ബസ് പാസ്സ് ഉപയോഗിച്ച് സ്‌പെയിനില്‍ നിന്നും ബ്രിട്ടനിലേയ്ക്ക് ഒരു വിമാനയാത്ര

യുകെയിലെ ലിവര്‍പൂളിലെ ജോണ്‍ വില്യംസ് എന്ന അറുപത്തഞ്ചുകാരന്‍ ഒരു റിട്ടയേര്‍ഡ് അധ്യാപകനാണ്. അടുത്തിടെ കുടുംബവുമൊത്ത് സ്‌പെയിനിലേക്ക് ഒരു ഒഴിവുകാല യാത്രയ്ക്കു പുറപ്പെട്ടു. എന്നാല്‍ കൗതുകമുണര്‍ത്തുന്ന ഒരു അനുഭവം അവിടെ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് ജോണ്‍ വില്യംസ് എങ്ങനെ അറിയാനാണ്?
തന്റെ പങ്കാളിയോടും, രണ്ടു മക്കളോടും ഒപ്പം സ്‌പെയിനില്‍ അടിച്ചു പൊളിച്ചതിനുശേഷം തിരികെ പോരാന്‍ സാധനങ്ങള്‍ അടുക്കി വയ്ക്കുമ്പോഴാണ് തന്റെ പാസ്‌പോര്‍ട്ട് നഷ്ടമായിരിക്കുന്നു എന്ന വിവരം അദ്ദേഹം മനസിലാക്കുന്നത്. വിവരം പോലീസില്‍ അറിയിച്ചിട്ട്, കുടുംബവുമൊത്ത് എന്തായാലും എയര്‍പോര്‍ട്ടിലെത്തി.
വിമാനത്താവളത്തിലെ ചെക്ക് ഇന്‍ ഡസ്‌കിലെ സ്റ്റാഫിനോട് വിവരം പറഞ്ഞപ്പോള്‍ താല്‍ക്കാലിക പാസ്‌പോര്‍ട്ടിനായി ബ്രട്ടീഷ് കോണ്‍സുലേറ്റിനെ സമീപിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. എന്നാല്‍ മറ്റെന്തെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കാനാവുമെങ്കില്‍ യാത്രാനുമതി നല്‍കാം എന്ന് അവരറിയിച്ചു.
സ്‌പെയിനിലെ ലാന്‍സറോറ്റെ വിമാനത്താവളത്തില്‍ നിന്നു കൊണ്ട് ജോണ്‍ വില്യംസ്, ബ്രിട്ടനിലെ ലിവര്‍പൂളിലുള്ള തന്റെ അനന്തരവള്‍ക്കു ഫോണ്‍ചെയ്തു. തന്റെ ബസ് പാസ്സിന്റെ ഒരു ഫോട്ടോകോപ്പി ഇ-മെയില്‍ ചെയ്തു തരാന്‍ ആവശ്യപ്പെട്ടു. കൗണ്ടറിലെ സ്റ്റാഫ് തന്റെ സൂപ്പര്‍വൈസറോട് ഫോണ്‍ചെയ്തു ചോദിച്ചതിനുശേഷം അത് തിരിച്ചറിയല്‍ രേഖയായി അംഗീകരിച്ച് യാത്രയ്ക്ക് അനുവാദം നല്‍കി.
ലിവര്‍പൂളില്‍ ഇറങ്ങിയപ്പോള്‍ അവിടത്തെ അധികൃതര്‍ക്കാക്കാകെ ആശയക്കുഴപ്പമായി. വെറും ഒരു ബസ് പാസ് ഉപയോഗിച്ച് എങ്ങനെ ആ രാജ്യം വിട്ടു വരാന്‍ അനുമതി നല്‍കപ്പെട്ടുവെന്നെല്ലാം ചോദിച്ചെങ്കിലും അവരും ചിരിക്കുകയായിരുന്നത്രേ. വില്യംസിനോട് ഒരു ഫോം പൂരിപ്പിച്ചു നല്‍കാനാവശ്യപ്പെടുകയും, അയാളുടെ പാസ്‌പോര്‍ട്ട് ബ്ലോക്ക് ചെയ്യപ്പെടുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിക്കുകയും ചെയ്തു.
യാത്രയ്ക്കിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയാണെങ്കില്‍ ഫോട്ടോ പതിച്ച മറ്റു ചില തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ചാല്‍ യാത്രാനുമതി നല്‍കാന്‍ വ്യവസ്ഥയുണ്ടെന്ന് വില്യംസ് യാത്ര ചെയ്ത റ്യാന്‍എയറിന്റെ വക്താക്കള്‍ അറിയിച്ചെങ്കിലും, അങ്ങനെ ഉപയോഗിയ്ക്കാവുന്ന തിരിച്ചറിയല്‍ രേഖകളില്‍ ബസ് പാസ് ഉള്‍പ്പെടുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ചട്ടങ്ങള്‍ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്നും ആളുകള്‍ക്ക് ഉപകാരപ്രദമാകേണ്ടതിന് അവയില്‍ ഇളവു വരുത്തുന്നതു തന്നെയാണ് ശരിയായ നയമെന്നാണ് താന്‍ കരുതുന്നതെന്ന് വില്യംസ് പറയുമ്പോള്‍ നമ്മളും സമ്മതിച്ചു പോകും.
എങ്കിലും ബസ് പാസ്സിന്റെ ഒറിജിനലല്ലാതെ, വെറുമൊരു ഫോട്ടോകോപ്പി മാത്രം കാണിച്ചാല്‍ ബസ്സ് യാത്ര പോലും തനിക്ക് സാധിക്കില്ലെന്നിരിക്കെ, വിമാനയാത്ര തരപ്പെട്ടതിലെ സന്തോഷം ചെറുതൊന്നുമല്ലെന്ന് പറഞ്ഞ് വില്യംസ് ചിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























