ബോനസീര് വധക്കേസില്‍ മുഷറഫിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തത്. എന്നാല്‍ മുഷാറഫിനെ നേരില്‍ ഹാജരാക്കണമെന്നുള്ള നിര്‍ദേശം പാലിക്കപ്പെട്ടില്ല. സുരക്ഷാ കാരണങ്ങളാല്‍ ഇതു സാധിക്കില്ലെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. അതേസമയം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തെങ്കിലും ഇസ്ലാമാബാദിലെ ഫാം ഹൗസില്‍ മുഷാറഫിന് തുടര്‍ന്നും കഴിയാം. ഫാം ഹൗസ് താല്‍ക്കാലിക സബ് ജയിലായി കോടതി പ്രഖ്യാപിച്ചിരുന്നു. പാക് താലിബാനില്‍നിന്ന് വധഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഫാം ഹൗസ് സബ് ജയിലായി കോടതി പ്രഖ്യാപിച്ചത്.
പാക്കിസ്ഥാനില്‍ നടക്കുന്ന പൊതു തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് കുറച്ചു വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിച്ചിരുന്ന മുഷറഫ് രാജ്യത്ത് തിരിച്ചെത്തിയത്. ബേനസീര്‍ വധം കൂടാതെ 2007 ല്‍ പ്രസിഡന്റായിരിക്കെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അറുപതോളം ജഡ്ജിമാരെ ജയിലിലാക്കി എന്ന കേസിലും മുഷറഫ് പ്രതിയാണ്.
https://www.facebook.com/Malayalivartha