ഉന്നത തസ്തികകളിൽ ഇനി സൗദികൾ മതി.... വിദേശികൾക്ക് വീണ്ടും തിരിച്ചടിയുമായി സൗദി

ഉന്നത പദവികളിൽ ഇനി സ്വദേശി പൗരന്മാർ ജോലി ചെയ്താൽ മതിയെന്ന് സൗദി ശൂറാ കൗൺസിലിന്‍റെ തീരുമാനം. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികകളിലെ സ്വദേശിവത്കരണം 75 ശതമാനമായി ഉയര്‍ത്താനുള്ള കരട് നിർദേശത്തിനാണ് ഇന്നലെ സൗദി ശൂറാ കൗണ്‍സിൽ അംഗീകാരം നൽകിയത്. തൊഴിലില്ലായ്മ നിരക്ക് കുറക്കുകയാണ് ലക്ഷ്യം. ശൂറാ കൗണ്‍സിലിലെ സാമൂഹിക - കുടുംബ - യുവജന കാര്യങ്ങൾക്കുള്ള സമിതിയാണ് കരട് നിർദേശം മുന്നോട്ടുവെച്ചത്. സ്ഥാപനത്തിലെ ഉന്നത പദവികളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 75 ശതമാനത്തില്‍ കുറയാന്‍ പാടില്ല. യോഗ്യരായ സ്വദേശികളെ ലഭിക്കാതെ വന്നാല്‍ മാത്രം ഉന്നത പദവികളിൽ താല്‍ക്കാലികമായി വിദേശിയെ നിയമിക്കാന്‍ അനുവാദമുണ്ടാകും.
സൗദി അറേബ്യയിലെ തൊഴിൽരംഗത്ത് കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു . ഉന്നത, സ്പെഷ്യലിസ്റ്റ് തസ്തികകളാണ് സൗദിവത്കരിക്കുന്നത്. വിവിധ മേഖലകൾ സ്വദേശിവത്കരിക്കുന്ന നടപടി ഊർജിതമാക്കുമെന്ന് സൗദി തൊഴിൽ, സാമൂഹികവികസന മന്ത്രി എൻജിനിയർ അഹ്മദ് അൽ റാജ്ഹി പറഞ്ഞു. ഉയർന്ന യോഗ്യതയുള്ള സൗദി യുവതീയുവാക്കൾക്ക് കൂടുതൽ തൊഴിവലസരങ്ങൾ ലഭ്യമാക്കുന്നതിനായി മന്ത്രാലയം ശ്രമിച്ചുവരുന്നതായി മന്ത്രി അറിയിച്ചു. സൗദി യുവതയ്ക്ക് അനുയോജ്യമായ തൊഴിലുകൾ സൗദിവത്ക്കരിക്കുന്നതിന് മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. ഇത് സംബന്ധിച്ച പദ്ധതിയെക്കുറിച്ച് താമസിയാതെ അറിയിക്കും.
സൗദിയില്‍ സ്വദേശിവല്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ പദ്ധതി ആരംഭിച്ചു. സ്ഥാപനങ്ങള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ള പിഴകള്‍ക്ക് പകരം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതാണ് പുതിയ പദ്ധതി. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.സ്വദേശിവല്‍ക്കരണത്തിനായി തൊഴില്‍ മന്ത്രാലയം ഇത് വരെ നടപ്പാക്കിയിതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പുതിയ പദ്ധതി. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള പിഴകള്‍ പരിഹരിക്കപ്പെടുന്നതാണ് പുതിയ രീതി. വിവിധ കാരണങ്ങളാല്‍ പിഴ ചുമത്തപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് പിഴയൊടുക്കാതെ പരിഹാരം കാണാനാകുമെന്നതിനാല്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ സ്ഥാപനമുടമകള്‍ തയ്യാറായേക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
എന്നാല്‍ പദ്ധതിയുടെ ആനുകൂല്ല്യം ലഭിക്കുവാന്‍ ഉപാധികളുണ്ട്. സ്ഥാപനം ഗ്രീന്‍ കാറ്റഗറിയോ അതിന് മുകളിലോ ആയിരിക്കുക, വേതന സംരക്ഷണ പദ്ധതി നടപ്പിലാക്കി വരുന്ന സ്ഥാപനമായിരിക്കുക, പിഴകള്‍ക്കെതിരെ പരാതികള്‍ നല്‍കാത്ത സ്ഥാപനമായിരിക്കുക, പിഴകള്‍ പരിഹരിക്കാനായി അപേക്ഷ സമര്‍പ്പിച്ച ശേഷമുള്ള സ്ഥാപനത്തിലെ സ്വദേശികളുടെ എണ്ണം മുമ്പത്തേതിനേക്കാള്‍ കുറവാകാതിരിക്കുക തുടങ്ങിയവയാണ് ഉപാധികള്‍. നിയമിക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും അനുയോജ്യമായ ശമ്പളത്തോട് കൂടി ജോലി നല്‍കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
സ്വദേശി യുവതീയുവാക്കൾ ഉയർന്ന കഴിവും ശേഷിയുമുള്ളവരാണ്. സ്വദേശിവത്കരണത്തിന് തടസ്സമുണ്ടാക്കുന്ന നിയമലംഘനങ്ങൾ അനുവദിക്കില്ല. സൗദിയിലെ പ്രമുഖ ആശുപത്രിയിലെ ഉന്നത തസ്തികകളിൽ നിയമിക്കുന്നതിന് ജോർദാനികളെ തേടുന്നതായ പരസ്യം ജോർദാൻ തൊഴിൽ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രി പ്രസ്താവനയുമായി രംഗത്തുവന്നത്.
https://www.facebook.com/Malayalivartha


























