പിങ് മാളുകളില്‍ തൊഴില്‍, നിക്ഷേപ സേവന കേന്ദ്രങ്ങള്‍ തുറക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 'ഖദമാതീ' എന്ന പേരിലുള്ള കൗണ്ടറുകളില്‍ മൊബൈല്‍ കടളകില്‍ ജോലിക്ക് തയ്യറാവുന്നവര്‍ക്കും നിക്ഷേപമിറക്കാന്‍ മുന്നോട്ടുവരുന്നവര്‍ക്കും ആവശ്യമായ നിയമോപദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായം ലഭിക്കും. കൂടാതെ സ്വയം തൊഴിലിന് ലോണ്‍ ലഭിക്കാനും തൊഴില്‍ പരിശീലനം നല്‍കാനും കൗണ്ടറുകള്‍ സജ്ജമായിരിക്കും. മൊബൈല്‍ വില്‍പനയും അറ്റകുറ്റപ്പണിയും നൂറു ശതമാനം സ്വദേശി യുവതീയുവാക്കള്‍ക്ക് പരിമിതപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സേവന കേന്ദ്രങ്ങള്‍ തുറക്കാനുള്ള തീരുമാനം.
തലസ്ഥാന നഗരിയിലെ അല്‍ഫാരിസ് ഷോപ്പിങ് സമുച്ചയത്തില്‍ ആദ്യ ഖദമാതീ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചതായി തൊഴില്‍ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ മുന്‍ഇം യാസീന്‍ അശ്ശഹ്രി പറഞ്ഞു. തൊഴില്‍ മന്ത്രാലയത്തിന് പുറമെ മാനവ വിഭവശേഷി ഫണ്ട് അഥവാ 'ഹദഫ്', ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് (ഗോസി), ക്രഡിറ്റ് ബാങ്ക് എന്നിവയുടെ സേവനവും 'ഖദമാതീ' കൗണ്ടറില്‍ ലഭിക്കും. മൊബൈല്‍ കടകളിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട രണ്ടര ലക്ഷം ബുക്ക്‌ലെറ്റുകള്‍ തൊഴില്‍ മന്ത്രാലയം വിതരണം ചെയ്തിട്ടുണ്ടെന്നും അണ്ടര്‍സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha