ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക് മാലിന്യ പ്ലാന്റ് ദുബായില്‍

ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക് മാലിന്യ പുനഃസംസ്‌കരണ പ്ലാന്റ് ദുബായില്‍ നിര്‍മ്മിക്കുന്നു. 2,28,000 ചതുരശ്ര അടിയില്‍ രാജ്യാന്തര പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്ലാന്റ് നിര്‍മിക്കുക. എന്‍വയോസെര്‍വ് യുഎഇയും ദുബായ് ഹോള്‍സെയില്‍ സിറ്റിയും തമ്മില്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. ദുബായ് ഹോള്‍സെയില്‍ സിറ്റിയോട് അനുബന്ധിച്ചുള്ള വ്യവസായ കേന്ദ്രമാണു ദുബായ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്. ഈ വര്‍ഷാവസാനത്തോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 39,000 ടണ്‍ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ പുനഃസംസ്‌കരിക്കാനാകും. ദുബായ് ഹോള്‍സെയില്‍ സിറ്റി സിഇഒ: അബ്ദുല്ല ബെല്‍ഹോള്‍, എന്‍വയോസെര്‍വ് യുഎഇ ഗ്രൂപ്പ് സിഇഒ: സ്റ്റുവര്‍ട് ഫ്‌ലെമിങ് എന്നിവരാണു കരാറില്‍ ഒപ്പുവച്ചത്.
സ്വിസ് ഗവണ്‍മെന്റ് എക്‌സ്‌പോര്‍ട് ഫൈനാന്‍സ് ഏജന്‍സിയുടെ സഹായത്തോടെയാണു 12 കോടി ദിര്‍ഹത്തിന്റെ പദ്ധതി. ഈ രംഗത്തു നേരിട്ടുള്ള വിദേശനിക്ഷേപങ്ങളില്‍ വലിയ തുകയാണിത്. മധ്യപൂര്‍വദേശത്ത് ഇത്തരമൊരു നൂതന പ്ലാന്റ് ആദ്യമാണ്. ഇതര രാജ്യങ്ങളെ പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്താനും ഇതു സഹായകമാകും. വീടുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം പുറന്തള്ളുന്ന ഇലക്‌ട്രോണിക്-ഇലക്ട്രിക് മാലിന്യങ്ങള്‍ സുരക്ഷിതമായി പുനഃസംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് ആണിത്. എയര്‍കണ്ടീഷനറുകള്‍, ബാറ്ററികള്‍, ഐടി സാമഗ്രികള്‍, മൊബൈല്‍ ഫോണുകള്‍, ബള്‍ബുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ പരിസ്ഥിതിക്കു നാശമുണ്ടാക്കാതെ സംസ്‌കരിക്കാന്‍ കഴിയും. മണ്ണിനെയും വെള്ളത്തെയും അന്തരീക്ഷത്തെയും മാരകമായി ബാധിക്കുന്ന രാസമാലിന്യങ്ങള്‍ ഇവയിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ശാസ്ത്രീയമായി ഇവ സംസ്‌കരിക്കാന്‍ വിവിധ തലങ്ങളില്‍ ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിച്ച രാജ്യമാണ് യുഎഇ. ദുബായ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ കടന്നുവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പ്ലാന്റിനു പ്രസക്തിയേറുകയാണെന്ന് അബ്ദുല്ല ബെല്‍ഹോള്‍ പറഞ്ഞു. ഹരിതപദ്ധതികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നൂതനസംരംഭങ്ങള്‍ തുടങ്ങും. ജൈവ പദ്ധതികളില്‍ അധിഷ്ഠിതമായ വികസനത്തിന് ഇത്തരം സംരംഭങ്ങള്‍ അനിവാര്യമാണ്.
വന്‍ വെല്ലുവിളിയായ ഇലക്‌ട്രോണിക് മാലിന്യങ്ങളുടെ സംസ്‌കരണത്തില്‍ മേഖലയിലാകെ മാറ്റമുണ്ടാക്കാന്‍ ഈ സംരംഭത്തിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ചൂണ്ടിക്കാട്ടി. സാങ്കേതിക മികവില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പ്ലാന്റ് ആണ് യാഥാര്‍ഥ്യമാകുകയെന്നു സ്റ്റുവര്‍ട് ഫ്‌ലെമിങ് പറഞ്ഞു. ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. യുഎഇയും യുഎന്നും മുന്നോട്ടുവയ്ക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണു പ്ലാന്റ് നിര്‍മിക്കുന്നത്. ഐഎസ്ഒ 14001, ഒഎച്ച്എസ്എഎസ് 18001 നിലവാരം ഉറപ്പാക്കുന്നു. യുഎഇയിലെ ഒരു താമസക്കാരന്‍ പ്രതിവര്‍ഷം 17.2 കിലോ ഇ-വേസ്റ്റ് പുറംതള്ളുന്നതായാണു രാജ്യാന്തര റിപ്പോര്‍ട്ട്. 2020 ആകുമ്പോഴേക്കും ഗള്‍ഫ് മേഖലയിലെ ഇ-മാലിന്യം 9,00,000 ടണ്‍ ആകുമെന്നും ചൂണ്ടിക്കാട്ടി.
ഉപയോഗത്തിനുശേഷം വലിച്ചെറിയുന്ന ഇലക്‌ട്രോണിക് സാധനങ്ങള്‍ പരിസ്ഥിതിക്കു കനത്തനാശം വരുത്തുന്നതായാണു യുഎന്‍ മുന്നറിയിപ്പ്. ഭൂഗര്‍ഭജലത്തിനും കാര്‍ഷിക വിളകള്‍ക്കുമെല്ലാം ഇവ വന്‍ ഭീഷണിയാകുന്നു. മണ്ണ് മലിനമാകുന്നതിനു പുറമെ കാലങ്ങളോളം മാരകവിഷം ജീവജാലങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഉപയോഗശൂന്യമായ ഇലക്‌ട്രോണിക് സാധനങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നതു ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവെയുള്ള പ്രവണതയാണെന്നാണു റിപ്പോര്‍ട്ട്. ആര്‍സെനിക്, കാഡ്മിയം, രസം തുടങ്ങിയവയാണു മുഖ്യമായും ഭീഷണി സൃഷ്ടിക്കുന്നത്. രാസവസ്തുക്കള്‍ മണ്ണില്‍ കലര്‍ന്ന് അതിവേഗം ജലസ്രോതസ്സുകളിലെത്തുന്നു. ജലാശയങ്ങളും ഭൂഗര്‍ഭജല ശേഖരവും മലിനമാകുന്നു. ഇവ പച്ചക്കറിയിലൂടെയും മറ്റും മനുഷ്യശരീരത്തില്‍ എത്തുന്ന ഗുരുതര സ്ഥിതിവിശേഷവുമുണ്ട്. മാരകരോഗങ്ങളാണ് ഇത്തരം രാസമാലിന്യങ്ങള്‍ ജീവജാലങ്ങള്‍ക്കു സമ്മാനിക്കുക.
സാധാരണ മാലിന്യങ്ങളേക്കാള്‍ രാസമാലിന്യങ്ങള്‍ പത്തിരട്ടി മാരകമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൂടുകാലാവസ്ഥയില്‍ രാസഘടകങ്ങള്‍ വേഗം വിഘടിക്കുകയും കൂടുതല്‍ മാരകമാകുകയും ചെയ്യുന്നു. പലരാജ്യങ്ങളുടെയും വ്യവസായശാലകളില്‍നിന്നു പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ കടലിലെത്തുന്നതുമൂലം കടല്‍വിഭവങ്ങള്‍ മനുഷ്യരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി രാജ്യാന്തര റിപ്പോര്‍ട്ടുണ്ട്. മല്‍സ്യങ്ങളില്‍ മാരകവിഷം കണ്ടെത്തിയതായാണു റിപ്പോര്‍ട്ട്. രാസമാലിന്യങ്ങള്‍ ഏറ്റവും ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ഈ ഭീഷണി നേരിടാനുള്ള മുഖ്യപരിഹാരമെന്നു വിവിധ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ഇലക്‌ട്രോണിക് സാധനങ്ങളുടെ ഘടകങ്ങള്‍ വേര്‍തിരിച്ചു വീണ്ടും ഉപയോഗിക്കാവുന്നവ ശേഖരിക്കാനാകും. മൊബൈല്‍ ഫോണുകളാണ് ഏറ്റവും കൂടുതലായി ഉപേക്ഷിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha


























