ഡ്രോണുകള്‍ക്ക് ദുബായില്‍ നിയമം കര്‍ക്കശമാക്കുന്നു

ദുബായ് സിവില്‍ വ്യോമയാന അതോറിറ്റിയാണ് നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നത്. പരിധികള്‍ ലംഘിച്ച് പറക്കുന്ന ഡ്രോണുകള്‍ ഭീഷണിയാകുന്ന സാഹചര്യത്തിലാണിത്. വാങ്ങുന്ന കടയില്‍ വച്ചുതന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഡ്രോണുമായി പുറത്തിറങ്ങാനാകൂ എന്നാണു പുതിയ നിയമം. റമസാനു ശേഷം നിയമം നടപ്പാക്കാനാണു ഡിസിഎഎ തീരുമാനം. ലൈസന്‍സ് ഇല്ലാതെ ഡ്രോണ്‍ പറത്തിയാല്‍ നിലവില്‍ 20,000 ദിര്‍ഹം വരെയാണു പിഴ. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇതുസംബന്ധിച്ച ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി. ഡ്രൈവിങ് ലൈസന്‍സ് പോലെ കര്‍ശന വ്യവസ്ഥകളോടെ വില്‍പനശാലകളില്‍ റജിസ്‌ട്രേഷന്‍ കാര്‍ഡ് ലഭ്യമാക്കും. നിലവില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെങ്കിലും വില്‍പനശാലകളില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കണമെന്നില്ല.
ഉല്ലാസത്തിനും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഡ്രോണ്‍ ഉപയോഗിക്കാന്‍ ഈ നിബന്ധനകള്‍ പാലിക്കണം. ഓരോ രജിസ്‌ട്രേഷനും സൂക്ഷ്മമായി വിലയിരുത്തുകയും വാങ്ങുന്നവര്‍ക്കു ഡ്രോണ്‍ പറത്താനുള്ള മികവ് ഉറപ്പാക്കുകയും ചെയ്യും. ഇതിനായി ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ പോലെ അംഗീകൃത സ്ഥാപനങ്ങള്‍ക്കു ചുമതല നല്‍കും.ഡ്രോണുകള്‍ക്ക് നിശ്ചിത മേഖലകളില്‍ പറക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. പരിധി ലംഘിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ സ്‌കൈ കമാന്‍ഡര്‍ എന്ന ഉപകരണം ഓരോ ഡ്രോണിലും ഘടിപ്പിക്കും. പരിധി ലംഘിച്ചാലുടന്‍ ഗ്രൗണ്ട് സ്‌റ്റേഷനില്‍ സന്ദേശം ലഭിക്കും. ഡ്രോണുകളുടെ സഞ്ചാരപഥം കൃത്യമായി നിര്‍ണയിക്കാന്‍ കഴിയുമെന്നു മാത്രമല്ല, ഇവ എന്തെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടോ എന്നും മനസ്സിലാക്കാനാകും.
രജിസ്‌ട്രേഷന്‍, ലൈവ് ട്രാക്കിങ് സംവിധാനം എന്നിവ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഫെഡറല്‍ ഗവണ്‍മെന്റ്, പ്രതിരോധ മന്ത്രാലയം, ദുബായ് പൊലീസ് ഉന്നതരുമായി കൂടിയാലോചനകള്‍ നടത്തി വരികയാണെന്ന് ഡിസിഎഎ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിദ് അല്‍ ആരിഫ് പറഞ്ഞു.ഉല്ലാസത്തിനുള്ള 1000 ഡ്രോണുകളും വാണിജ്യാവശ്യത്തിനുള്ള 57 ഡ്രോണുകളും ഡിസിഎഎയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ ഡ്രോണുകള്‍ പറത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിമാനത്താവളത്തിന്റെ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ അനുവാദമില്ലാതെ ഡ്രോണുകളും മറ്റും കടന്നുവരുന്നത് നിരോധിച്ചിരിക്കുകയാണ്. ഡ്രോണുകള്‍ പരിധി ലംഘിച്ചതിനെ തുടര്‍ന്ന് നാലുതവണ ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.
https://www.facebook.com/Malayalivartha


























