ജനസംഖ്യാ ക്രമീകരണത്തിനായി ഉന്നത സമിതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു

കുവൈറ്റില്‍ ജനസംഖ്യാ ക്രമീകരിക്കുന്നതിനായി ആറിന നിര്‍ദേശങ്ങള്‍ ഉന്നത സമിതി മുന്നോട്ടുവെച്ചു. വിദേശികളുടെ ഔദ്യോഗിക കാലയളവ് പരമാവധി 20 വര്‍ഷമാക്കി നിജപ്പെടുത്തണമെന്നും സ്വദേശികള്‍ക്ക് അനുവദിക്കുന്ന ഗാര്‍ഹിക ജോലിക്കാരുടെ എണ്ണം പകുതിയാക്കണമെന്നും നിര്‍ദേശമുണ്ട്. തൊഴില്‍ ആസൂത്രണകാര്യ മന്ത്രിയുടെ ഓഫിസ് ആണ് ഹയര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് വെളിപ്പെടുത്തിയത്.
വിദേശികളും സ്വദേശികളും തമ്മില്‍ ജനസംഖ്യയില്‍ ഉള്ള അന്തരം കുറക്കുകയും തൊഴില്‍ വിപണിയില്‍ ക്രമീകരണം സാധ്യമാക്കുകയുമാണ് ജനസംഖ്യാ സന്തുലനം കൊണ്ട് അര്‍ഥമാക്കുന്നത്. പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഇന്‍ഫര്‍മേഷന്‍, ആഭ്യന്തര മന്ത്രാലയം, മാനവശേഷി വകുപ്പ്, ആരോഗ്യ മന്ത്രാലയം എന്നിവയിലെ പ്രതിനിധികള്‍ അടങ്ങുന്ന ഉന്നതസമിതിയെയാണ് ജനസംഖ്യാ സന്തുലന നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി മന്ത്രി സഭ ചുമതലപ്പെടുത്തിയത്.
സ്വദേശികള്‍ക്ക് അനുവദിക്കുന്ന ഗാര്‍ഹിക ജോലിക്കാരുടെ എണ്ണം പകുതിയാക്കി കുറക്കുക എന്നതടക്കമുള്ള ആറിന നിര്‍ദേശങ്ങളാണ് സമിതി സര്‍ക്കാറിന് മുന്നില്‍ വെച്ചിരിക്കുന്നത്. സര്‍ക്കാര്‍ കരാറില്‍ ഉള്ള സെക്യൂരിറ്റി കമ്പനികള്‍ക്ക് അനുവദിക്കുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ 25 ശതമാനം കുറവ് വരുത്തുക, പ്രത്യേക കാറ്റഗറികളില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ ഉദ്യോഗ കാലയളവ് 10 മുതല്‍ 20 വര്‍ഷം വരെ ആക്കി നിജപ്പെടുത്തുകയും പിന്നീട് രാജ്യത്തേക്ക് തിരിച്ചുവരാനാകാത്ത വിധം ഇവരെ തിരിച്ചയക്കുകയും ചെയ്യുക.
കുവൈത്തില്‍ താമസാനുമതിയുള്ള വിദേശികളില്‍നിന്ന് വര്‍ഷത്തില്‍ സ്വീകരിക്കാവുന്ന പരമാവധി വിസ അപേക്ഷകളുടെ എണ്ണം നിശ്ചയിക്കുക, താമസനിയമ ലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാക്കുക. സ്‌പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുക എന്നിവയാണ് ഉന്നതതല സമിതി മുന്നോട്ടുവെച്ച മറ്റു നിര്‍ദേശങ്ങള്‍.
https://www.facebook.com/Malayalivartha


























