ചരിത്രം കുറിച്ച് നാസ; വനിതകള്‍ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം ഇന്ന്... ചരിത്ര നടത്തത്തിനിറങ്ങുന്നത് ക്രിസ്റ്റീന കോച്ചും ജസീക്ക മേയറും

വനിതകള്‍ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം ഇന്ന്. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജസീക്ക മേയറുമാണ് ചരിത്ര നടത്തത്തിനിറങ്ങുന്നത്. വിവിധ കാരണങ്ങളാല്‍ പലവട്ടം മാറ്റിവച്ച യാത്രയാണ് നാസ ഇന്ന് യാഥാര്‍ഥ്യമാക്കുന്നത്.ഇതുവരെ 15 വനിതകളാണ് ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍ അപ്പോഴെല്ലാം ഒരു പുരുഷബഹിരാകാശ ഗവേഷകനും ഒപ്പമുണ്ടാകും. സ്ത്രീകളുടെ നിയന്ത്രണത്തില്‍ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന യാത്ര ഇതാദ്യം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പവര്‍ കണ്‍ട്രോളര്‍ മാറ്റിസ്ഥാപിക്കലാണ് ഇവരുടെ ദൗത്യം. വനിതകള്‍ക്ക് മാത്രമായുള്ള ബഹിരാകാശ വസ്ത്രം ഇല്ലാത്തതിനാലും മറ്റ് കാരണങ്ങളാലും പലവട്ടം മാറ്റിവച്ച നടത്തമാണിത്. ക്രിസ്റ്റീന കോച്ച് ഇത് നാലാംവട്ടമാണ് ബഹിരാകാശത്ത് നടക്കുന്നത്, ജസീക്ക മേയര്‍ ആദ്യവും. അഞ്ച് മണിക്കൂറോളം ഇവര്‍ ബഹിരാകാശ നിലയത്തിന് പുറത്ത് ചെലവഴിക്കും. ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് എന്നാണ് നാസ ഈ യാത്രയെ വിശേഷിപ്പിച്ചത്. 1984ല്‍ റഷ്യയുടെ വെറ്റ്‌ലാന സവിത്‌സ്കയ ആണ് ബഹിരാകാശത്ത് നടന്ന ആദ്യ വനിത. അതേവര്‍ഷം തന്നെ കാതെ സുല്ലീവന്‍ എന്ന അമേരിക്കന്‍ വനിതയും ബഹിരാകാശസഞ്ചാരം നടത്തി ചരിത്രത്തിന്റെ ഭാഗമായി.
പൂര്‍ണമായും സ്ത്രീകള്‍ നടത്തുന്ന ആദ്യത്തെ ബഹിരാകാശ നടത്തം ചില സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് നേരത്തെ മാറ്റിവച്ചിരുന്നു. രണ്ടു പേര്‍ക്ക് വേണ്ട സ്പെയ്സ് സ്യൂട്ടുകള്‍ ലഭ്യമല്ലാത്തതിനാലാണ് മാര്‍ച്ചിലെ സ്ത്രീകളുടെ ബഹിരാകാശ നടത്തം റദ്ദാക്കിയത്. ഇതിനു ശേഷം ഏഴ് മാസത്തിന് ശേഷമാണ് പുതിയ ദൗത്യവുമായി നാസ രംഗത്തെത്തിയിരിക്കുന്നത്. മാര്‍ച്ചിലെ ബഹിരാകാശ നടത്തത്തില്‍ ഒരു സ്ത്രീയാണ് പങ്കെടുത്തത്. സഹ ബഹിരാകാശയാത്രികനായ നിക്ക് ഹേഗിനൊപ്പമാണ് കോച്ച് ആറ് മണിക്കൂര്‍ ദൗത്യം നടത്തിയത്. നടത്തത്തിനായി തയാറെടുത്ത ഗവേഷകര്‍ക്ക് പാകമായ ബഹികാശ വസ്ത്രം ബഹിരാകാശ നിലയത്തില്‍ ഇല്ലായിരുന്നു. ഇതോടെ അവസാന നിമിഷം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.അന്ന് മീഡിയം വലുപ്പത്തിലുള്ള സ്പേസ് സ്യൂട്ടാണ് ആന്‍ മക്ലൈനിനും ക്രിസ്റ്റീന കോച്ചിനും വേണ്ടിയിരുന്നത്. ബഹിരാകാശ നിലയത്തിലെ വസ്ത്രങ്ങള്‍ ഓരോ യാത്രികന്‍റെയും ശാരീരിക സവിശേഷതകള്‍ക്കനുസരിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. അങ്ങേയറ്റം അപകടകരവും സാഹസികത നിറഞ്ഞതുമാണ് ബഹിരാകാശ നടത്തം.
https://www.facebook.com/Malayalivartha