"വൃക്ഷം" ദൈവമാകുന്നതിനു മുൻപ് തന്നെ അധികൃതരുടെ വക മുട്ടൻ പണി; സൗദിയിൽ തീര്‍ത്ഥാടന കേന്ദ്രങ്ങൾ നീക്കം ചെയ്തു കൊണ്ട് ഉത്തരവിറങ്ങി

സൗദി അറേബ്യയില്‍ ഒരു വൃക്ഷത്തെ അധികൃതര്‍ മുറിച്ചു മാറ്റി. ഇതിൽ അത്ഭുതപ്പെടാനായി ഒന്നും തന്നെയില്ല. എന്നാൽ എന്തുകൊണ്ട് മരം മുറിച്ചു കളഞ്ഞുവെന്നത് ഒരൽപം കൗതുകമുണർത്തുന്നതാണ്. എന്താണെന്നല്ലേ സംഭവം?...ഒരു കൂട്ടം തീർത്ഥാടകർ വൃക്ഷത്തെ ചുംബിക്കാനും വലം വയ്ക്കാനും തുടങ്ങിയതോടെയാണ് അധികൃതരുടെ ഈ തീരുമാനം നടപ്പിലായത്.
സൗദി അറേബ്യയിലെ തായിഫിൽ ബാനി സാദ് പഞ്ചായത്തിലെ വൃക്ഷമാണ് 'ദൈവ' മാകാനുള്ള ശ്രമത്തിനിടെ അധികൃതരുടെ വെട്ടേറ്റ് നിലം പതിച്ചത്. മരത്തിനരികില്‍ അനുഗ്രഹം തേടിയെത്തിയവരുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സൗദി സര്‍ക്കാര്‍ നടപടി കൈക്കൊണ്ടത്.
ഈ വൃക്ഷത്തോടൊപ്പം മറ്റു നാല് 'തീര്‍ത്ഥാടന കേന്ദ്രങ്ങളും' സൗദി സര്‍ക്കാര്‍ നീക്കം ചെയ്തിട്ടുണ്ട്. മൂന്ന് മുറിയുള്ള ഒരു നിര്‍മ്മിതിയും തുറസ്സായ ഒരു സ്ഥലവുമുള്‍പ്പെടെ തീര്‍ത്ഥാടകര്‍ അനുഗ്രഹം തേടിയിരുന്ന സ്ഥലങ്ങള്‍ നീക്കം ചെയ്തവയില്‍ പെടുന്നു. കേരളത്തില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ ഇവിടം സന്ദര്‍ശിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ ഉംറ സംഘത്തെപ്പറ്റി അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്.
അനുഗ്രഹം ലഭിക്കുമെന്ന വിശ്വാസത്തില്‍ തീര്‍ത്ഥാടകര്‍ ഇവിടെ നിന്ന് കല്ലും മണ്ണുമൊക്കെ ശേഖരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ മുറിച്ചു മാറ്റാന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും അമീര്‍ ഖാലിദ് അല്‍ ഫൈസൽ ഉത്തരവിറാക്കിയത്.
https://www.facebook.com/Malayalivartha

























