ദുബായ് വാട്ടര്‍ കനാല്‍ അടുത്ത മാസം തുറക്കും

സുവര്‍ണ നഗരിക്ക് പുതിയ മുഖഛായ പകരുന്ന ദുബായ് വാട്ടര്‍ കനാല്‍ അടുത്ത മാസം തുറക്കുമെന്ന് ആര്‍ടിഎ. അന്തിമ മിനുക്കുപണികള്‍ നടക്കുന്ന വാട്ടര്‍ കനാലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം ഒഴുക്കുത്തുടങ്ങി. വരുംദിവസങ്ങളില്‍ വെള്ളത്തിന്റെ അളവ് ക്രമേണ കൂട്ടുമെന്ന് അധികൃതര്‍ അറിയിച്ചു.
ദുബായ് നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പുതിയൊരു സഞ്ചാര പാത അണിയിച്ചൊരുക്കുന്ന വാട്ടര്‍ കനാലിലൂടെ ആഴ്ചകള്‍ക്കകം യാത്ര ചെയ്യാനാവും. 200 കോടി ദിര്‍ഹം ചെലവില്‍ മൂന്നു വര്‍ഷം മുന്‍പ് ആരംഭിച്ച വാട്ടര്‍ കനാലാണ് നവംബറില്‍ തുറക്കുന്നത്. നിര്‍മാണം അന്തിമ ഘട്ടത്തിലെത്തിയ കനാലിന് ഇരുവശവും നടപ്പാതകളും റോഡുകളും പാലങ്ങളും നിര്‍മിക്കുന്ന പണികളും പുരോഗമിക്കുന്നു. കനാലിന് കുറുകെ വലിയ കമാനവും തൂക്കുപാലവും തയ്യാറായി.
3.2 കിലോമീറ്റര്‍ നീളത്തിലുള്ള ദുബായ് കനാല്‍ ബിസിനസ് ബേ കനാലുമായും അറേബ്യന്‍ ഗള്‍ഫുമായും ബന്ധിപ്പിക്കുന്നതാണ്. ജുമൈറ, സഫ, ബിസിനസ് ബേ, ഡൌണ്‍ ടൌണ്‍ ദുബായ്, ജദ്ദാഫ്, ഊദ് മേത്ത തുടങ്ങിയ പ്രദേശങ്ങള്‍ ദുബായ് കനാലുമായി ബന്ധിപ്പിക്കുമ്പോള്‍ 27 കിലോമീറ്റര്‍ ജലഗതാഗത യാത്ര സാധ്യമാകും
.
പുതുതായി 18 ജലഗതാഗത സ്‌റ്റേഷനുകള്‍ കൂടി വാട്ടര്‍ കനാലിനോടനുബന്ധിച്ച് സജ്ജമാക്കുന്നുണ്ട്. ദുബായിലെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറുന്ന വാട്ടര്‍ കനാലിലൂടെ നഗരത്തിന്റെ പുതിയ സൗന്ദര്യം ആസ്വദിക്കാനായി വര്‍ഷത്തില്‍ 60 ലക്ഷം പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha