ഡ്രൈവിങ് ടെസ്റ്റിന് ഇനി സ്മാര്‍ട്ട് കാറുകള്‍

ഡ്രൈവിങ് ടെസ്റ്റിനായി സ്മാര്‍ട്ട് കാറുകള്‍ ഉപയോഗിച്ചുതുടങ്ങി.ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ സുതാര്യമാക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ സ്മാര്‍ട്ട് കാറുകള്‍ ഉപയോഗിക്കുന്നതെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ ഡള്ള ഡ്രൈവിങ് അക്കാദമി ഉള്‍പ്പെടെ രണ്ടു ഡ്രൈവിങ് സ്‌കൂളുകളില്‍ സ്മാര്‍ട്ട് കാറുകളില്‍ ഡ്രൈവിങ് ടെസ്റ്റ് ആരംഭിച്ചുകഴിഞ്ഞതായി ഗതാഗത ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി പറഞ്ഞു.
ഡ്രൈവിങ് പരിശീലനത്തിനെത്തുന്നവരില്‍നിന്നുള്ള പരാതികള്‍ ഒഴിവാക്കുകയാണ് സ്മാര്‍ട്ട് കാറുകളിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ ഗതാഗതപോലീസിന്റെ മേല്‍നോട്ടത്തിലാണ് ടെസ്റ്റ് നടത്തുന്നത്. ഇതിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് ഗതാഗതപോലീസാണെന്നത് സംബന്ധിച്ച് നിരവധി പരാതികളുണ്ട്. സ്മാര്‍ട്ട് കാറുകളില്‍ ഗതാഗതപോലീസിന്റെ ഇടപെടല്‍ ഉണ്ടാകില്ല. ക്യാമറയിലൂടെയാകും ഇനിമുതല്‍ ഗതാഗതപോലീസ് ടെസ്റ്റ് നിരീക്ഷിക്കുന്നത്. ഡ്രൈവിങ് കഴിവ് സമഗ്രമായി വിലയിരുത്താന്‍ കഴിയുന്നതാണ് പുതിയ സ്മാര്‍ട്ട് കാര്‍.
ഡ്രൈവറുടെ പെരുമാറ്റവും വാഹനം എങ്ങിനെ കൈകാര്യംചെയ്യുന്നുവെന്നതും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും കാറിനുള്ളിലെ ക്യാമറ ഒപ്പിയെടുത്ത് നേരിട്ട് ഗതാഗതവകുപ്പിലെ കണ്‍ട്രോള്‍ റൂമില്‍ രേഖപ്പെടുത്തും. ഡ്രൈവറുടെ ഓരോ ചലനവും ക്യാമറ ഒപ്പിയെടുക്കുന്നതിനാല്‍ ടെസ്റ്റിന് വിധേയരാകുന്നവര്‍ തെറ്റുകാണിച്ചാല്‍ അത് നിഷേധിക്കാനും ഇനി കഴിയില്ല. പാര്‍ക്കിങ് ഉള്‍പ്പെടെ എല്ലാ ടെസ്റ്റുകളും സ്മാര്‍ട്ട് കാറില്‍ നടത്താം. എല്ലാ ഡ്രൈവിങ് സ്‌കൂളുകളിലും സ്മാര്‍ട്ട് കാറില്‍ ഡ്രൈവിങ് ടെസ്റ്റ് നടപ്പാക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























